ഐപിഎല്‍ പതിനാറാം പതിപ്പിലെ അതിനിര്‍ണായക മത്സരങ്ങള്‍ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും ഇന്ന് ഇറങ്ങുന്നത്. 15 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ രണ്ട്, മൂന്ന് സ്ഥാനങ്ങളിലാണ് ഈ ടീമുകള്‍. ഇന്ന് ജയിക്കാനായല്‍ ചെന്നൈക്കും ലഖ്‌നൗവിനും ഗുജറാത്ത് ടൈറ്റന്‍സിന് പിന്നാലെ തന്നെ പ്ലേഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കും.
ജയിച്ചാല്‍ പ്ലേഓഫ് ഉറപ്പ്: അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നേരിടുന്നത്. പ്ലേഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായ ഡല്‍ഹിയുടെ സീസണിലെ അവസാന മത്സരമാണിത്. ഇന്ന് ഡേവിഡ് വാര്‍ണറിനെയും സംഘത്തെയും തോല്‍പ്പിച്ചാല്‍ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായി തന്നെ ധോണിക്കും സംഘത്തിനും പ്ലേഓഫില്‍ ഇടം പിടിക്കാം.
നിലവിലെ സാഹചര്യത്തില്‍ നെറ്റ്‌റണ്‍റേറ്റ് ചെന്നൈ സൂപ്പര്‍ കിങ്സിന് അനുകൂലമാണ്. 0.381 റണ്‍റേറ്റാണ് ചെന്നൈക്കുള്ളത്. അതേസമയം, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വമ്പന്‍ മാര്‍ജിനില്‍ തകര്‍ത്താലെ 0.304 നെറ്റ്റണ്‍റേറ്റുള്ള ലഖ്‌നൗവിന് ചെന്നൈയെ മറികടക്കാനാകൂ.
ഈഡന്‍ ഗാര്‍ഡന്‍സിലാണ് ലഖ്‌നൗ-കൊല്‍ക്കത്ത മത്സരം. കൊല്‍ക്കത്തയ്‌ക്കെതിരായ ജയം ലഖ്‌നൗവിനും പ്ലേഓഫില്‍ ഒരിടം ഉറപ്പാക്കും. അതുകൊണ്ട് തന്നെ ജയത്തോടെ മൂന്നാം സ്ഥാനക്കാരായെങ്കിലും മുന്നേറാനായിരിക്കും കൃണാല്‍ പാണ്ഡ്യയുടെയും സംഘത്തിന്‍റെയും ശ്രമം.
ചെന്നൈയും ലഖ്‌നൗവും തോറ്റാല്‍: ഡല്‍ഹിയും കൊല്‍ക്കത്തയും ചെന്നൈയേയും ലഖ്‌നൗവിനേയും അട്ടിമറിച്ചാല്‍ നാളത്തെ മത്സരങ്ങളുടെ ഫലങ്ങളെ ആശ്രയിച്ചാകും പിന്നീടുള്ള അവരുടെ യാത്ര. ഇന്ന് ലഖ്‌നൗ ചെന്നൈ ടീമുകള്‍ പരാജയപ്പെടുകയും നാളെ മുംബൈ ബാംഗ്ലൂര്‍ ടീമുകള്‍ ജയിക്കുകയും ചെയ്‌താല്‍ അവര്‍ക്ക് 16 പോയിന്‍റാകും. ഇങ്ങനെ വന്നാല്‍ ഗുജറാത്തിനൊപ്പം മുംബൈ ബാംഗ്ലൂര്‍ ടീമുകളും ചെന്നൈ ലഖ്‌നൗ എന്നിവയില്‍ നെറ്റ്‌റണ്‍റേറ്റില്‍ മുന്നിലുള്ള ഒരു ടീമും പ്ലേഓഫില്‍ ഇടം പിടിക്കും.
Also Read : IPL 2023| 'ജയിച്ചാല്‍ പ്ലേഓഫ്, തോറ്റാല്‍ കണക്ക്കൂട്ടി കാത്തിരിക്കണം'; ഇന്ന് 'തലയും പിള്ളേരും' ഡല്‍ഹിക്കെതിരെ
മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകളില്‍ ഒരു ടീം നാളെ തോറ്റാലും ചെന്നൈക്കും ലഖ്‌നൗവിനും പ്ലേഓഫ് ഉറപ്പിക്കാം. ഇങ്ങനെ വന്നാല്‍ ഗുജറാത്ത്, ചെന്നൈ, ലഖ്‌നൗ, മുംബൈ/ബാംഗ്ലൂര്‍ എന്നിവരാകും അവസാന നാലില്‍.
പ്രതീക്ഷയോടെ മുംബൈയും ബാംഗ്ലൂരും ഒപ്പം രാജസ്ഥാനും: ഐപിഎല്‍ പതിനാറാം പതിപ്പില്‍ ലീഗ് ഘട്ടത്തിലെ അവസാന ദിവസമായ നാളെ മുംബൈക്കും ബാംഗ്ലൂരിനും നിര്‍ണായകമാണ്. സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ മുംബൈ ഹൈദരാബാദിനെയും ബാംഗ്ലൂര്‍ ഗുജറാത്തിനെയുമാണ് നേരിടുന്നത്. ഇന്നത്തെ മത്സരഫലങ്ങള്‍ ഇക്കൂട്ടര്‍ക്കും നിര്‍ണായകമാണ്.
നാളത്തെ മത്സരങ്ങളില്‍ മുംബൈ, ബാംഗ്ലൂര്‍ ടീമുകള്‍ പരാജയപ്പെടുകയാണെങ്കില്‍ നെറ്റ്‌റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ 14 പോയിന്‍റോടെ ഇവരില്‍ ഒരു ടീം പ്ലേഓഫിലേക്ക് കടക്കാനാണ് സാധ്യത. രണ്ട് ടീമും ജയിച്ചാലും നെറ്റ് റണ്‍റേറ്റായിരിക്കും ഇവരുടെ ഭാവി നിര്‍ണയിക്കുക.
അതേസമയം, ഇന്നലെ പഞ്ചാബിനെ വീഴ്‌ത്തിയതോടെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്താന്‍ രാജസ്ഥാന്‍ റോയല്‍സിനായിട്ടുണ്ട്. നാളെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കുകയും, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗുജറാത്തിനോട് വമ്പന്‍ തോല്‍വി വഴങ്ങുകയും ചെയ്‌താല്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേഓഫ് കളിക്കാന്‍ സാധിക്കും.