ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈരദാബാദ് ആദ്യം ബാറ്റ് ചെയ്യും. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 29-ാം മത്സരമാണിത്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണി ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മഞ്ഞുണ്ടാവുമ്പോള്‍ എല്ലായ്‌പ്പോഴും ചേസിങ്ങാണ് നല്ലതെന്ന് ചെന്നൈ നായകന്‍ എംഎസ് ധോണി പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മാറ്റമില്ലെന്നും താരം അറിയിച്ചു. ടോസ് ലഭിച്ചിരുന്നെങ്കില്‍ തങ്ങളും ബോളിങ് തന്നെയാവും തെരഞ്ഞെടുക്കുകയെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം പ്രതികരിച്ചു. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റമുണ്ടെന്നും താരം വ്യക്തമാക്കി.
ചെന്നൈ സൂപ്പർ കിങ്‌സ് (പ്ലേയിങ് ഇലവൻ): റിതുരാജ് ഗെയ്‌ക്‌വാദ്, ഡെവോൺ കോൺവേ, അജിങ്ക്യ രഹാനെ, ശിവം ദുബെ, മൊയിൻ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), മഹേഷ് തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, ആകാശ് സിങ്, മതീഷാ പതിരണ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): ഹാരി ബ്രൂക്ക്, മായങ്ക് അഗർവാൾ, രാഹുൽ ത്രിപാഠി, ഐഡൻ മാർക്രം(ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), അഭിഷേക് ശർമ, വാഷിങ്‌ടൺ സുന്ദർ, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, മായങ്ക് മാർക്കണ്ഡേ, ഉമ്രാൻ മാലിക്.
ചെന്നൈ സൂപ്പര്‍ കിങ്‌സിന്‍റെ തട്ടകമായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഐപിഎല്ലിന്‍റെ 16-ാം സീസണിൽ തങ്ങളുടെ ആറാം മത്സരത്തിനാണ് ചെന്നൈയും ഹൈദരാബാദും ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് വിജയമുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളപ്പോൾ രണ്ട് വിജയം മാത്രം നേടാൻ കഴിഞ്ഞ ഹൈദരാബാദ് ഒമ്പതാമതാണ്.
കളിച്ച അവസാന മത്സരത്തിൽ ചെന്നൈ വിജയിച്ചപ്പോൾ ഹൈദരാബാദ് തോൽവി വഴങ്ങിയിരുന്നു. ഇതോടെ അതിഥേയരായ ചെന്നൈ വിജയത്തുടർച്ചയ്‌ക്കും സന്ദർശകരായ ഹൈരദാബാദ് വിജയ വഴിയിൽ തിരിച്ചെത്താനും ശ്രമം നടത്തുമ്പോൾ കളിക്കളത്തിൽ പോരാട്ടം കനക്കുമെന്നുറപ്പ്.
ചരിത്രം: ഐപിഎല്‍ ചരിത്രത്തിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വ്യക്തമായ ആധിപത്യമുണ്ട്. നേരത്തെ 18 തവണയാണ് ഇരു ടീമുകളും തമ്മില്‍ പോരടിച്ചിട്ടുള്ളത്. ഇതില്‍ 13 തവണയും ചെന്നൈ വിജയം പിടിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളാണ് ചെന്നൈക്കൊപ്പം നിന്നത്.
പിച്ച് റിപ്പോര്‍ട്ട് : ചെപ്പോക്കിലേത് ബാറ്റര്‍മാരെ പിന്തുണയ്‌ക്കുന്ന പിച്ചാണ്. മത്സരത്തില്‍ സ്പിന്നര്‍മാര്‍ക്ക് ഏറെ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയും. 16-ാം സീസണില്‍ ഇവിടെ നടന്ന കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്‌ത ടീമായിരുന്നു വിജയിച്ചിരുന്നത്.
മത്സരം കാണാന്‍: ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സ് vs സൺറൈസേഴ്‌സ് ഹൈദരാബാദ് പോരാട്ടം ടിവിയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലൂടെ തത്സമയം കാണാം സാധിക്കും. കൂടാതെ ജിയോ സിനിമ ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും ചെന്നൈ-ഹൈദരാബാദ് മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.