ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അക്കൗണ്ട് തുറക്കാന്‍ കഴിയാതെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ മത്സരത്തില്‍ രണ്ട് പന്തുകള്‍ മാത്രമായിരുന്നു സഞ്‌ജുവിന് ആയുസ്. പതിവില്‍ നിന്നും വ്യത്യസ്‌തമായി മൂന്നാം നമ്പറിന് പകരം നാലാം നമ്പറിലായിരുന്നു സഞ്‌ജു ഇന്ന് കളിക്കാന്‍ എത്തിയത്.
മറ്റൊരു മലയാളി താരമായ ദേവദത്ത് പടിക്കലിനായിരുന്നു സഞ്‌ജു തന്‍റെ മൂന്നാം സ്ഥാനം വിട്ടുനല്‍കിയത്. ഓപ്പണിങ് ബാറ്ററായ ദേവദത്ത് മധ്യനിരയിലായിരുന്നു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കളിച്ചത്. എന്നാല്‍ നിരാശജനകമായ പ്രകടനമായിരുന്നു താരത്തില്‍ നിന്നുണ്ടായത്.
ഇതോടെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ദേവദത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. ഇന്ന് റിയാന്‍ പരാഗിന് പകരക്കാരനായാണ് താരത്തെ വീണ്ടും പ്ലേയിങ് ഇലവനില്‍ എത്തിച്ചത്. സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ദേവദത്ത് പവർ പ്ലേയിൽ മികവ് കാട്ടിയെങ്കിലും ഏറെ നേരം പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. 26 പന്തിൽ അഞ്ച് ഫോറുകള്‍ സഹിതം 38 റൺസ് നേടിയാണ് താരം മടങ്ങിയത്.
നാലാം നമ്പറിലെത്തിയ സഞ്‌ജുവിന്‍റെ കുറ്റി തെറിപ്പിച്ച് രവീന്ദ്ര ജഡേജയാണ് തിരിച്ച് കയറ്റിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ നാല് പന്തുകളായിരുന്നു താരത്തിന്‍റെ ആയുസ്. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയോടെ തുടങ്ങിയ സഞ്‌ജു പഞ്ചാബിനെതിരായ രണ്ടാം മത്സരത്തില്‍ മിന്നുന്ന പ്രകടനത്തോടെ രാജസ്ഥാന്‍റെ ടോപ് സ്‌കോററായിരുന്നു.
ചെന്നൈക്കെതിരായ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെ ഐപിഎല്ലിലെ ഒരു മോശം റെക്കോഡും സഞ്‌ജുവിന്‍റെ തലയിലായി. ഏറ്റവും കൂടുതല്‍ തവണ ഡക്കായി പുറത്തായ രാജസ്ഥാന്‍ താരമെന്ന മോശം റെക്കോഡാണ് സഞ്‌ജുവിന്‍റെ പേരിലായത്. ഇതുവരെ 142 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള സഞ്‌ജു സാംസണ്‍ 10 തവണയാണ് പൂജ്യത്തിന് പുറത്തായത്. ഇതില്‍ എട്ട് തവണയും രാജസ്ഥാൻ കുപ്പായത്തിലാണ് താരം സംപൂജ്യനായി മടങ്ങിയത്.
ഇതേവരെ ഏഴ് തവണ വീതം ഡക്കായിട്ടുള്ള ഷെയ്‌ന്‍ വോണ്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ക്കൊപ്പം ഈ റെക്കോഡ് പങ്കിടുകയായിരുന്നു സഞ്‌ജു. രാജസ്ഥാനായി കളിക്കുമ്പോള്‍ അജിങ്ക്യ രഹാനെ അഞ്ച് തവണയും ശ്രേയസ് ഗോപാല്‍ നാല് തവണയും പൂജ്യത്തിന് പുറത്തായിട്ടുണ്ട്.
അതേസമയം ചെന്നൈക്കെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 175 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ജോസ് ബട്‌ലറിന്‍റെ പ്രകടനമാണ് രാജസ്ഥാന് നിര്‍ണായകമായത്. 36 പന്തില്‍ പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 52 റണ്‍സാണ് താരം നേടിയത്.
ഷിമ്രോൺ ഹെറ്റ്‌മെയർ (18 പന്തില്‍ രണ്ട് വീതം ഫോറുകളും സഹിതം പുറത്താവാതെ 30), ആര്‍ അശ്വിന്‍ (22 പന്തില്‍ 30), ദേവദത്ത് (26 പന്തില്‍ 38) എന്നിവരും നിര്‍ണായകമായി. ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ആകാശ് സിങ്, തുഷാര്‍ ദേശ്‌പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തിയിരുന്നു.