ജയ്‌പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ക്യാപ്റ്റന്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്‍റെ 16-ാം സീസണിലെ 52-ാം മത്സരമാണിത്. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ജയ്‌പൂര്‍ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ബാറ്റിങ് തെരഞ്ഞെടുത്തതെന്ന് രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണ്‍ പറഞ്ഞു. കാലാവസ്ഥ വ്യത്യസ്‌തമായി തോന്നുന്നു. രണ്ടാം പകുതിയില്‍ അധികം മഞ്ഞ് പെയ്യാന്‍ സാധ്യതയില്ല. ചിലപ്പോൾ അത് പ്രയോജനപ്പെട്ടേക്കാം.
മികച്ച നിലവാരത്തിലുള്ള ക്രിക്കറ്റ് കളിക്കാനും ശക്തമായി തിരിച്ചുവരാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും സഞ്‌ജു പറഞ്ഞു. ജോ റൂട്ട് ടീമിനായി അരങ്ങേറ്റം നടത്തുമെന്നും താരം കൂട്ടിച്ചേര്‍ത്തു.
തങ്ങളും ആദ്യം ബാറ്റ് ചെയ്യുമായിരുന്നുവെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ എയ്‌ഡന്‍ മാര്‍ക്രം പറഞ്ഞു. പല മത്സരങ്ങളിലും വിജയത്തിന് അടുത്തെത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. മിക്ക സമയത്തും മാന്യമായ ക്രിക്കറ്റ് കളിച്ചിട്ടുണ്ടെങ്കിലും പരിധി മറികടക്കാൻ കഴിഞ്ഞില്ലെന്നും മാര്‍ക്രം പറഞ്ഞു.
കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഹൈദരാബാദ് കളിക്കുന്നത്. ഹാരി ബ്രൂക്കിന് സ്ഥാനം നഷ്‌ടമായപ്പോള്‍ ഗ്ലെൻ ഫിലിപ്‌സ് ടീമില്‍ ഇടം നേടി. വിവ്രാന്ത് ശർമ ഹൈദരാബാദിനായി അരങ്ങേറ്റം കുറിക്കും.
രാജസ്ഥാൻ റോയൽസ് (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(വിക്കറ്റ് കീപ്പര്‍/ ക്യാപ്റ്റന്‍), ജോ റൂട്ട്, ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, മുരുകൻ അശ്വിൻ, സന്ദീപ് ശർമ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ.
സൺറൈസേഴ്‌സ് ഹൈദരാബാദ് (പ്ലേയിങ് ഇലവൻ): അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, എയ്‌ഡൻ മാർക്രം(ക്യാപ്റ്റന്‍), ഹെൻറിച്ച് ക്ലാസൻ(വിക്കറ്റ് കീപ്പര്‍), ഗ്ലെൻ ഫിലിപ്‌സ്, അബ്‌ദുൾ സമദ്, മാർക്കോ ജാൻസെൻ, വിവ്രാന്ത് ശർമ, മായങ്ക് മാർക്കണ്ഡെ, ഭുവനേശ്വര്‍ കുമാർ, ടി നടരാജൻ.
ഐപിഎല്ലിന്‍റെ 16-ാം സീസണില്‍ തങ്ങളുടെ 11-ാം മത്സരത്തിനാണ് സഞ്‌ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുന്നത്. കളിച്ച പത്ത് മത്സരങ്ങളില്‍ അഞ്ച് വിജയമുള്ള രാജസ്ഥാന്‍ നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനക്കാരാണ്. മറുവശത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനിത് 10-ാം മത്സരമാണ്.
കളിച്ച ഒമ്പത് മത്സരങ്ങളില്‍ മൂന്ന് വിജയം മാത്രമുള്ള ഹൈദരാബാദ് നിലവിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. അവസാനം കളിച്ച മത്സരങ്ങളില്‍ ഇരു സംഘവും തോല്‍വി വഴങ്ങിയിരുന്നു. ഇതോടെ ജയ്‌പൂരില്‍ ജയം പിടിച്ച് വിജയ വഴിയില്‍ തിരിച്ചെത്താനാവും രാജസ്ഥാന്‍റേയും ഹൈദരാബാദിന്‍റേയും ശ്രമം.
ഇതിനപ്പുറം സീസണില്‍ നേരത്തെ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദിനെ രാജസ്ഥാന്‍ കീഴടക്കിയിരുന്നു. രാജസ്ഥാനോട് ഇന്ന് ഈ കണക്ക് കൂടെ തീര്‍ക്കാനുറച്ച് ഹൈദരാബാദിറങ്ങുമ്പോള്‍ പോരാട്ടം കടുക്കുമെന്ന് പ്രതീക്ഷിക്കാം.
ALSO READ: IPL 2023 | ഐപിഎല്‍ ചരിത്രത്തിലാദ്യം ; അപൂര്‍വ നേട്ടവുമായി പാണ്ഡ്യ സഹോദരങ്ങള്‍