ചെന്നൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ പഞ്ചാബ് കിങ്‌സിനെതിരെ മികച്ച സ്‌കോര്‍ കണ്ടെത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നെ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സാണ് നേടിയത്. അപരാജിത അര്‍ധ സെഞ്ചുറി നേടിയ ഡെവോണ്‍ കോണ്‍വെയുടെ പ്രകടനമാണ് ചെന്നൈ ഇന്നിങ്‌സിന്‍റെ നട്ടെല്ല്.
52 പന്തില്‍ 16 ഫോറുകളും ഒരു സിക്‌സും സഹിതം 92 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. മഞ്ഞക്കടലിരമ്പിയ ചെപ്പോക്കില്‍ മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റിതുരാജ് ഗെയ്‌ക്‌വാദും ഡെവോൺ കോൺവെയും ചെന്നൈക്ക് നല്‍കിയത്. കരുതലോടെ കളിച്ച ഇരുവരും പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 57 റണ്‍സാണ് നേടിയത്.
മികച്ച രീതിയില്‍ മുന്നേറുകയായിരുന്ന ഈ കൂട്ടുകെട്ട് 10-ാം ഓവറിന്‍റെ നാലാം പന്തിലാണ് പൊളിയുന്നത്. സിക്കന്ദര്‍ റാസയെ ആക്രമിക്കാന്‍ ക്രീസ് വിട്ടിറങ്ങിയ റിതുരാജ് ഗെയ്‌ക്‌വാദിനെ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്‌ത് പുറത്താക്കുകയായിരുന്നു. 31 പന്തില്‍ 37 റണ്‍സായിരുന്നു റിതുരാജ് നേടിയത്.
ആദ്യ വിക്കറ്റില്‍ കോണ്‍വെയൊടൊപ്പം 86 റണ്‍സ് ചേര്‍ത്തിന് ശേഷമാണ് താരം മടങ്ങിയത്. തുടര്‍ന്നെത്തിയ ശിവം ദുബെയോടൊപ്പം ചേര്‍ന്ന കോണ്‍വെ 12-ാം ഓവറില്‍ ചെന്നൈയെ 100 റണ്‍സ് കടത്തി. ഈ ഓവറില്‍ തന്നെ 30 പന്തുകളില്‍ നിന്നും കോണ്‍വെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.
14ാം ഓവറിന്‍റെ അവസാന പന്തില്‍ ദുബെയെ വീഴ്‌ത്തിയ അര്‍ഷ്‌ദീപ് സിങ്ങാണ് പിന്നീട് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കിയത്. 17 പന്തില്‍ 28 റണ്‍സെടുത്ത ദുബെയെ ലോങ്-ഓണില്‍ ഷാരൂഖ് ഖാൻ പിടികൂടുകയായിരുന്നു. ഈ സമയം 130 റണ്‍സാണ് ചെന്നൈയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്. തുടര്‍ന്നെത്തിയ മൊയീന്‍ അലിക്ക് അധികം ആയുസുണ്ടായിരുന്നില്ല. 6 പന്തില്‍ 10 റണ്‍സെടുത്ത താരത്തെയും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്‌റ്റംപ് ചെയ്‌താണ് തിരിച്ച് കയറ്റിയത്.
അലി മടങ്ങുമ്പോള്‍ 16.1 ഓവറില്‍ 158/3 എന്ന നിലയിലായിരുന്നു ചെന്നൈ. അഞ്ചാം നമ്പറിലെത്തിയ രവീന്ദ്ര ജഡേജയെ (10 പന്തില്‍ 12 റണ്‍സ്) അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ സാം കറന്‍ തിരിച്ച് കയറ്റി. കറനെ സിക്‌സറിന് പറത്താനുള്ള ജഡേജയുടെ ശ്രമം ലിയാം ലിവിങ്‌സ്റ്റണിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. തുടര്‍ന്ന് ക്യാപ്റ്റന്‍ എംസ് ധോണി ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ ചെപ്പോക്ക് ഇളകി മറഞ്ഞു.
നേരിട്ട ആദ്യ പന്തില്‍ ധോണിക്ക് റണ്‍സ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്ത പന്തില്‍ സിംഗിളുടുത്ത താരം സെഞ്ചുറിക്ക് അരികില്‍ നില്‍ക്കുകയായിരുന്ന കോണ്‍വെയ്‌ക്ക് സ്‌ട്രൈക്ക് കൈമാറി. കോണ്‍വെയ്‌ക്കെതിരെ കറന്‍ എറിഞ്ഞ ആദ്യ പന്ത് വൈഡായിരുന്നു. അടുത്ത പന്തില്‍ വമ്പനടിക്ക് ശ്രമിച്ചെങ്കിലും ഒരു റണ്‍സ് മാത്രമാണ് കോണ്‍വെയ്‌ക്ക് നേടാന്‍ കഴിഞ്ഞത്.
ALSO READ: 'മറ്റുള്ളവരെ കുറ്റം പറയുന്നതെന്തിന്'? ; വാര്‍ണര്‍ ഒന്ന് 'കണ്ണാടിയില്‍ നോക്കണ'മെന്ന് ഹര്‍ഭജന്‍ സിങ്
ഇതോടെ സ്‌ട്രൈക്കില്‍ തിരിച്ചെത്തിയ ധോണി അഞ്ചും ആറും പന്തുകള്‍ സിക്‌സറിന് പറത്തിയതോടെയാണ് ചെന്നൈ 200 തികച്ചത്. കോണ്‍വെയും ധോണിയും (4 പന്തില്‍ 13) പുറത്താവാതെ നിന്നു. പഞ്ചാബ് കിങ്‌സിനായി അര്‍ഷ്‌ദീപ് സിങ്, സാം കറന്‍, രാഹുല്‍ ചഹാല്‍, സിക്കന്ദര്‍ റാസ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.