ഡല്‍ഹി: ഐപിഎല്‍ 16-ാം പതിപ്പില്‍ മുംബൈ ഇന്ത്യന്‍സിന് തങ്ങള്‍ പ്രതീക്ഷിച്ചത് പോലൊരു തുടക്കമല്ല ലഭിച്ചിരിക്കുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് എട്ട് വിക്കറ്റിന് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍ ചെന്നൈയോട് ഏഴ് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ രോഹിതും സംഘവും ഇന്നാണ് തങ്ങളുടെ മൂന്നാം മത്സരത്തിനായി ഇറങ്ങുന്നത്.
മൂന്നാം മത്സരത്തില്‍ ആദ്യ ജയം തേടിയിറങ്ങുന്ന മുംബൈ അരുണ്‍ ജെയ്‌റ്റ്ലി സ്റ്റേഡിയത്തില്‍ ആതിഥേയരായ ഡല്‍ഹി കാപിറ്റല്‍സിനെയാണ് നേരിടുന്നത്. രാത്രി ഏഴരയ്‌ക്കാണ് ഈ മത്സരം ആരംഭിക്കുന്നത്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഡല്‍ഹിക്ക് മുന്നിലായി ഒന്‍പതാം സ്ഥാനത്താണ് മുംബൈ.
മുംബൈയുടെ ബാറ്റര്‍മാരും ബോളര്‍മാരും ഒരുപോലെ താളം കണ്ടെത്താന്‍ വിഷമിക്കുന്ന കാഴ്‌ചയാണ് ആരാധകര്‍ക്ക് ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്നും കാണാന്‍ കഴിഞ്ഞത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പ്രകടനം പുറത്തെടുത്ത തിലക് വര്‍മയ്‌ക്ക് രണ്ടാം മത്സരത്തില്‍ അതേ പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. നായകന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കും മുംബൈ നിരയില്‍ താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ബോളര്‍മാരുടെ അവസ്ഥയും സമാനമാണ്. ഈ സാഹചര്യത്തില്‍ ടീമിന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ വേണ്ട ഉപദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ഡല്‍ഹി- മുംബൈ പോരാട്ടത്തിന് മുന്‍പായി തന്‍റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ചോപ്ര ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'ബാറ്റിങ്ങിലാണ് പ്രധാനമായും മുംബൈയുടെ പ്രശ്‌നം. ബൗളിങ്ങിലും സ്ഥിതി സമാനമാണെങ്കിലും അത് പരിഹരിക്കപ്പടാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മുംബൈയുടെ ബൗളിങ് ഇത്തവണ ശക്തമല്ല എന്നതാണ് വസ്‌തുത.
എന്ത് ചെയ്‌താലും ആ പ്രശ്‌നം അവര്‍ക്ക് പരിഹരിക്കാന്‍ സാധിച്ചേക്കില്ല. അതിന് കാരണം മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന താരങ്ങള്‍ അവരുടെ ബഞ്ചിലില്ല എന്നതാണ്. അര്‍ഷാദ് ഖാനില്‍ നിന്നും ഒരുപക്ഷെ മികച്ച ഇന്നിങ്‌സുകള്‍ പ്രതീക്ഷിക്കാം. എന്നാല്‍ അങ്ങനെ എടുത്ത് പറയാന്‍ പറ്റുന്ന മറ്റൊരു ബൗളര്‍ അവര്‍ക്കൊപ്പമില്ല', ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.
ഡല്‍ഹിക്കെതിരായ മത്സത്തില്‍ ജോഫ്ര ആര്‍ച്ചര്‍ മടങ്ങി എത്തിയാല്‍ അത് ടീമിന്‍റെ പേസ് ആക്രമണത്തിന്‍റെ മൂര്‍ച്ച കൂട്ടുമെന്ന് സമ്മതിച്ച ആകാശ് ചോപ്ര, അവര്‍ക്ക് മികച്ച സ്‌പിന്‍ ഓപ്‌ഷനുകള്‍ ഇല്ലെന്നും അഭിപ്രായപ്പെട്ടു. 'ജെയ്‌സണ്‍ ബെഹ്‌റന്‍ഡോഫ് ഫിറ്റാണെങ്കില്‍ അദ്ദേഹം കളിക്കും. ആര്‍ച്ചര്‍ മടങ്ങിയെത്തുകയാണെങ്കില്‍ ടീമിന്‍റെ സീം ബൗളിങ് അല്‍പം മെച്ചപ്പെട്ടേക്കാം. എന്നാല്‍ സ്‌പിന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ പ്രത്യേകിച്ച് പറയാന്‍ ഒന്നുമില്ല'- ചോപ്ര കൂട്ടിച്ചേര്‍ത്തു.