ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 173 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. വെടിക്കെട്ട് അര്‍ധ സെഞ്ചുറി നേടിയ അക്‌സര്‍ പട്ടേലാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
25 പന്തില്‍ നാല് ഫോറുകളും അഞ്ച് സിക്‌സും സഹിതം 54 റണ്‍സാണ് താരം നേടിയത്. 47 പന്തില്‍ 51 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും നിര്‍ണായകമായി. മുംബൈക്കായി പീയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഭേദപ്പെട്ട തുടക്കമായിരുന്നു ഡല്‍ഹിക്ക് ലഭിച്ചത്.
പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 51 റണ്‍സാണ് സംഘത്തിന് നേടാന്‍ കഴിഞ്ഞത്. 10 പന്തില്‍ 15 റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റായിരുന്നു സംഘത്തിന് ആദ്യം നഷ്‌ടമായത്. ഹൃഥ്വിക് ഷൊക്കീന്‍ എറിഞ്ഞ നാലാം ഓവറിന്‍റെ നാലാം പന്തില്‍ സ്‌ക്വയര്‍ ലെഗില്‍ കാമറൂണ്‍ ഗ്രീന്‍ പിടികൂടിയായിരുന്നു താരത്തിന്‍റ മടക്കം.
ഈ സമയം 33 റണ്‍സായിരുന്നു ഡല്‍ഹി ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ മനീഷ് പാണ്ഡെ ആക്രമണ ശൈലിയില്‍ ബാറ്റ് വീശിയെങ്കിയും ഏറെ പഴി കേള്‍ക്കുന്ന മെല്ലപ്പോക്ക് നയമായിരുന്നു ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണറുടേത്. സ്‌കോര്‍ 76ല്‍ നില്‍ക്കെ ഒമ്പതാം ഓവറിന്‍റെ മൂന്നാം പന്തിലാണ് വാര്‍ണര്‍-പാണ്ഡെ കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തില്‍ 26 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ പുറത്താക്കി പീയുഷ് ചൗളയാണ് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.
തുടര്‍ന്നെത്തിയ യാഷ് ധുള്‍ (4 പന്തില്‍ 2), റോവ്‌മാന്‍ പവല്‍ (4 പന്തില്‍ 4), ലളിത് യാദവ് (4 പന്തില്‍ 2) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാതിരുന്നതോടെ ഡല്‍ഹി 12.3 ഓവറില്‍ അഞ്ചിന് 98 റണ്‍സ് എന്ന നിലയിലേക്ക് തകര്‍ന്നു. എന്നാല്‍ ഏഴാമനായി അക്‌സര്‍ പട്ടേല്‍ ക്രീസിലെത്തിയതോടെ കളിമാറി. തുടക്കം ചില പന്തുകള്‍ പ്രതിരോധിച്ച താരം തുടര്‍ന്ന് കത്തിക്കയറിയതോടെ ഡല്‍ഹിക്ക് ജീവന്‍ വച്ചു. 22 പന്തുകളിലാണ് താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഒടുവില്‍ 19-ാം ഓവറിന്‍റെ ആദ്യ പന്തില്‍ അക്‌സറിനെ പുറത്താക്കിയ ജേസൺ ബെഹ്‌റൻഡോർഫാണ് മുംബൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. ആറാം വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷമായിരുന്നു അക്‌സറിന്‍റെ മടക്കം. രണ്ട് പന്തുകള്‍ക്കപ്പുറം വാര്‍ണറെയും ബെഹ്‌റൻഡോർഫ് തിരിച്ച് കയറ്റി.
തുടര്‍ന്നെത്തിയ അഭിഷേക് പോറെൽ (3 പന്തില്‍ 1), കുൽദീപ് യാദവ് (1 പന്തില്‍ 0), ആൻറിച്ച് നോർട്ട്ജെ (3 പന്തില്‍ 5) എന്നിവര്‍ വേഗം മടങ്ങിയതോടെ ഡല്‍ഹി ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. മുസ്‌തഫിസുർ റഹ്മാൻ (1 പന്തില്‍ 1) പുറത്താവാതെ നിന്നു. മുംബൈക്കായി പീയുഷ് ചൗള നാല് ഓവറില്‍ 22 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ. മൂന്ന് ഓവറില്‍ 23 റണ്‍സ് വഴങ്ങിയാണ് ജേസൺ ബെഹ്‌റൻഡോർഫ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. റിലേ മെറിഡിത്ത് രണ്ടും ഹൃത്വിക് ഷോക്കീന്‍ ഒരോ വിക്കറ്റ് വീതവും നേടി.
ഡൽഹി ക്യാപിറ്റൽസ് (പ്ലേയിങ് ഇലവൻ): പൃഥ്വി ഷാ, ഡേവിഡ് വാർണർ (ക്യാപ്റ്റന്‍), മനീഷ് പാണ്ഡെ, യാഷ് ദുൽ, റോവ്മാൻ പവൽ, ലളിത് യാദവ്, അക്സർ പട്ടേൽ, അഭിഷേക് പോറെൽ (വിക്കറ്റ് കീപ്പര്‍), കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, മുസ്തഫിസുർ റഹ്മാൻ.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (ക്യാപ്റ്റന്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, നെഹാൽ വധേര, ഹൃത്വിക് ഷോക്കീൻ, അർഷാദ് ഖാൻ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, റിലേ മെറിഡിത്ത്.