അഹമ്മദാബാദ്: ഐപിഎഎല്‍ ഉദ്‌ഘാടന മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത് ചെന്നൈ യുവതാരം റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ്. മത്സരത്തില്‍ 50 പന്ത് നേരിട്ട ഗെയ്‌ക്‌വാദ് 92 റണ്‍സായിരുന്നു അടിച്ച് കൂട്ടിയത്. ഗെയ്‌ക്‌വാദിന്‍റെ ഈ തകര്‍പ്പന്‍ ഇന്നിങ്‌സിന്‍റെ കരുത്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് 178 റണ്‍സ് നേടിയത്.
ചെന്നൈ ഉയര്‍ത്തിയ 179 റണ്‍സിന് ആരിലൂടെ ഗുജറാത്ത് ടൈറ്റന്‍സ് മറുപടി നല്‍കുമെന്നതായിരുന്നു ആരാധകരുടെ ചോദ്യം. യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ റണ്‍ ചേസില്‍ തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞതോടെ അതിനുള്ള ഉത്തരവും അവര്‍ക്ക് ലഭിച്ചു. മറുപടി ബാറ്റിങ്ങില്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഗുജറാത്തിന് ജയമൊരുക്കുന്നതില്‍ നിര്‍ണായകമായത്.
മത്സരത്തില്‍ 36 പന്ത് നേരിട്ട ഗില്‍ 63 റണ്‍സുമായാണ് മടങ്ങിയത്. ആറ് ഫോറും മൂന്ന് സിക്‌സും ഗില്ലിന്‍റെ ഇന്നിങ്‌സിന്‍റെ മാറ്റ് കൂട്ടി. ഓപ്പണറായി ക്രീസിലെത്തിയ ഗില്‍ ഗുജറാത്ത് സ്‌കോര്‍ 138 ല്‍ നില്‍ക്കെയാണ് പുറത്തായത്.
സമ്മര്‍ദ ഘട്ടത്തിലെ ഗില്ലിന്‍റെ ബാറ്റിങ്ങിന് പ്രശംസയുമായി കമന്‍ററി ബോക്‌സിലുണ്ടായിരുന്ന മുന്‍ ന്യൂസിലന്‍ഡ് താരം സ്‌കോട് സ്റ്റൈറിസ് രംഗത്തെത്തിയിരുന്നു. 'ബേബി ഗോട്ട്' എന്ന വിശേഷണം നല്‍കിയാൻ് സ്റ്റൈറിസ് ഗില്ലിനെ പ്രശംസിച്ചത്. 'ഇനി അവന്‍ ശുഭ്‌മാന്‍ ഗില്‍ അല്ല, ബേബി ഗോട്ട്' ആണ് എന്നായിരുന്നു കമന്‍ററിക്കിടെ സ്റ്റൈറിസ് ഗുജറാത്ത് യുവ ഓപ്പണറെ കുറിച്ച് പറഞ്ഞത്.
ചെന്നൈക്കെതിരായ മത്സരത്തില്‍ ഗുജറാത്തിന്‍റ ജയം ഏറെക്കുറെ ഉറപ്പിച്ച ശേഷമായിരുന്നു ഗില്‍ മടങ്ങിയത്. പതിനഞ്ചാം ഓവറില്‍ തുഷാര്‍ ദേശ്‌പാണ്ഡെ ഗില്ലിനെ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. റണ്‍സ് അതിവേഗം ഉയര്‍ത്താനുള്ള ശ്രമത്തിനിടെയായിരുന്നു ഗില്ലിന് വിക്കറ്റ് നഷ്‌ടപ്പെട്ടത്.
ഗില്‍ പുറത്തായതിന് പിന്നാലെ അല്‍പം പതറിയെങ്കിലും അതിനെ അതിജീവിച്ച ഗുജറാത്ത് ടൈറ്റന്‍സ് വിജയ് ശങ്കര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍ എന്നിവരുടെ ബാറ്റിങ് പ്രകടനത്തിലൂടെ വിജയത്തിലേക്കെത്തുകയായിരുന്നു. നാല് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെയാണ് ഗുജറാത്ത് മത്സരത്തില്‍ ജയം പിടിച്ചത്.
Also Read: IPL 2023 | തലയുടെ തകർപ്പൻ സിക്‌സർ റെക്കോഡ് ബുക്കിലും: ഇത് ശരിക്കും വിന്‍റേജ് ധോണി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ഗില്‍ കഴിഞ്ഞ സീസണിലാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ താരമായത്. ഗുജറാത്ത് കിരീടം ചൂടിയ സീസണില്‍ ടീമിന് വേണ്ടി 16 മത്സരം കളിച്ച ഗില്‍ 483 റണ്‍സ് നേടിയിരുന്നു. ഫൈനലില്‍ ഗുജറാത്തിന്‍റെ ടോപ് സ്കോററും ഗില്‍ ആയിരുന്നു.
സമീപകാലത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് ശുഭ്‌മാന്‍ ഗില്‍ ബാറ്റ് വീശുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ ഇന്ത്യക്കായി ഏകദിനത്തില്‍ ഇരട്ടസെഞ്ച്വറിയും ടെസ്റ്റിലും ടി20 യിലും സെഞ്ച്വറിയും നേടാന്‍ ശുഭ്‌മാന്‍ ഗില്ലിന് സാധിച്ചിട്ടുണ്ട്. ഈ മികവ് ശുഭ്‌മാന്‍ ഗില്‍ ഐപിഎല്ലില്‍ ഉടനീളം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Also Read: 'ഇത്തരത്തിൽ ബാറ്റിങ് തുടർന്നാൽ അവന് അത്ഭുതങ്ങൾ സൃഷ്‌ടിക്കാനാകും'; ചെന്നൈ താരത്തെ പ്രശംസിച്ച് പാണ്ഡ്യ