അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണ്‍ ഗുജറാത്തിനെ ബാറ്റുചെയ്യാന്‍ അയയ്‌ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് രാജസ്ഥാന്‍ കളിക്കുന്നത്.
സ്റ്റാര്‍ പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട് പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയതായി ക്യാപ്റ്റന്‍ സഞ്‌ജു സാംസണ്‍ അറിയിച്ചു. ജേസൺ ഹോൾഡർക്കാണ് ടീമില്‍ സ്ഥാനം നഷ്‌ടമായത്. മലയാളി താരം ദേവദത്ത് പടിക്കലിന് പകരം റിയാന്‍ പരാഗും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തി. മറുവശത്ത് കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റവുമായി ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നതെന്ന് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ വ്യക്തമാക്കി. വിജയ് ശങ്കര്‍ പുറത്തായപ്പോള്‍ അഭിനവ് മനോഹറാണ് പ്ലേയിങ് ഇലവനിലെത്തിയത്.
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): ജോസ് ബട്‌ലർ, യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, ധ്രുവ് ജുറെൽ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, ആദം സാംപ, സന്ദീപ് ശർമ, യുസ്‌വേന്ദ്ര ചാഹൽ.
ഗുജറാത്ത് ടൈറ്റൻസ് (പ്ലേയിങ് ഇലവൻ): വൃദ്ധിമാൻ സാഹ(വിക്കറ്റ് കീപ്പര്‍), ശുഭ്‌മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ തിവാട്ടിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശർമ.
നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിന്‍റെ തട്ടകമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സീസണില്‍ തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും ഇറങ്ങുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് വീതം വിജയം നേടിയ ഇരു ടീമുകള്‍ക്കും ആറ് പോയിന്‍റ് വീതമാണുള്ളത്.
എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ രാജസ്ഥാനാണ് പോയിന്‍റ് പട്ടികയില്‍ തലപ്പത്തുള്ളത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഗുജറാത്തുള്ളത്. ഇതോടെ പോയിന്‍റ് ടേബിളില്‍ മികച്ച മുന്നേറ്റം ഉറപ്പിക്കാനാവും രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഇന്ന് കളത്തിലിറങ്ങുക.
കഴിഞ്ഞ വര്‍ഷത്തെ ഫൈനലിന് ശേഷം ഇരു ടീമുകളും പരസ്‌പരം കൊമ്പുകോര്‍ക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കഴിഞ്ഞ തവണത്തെ ഫൈനലടക്കം ഐപിഎല്‍ നേരത്തെ മൂന്ന് തവണയാണ് ഗുജറാത്തും രാജസ്ഥാനും പരസ്‌പരം തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ മൂന്ന് തവണയും വിജയം നേടാന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും സംഘത്തിനും കഴിഞ്ഞിരുന്നു. ഇന്ന് ഈ കണക്ക് കൂടെ തീര്‍ക്കാനാവും സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ ലക്ഷ്യം വയ്‌ക്കുകയെന്നുറപ്പ്.
ലൈവായി കാണാന്‍: ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് vs ഗുജറാത്ത് ടൈറ്റന്‍സ് മത്സരം ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകളിലൂടെയാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവയിലൂടെയും ഗുജറാത്ത്-രാജസ്ഥാന്‍ പോരാട്ടം ലൈവായി കാണാം.
ALSO READ: IPL 2023 | ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം; സച്ചിനൊപ്പം അപൂര്‍വ റെക്കോഡുമായി അര്‍ജുന്‍