മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഓള്‍ റൗണ്ടര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിച്ചുവെന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. 2021ലെ താര ലേലത്തിലാണ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായ അര്‍ജുനെ മുംബൈ ആദ്യമായി ടീമിലെത്തിച്ചത്.
പരിക്കേറ്റതിനെ തുടര്‍ന്ന് സീസണില്‍ നിന്നും താരം പുറത്തായിരുന്നു. തുടര്‍ന്ന് 2022ലെ ലേലത്തിൽ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് മുംബൈ സ്വന്തമാക്കിയ 23കാരനെ 2023 - സീസണിലേക്കായി നിലനിര്‍ത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ടീമിലുണ്ടായിരുന്ന അർഷാദ് ഖാനെ മാറ്റിയാണ് കൊല്‍ക്കത്തയ്‌ക്ക് എതിരെ അര്‍ജുന് അവസരം നല്‍കിയത്.
ഐപിഎല്ലിലെ കളി അവസാനിപ്പിക്കും വരെ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു സച്ചിന്‍ കളത്തിലിറങ്ങിയത്. ഇന്ന് ഇതേ ഫ്രാഞ്ചൈസിക്കായി അര്‍ജുനും കളത്തിലിറങ്ങിയതോടെ ഐപിഎല്ലില്‍ പുതിയ ഒരു ചരിത്രം പിറന്നിരിക്കുകയാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഒരേ ഫ്രാഞ്ചൈസിക്കായി കളിക്കുന്ന ആദ്യ അച്ഛൻ - മകൻ ജോഡിയായാണ് ഇരുവരും മാറിയത്.
ഐപിഎല്ലിന്‍റെ പ്രഥമ സീസണ്‍ അരങ്ങേറിയ 2008ല്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഐക്കണ്‍ താരമായിരുന്ന സച്ചിന്‍ 2013 വരെയാണ് ടീമിനായി കളിച്ചത്. ഐപിഎല്ലില്‍ 78 മത്സരങ്ങളില്‍ നിന്നും 33.83 ശരാശരിയിലും 119.82 പ്രഹര ശേഷിയിലും 2,334 റണ്‍സാണ് താരം നേടിയിട്ടുള്ളത്. സച്ചിനോടുള്ള ആദരമായി താരത്തിന്‍റെ 10-ാം നമ്പര്‍ ജഴ്‌സി മുംബൈ ഇന്ത്യന്‍സ് പിന്‍വലിച്ചിരുന്നു. നിലവില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ മെന്‍ററായാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രവര്‍ത്തിക്കുന്നത്.
അതേസമയം, മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ ബാറ്റിങ്ങിന് അയച്ചിരുന്നു. വയറുവേദനയെത്തുടര്‍ന്നാണ് രോഹിത് കൊല്‍ക്കത്തയ്‌ക്ക് എതിരെ കളിക്കാതിരിക്കുന്നതെന്ന് സൂര്യ അറിയിച്ചിരുന്നു. നിതീഷ് റാണയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇറങ്ങുന്നത്.
ഐപിഎല്‍ ചരിത്രത്തില്‍ ഇതേവരെ തമ്മില്‍ പോരടിച്ചപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് വ്യക്തമായ ആധിപത്യമുണ്ട്. നേരത്തെ 31 മത്സരങ്ങളിലാണ് കൊല്‍ക്കത്തയും മുംബൈയും മുഖാമുഖമെത്തിയത്. ഇതില്‍ 22 തവണയും മുംബൈക്ക് വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ഒമ്പത് മത്സരങ്ങളാണ് കൊല്‍ക്കത്തയോടൊപ്പം നിന്നത്.
മുംബൈ ഇന്ത്യൻസ് (പ്ലേയിങ് ഇലവൻ): ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), ടിം ഡേവിഡ്, നെഹാൽ വധേര, അർജുൻ ടെണ്ടുൽക്കർ, ഹൃത്വിക് ഷോക്കീൻ, പിയൂഷ് ചൗള, ഡുവാൻ ജാൻസെൻ, റിലേ മെറിഡിത്ത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലേയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യർ, എൻ ജഗദീശൻ, നിതീഷ് റാണ (ക്യാപ്റ്റന്‍), റിങ്കു സിങ്, ആന്ദ്രെ റസൽ, സുനിൽ നരെയ്ൻ, ശാർദുൽ താക്കൂർ, ഉമേഷ് യാദവ്, ലോക്കി ഫെർഗൂസൺ, വരുൺ ചക്രവര്‍ത്തി. ഐപിഎല്ലിന്‍റെ 16ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ നാലാം മത്സരത്തിനാണിറങ്ങുന്നത്.
ALSO READ: IPL 2023 | 'അവനെ ആരും ആശ്രയിക്കുന്നില്ല'; രാഹുലിന്‍റെ ഫോമില്‍ ലഖ്‌നൗവിന് ആശങ്കയില്ലെന്ന് ആകാശ് ചോപ്ര