മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന് മുന്നില്‍ ഹിമാലയന്‍ വിജയ ലക്ഷ്യം ഉയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ആദ്യ ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 257 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറാണിത്.
വെടിക്കെട്ട് പ്രകടനം നടത്തിയ മാർക്കസ് സ്റ്റോയിനിസ്, കെയ്‌ല്‍ മെയേഴ്‌സ്, ആയുഷ് ബദോനി, നിക്കോളാസ് പുരാന്‍ എന്നിവരാണ് ലഖ്‌നൗവിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മിന്നും തുടക്കമായിരുന്നു ലഖ്‌നൗവിന് ലഭിച്ചത്.
പഞ്ചാബിന്‍റെ അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു ലഖ്‌നൗ ഓപ്പണര്‍മാരായ കെഎൽ രാഹുലും കെയ്‌ൽ മേയേഴ്‌സും ചേര്‍ന്ന് നേടിയത്. ആദ്യ പന്തില്‍ തന്നെ രാഹുലിനെ പുറത്താക്കാന്‍ അവസരം ലഭിച്ചെങ്കിലും ബാക്ക്‌വേഡ് പോയിന്‍റില്‍ അഥർവ ടൈഡെ ക്യാച്ച് പാഴാക്കി.
തുടര്‍ന്ന് രാഹുലിനെ ഒരറ്റത്ത് നിര്‍ത്തിയ മേയേഴ്‌സിന്‍റെ വെടിക്കെട്ടാണ് കാണാന്‍ കഴിഞ്ഞത്. രണ്ടാം ഓവര്‍ എറിയാനെത്തിയ ആര്‍ഷ്‌ദീപ് സിങ്ങിനെതിരെ നാല് ഫോറുകള്‍ ഉള്‍പ്പെടെ 17 റണ്‍സ് അടിച്ചാണ് കെയ്‌ൽ മേയേഴ്‌സ് ടോപ് ഗിയറിലെത്തിയത്. മൂന്നാം ഓവറര്‍ എറിയാനെത്തിയ ഗുര്‍നൂറിനെതിരെ രണ്ട് ഫോറുകളും ഒരു സിക്‌സും സഹിതം 16 റണ്‍സാണ് ലഖ്‌നൗ താരങ്ങള്‍ നേടിയത്.
പക്ഷെ നാലാം ഓവറിന്‍റെ രണ്ടാം പന്തില്‍ രാഹുലിനെ (9 പന്തില്‍ 12) സംഘത്തിന് നഷ്‌ടമായി. കാഗിസോ റബാഡയ്‌ക്കായിരുന്നു വിക്കറ്റ്. പിന്നാലെ 20 പന്തുകളില്‍ അര്‍ധസെഞ്ചുറി തികച്ച മെയേഴ്‌സിനെ പവര്‍പ്ലേയിലെ അവസാന പന്തിലും റബാഡ മടക്കിയതോടെ പഞ്ചാബിന് ആശ്വാസമായി. 20 പന്തില്‍ ഏഴ് ഫോറുകളും നാല് സിക്‌സും സഹിതം 54 റണ്‍സ് അടിച്ചെടുത്താണ് താരം മടങ്ങിയത്.
ഈ സമയം ആറ് ഓവറില്‍ 74/2 എന്ന നിലയിലായിരുന്നു ലഖ്‌നൗ. എന്നാല്‍ പിന്നീട് ഒന്നിച്ച മാർക്കസ് സ്റ്റോയിനിസും ആയുഷ് ബദോനിയും കളം നിറഞ്ഞതോടെ പഞ്ചാബ് വീണ്ടും പ്രതിരോധത്തിലായി. ആക്രമിച്ച് കളിച്ച ഇരുവരും എട്ടാം ഓവറില്‍ തന്നെ ലഖ്‌നൗ നൂറ് കടത്തി. 13-ാം ഓവര്‍ കഴിയുമ്പോള്‍ 150 റണ്‍സും സംഘം പിന്നിട്ടിരുന്നു.
എന്നാല്‍ തൊട്ടടുത്ത ഓവറിന്‍റെ മൂന്നാം പന്തില്‍ ബദോനിയെ മടക്കിയ ലിയാം ലിവിങ്‌സ്റ്റണ്‍ പഞ്ചാബിന് ആശ്വാസം നല്‍കി. 24 പന്തില്‍ പന്തില്‍ മൂന്ന് ഫോറുകളും മൂന്ന് സിക്‌സും സഹിതം 43 റണ്‍സടിച്ച ബദോനി ഡീപ് ബാക്ക്‌വാര്‍ഡില്‍ രാഹുല്‍ ചഹാറിന്‍റെ കയ്യില്‍ ഒതുങ്ങുകയായിരുന്നു. ഈ സമയം 13.3 ഓവറില്‍ 163/3 എന്ന നിലയിലായിരുന്നു ലഖ്‌നൗ.
തുടര്‍ന്ന് എത്തിയ നിക്കോളാസ് പുരാന്‍ നേരിട്ട ആദ്യ മൂന്ന് പന്തുകളും ബൗണ്ടറി കടത്തി ഫയറായി. 16-ാം ഓവറില്‍ ലഖ്‌നൗ 200 റണ്‍സില്‍ എത്തിയിരുന്നു. ഇതിനിടെ 30 പന്തുകളില്‍ നിന്നും സ്റ്റോയിനിസ് അര്‍ധ സെഞ്ചുറി തികയ്‌ക്കുകയും ചെയ്‌തു.
19-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ സ്റ്റോയിനിസ് മടങ്ങുമ്പോള്‍ 239 റണ്‍സായിരുന്നു ലഖ്‌നൗ ടോട്ടലില്‍ ഉണ്ടായിരുന്നത്. 40 പന്തില്‍ ആറ് ഫോറുകളും അഞ്ച് സിക്‌സും സഹിതം 72 റണ്‍സടിച്ച സ്റ്റോയിനിസിനെ സാം കറന്‍റെ പന്തില്‍ ജിതേഷ് ശര്‍മ പിടികൂടുകയായിരുന്നു. 20-ാം ഓവറിന്‍റെ നാലാം പന്തിലാണ് പുരാന്‍ മടങ്ങുന്നത്. 19 പന്തില്‍ ഏഴ് ഫോറുകളും ഒരു സിക്‌സും സഹിതം 45 റണ്‍സടിച്ച താരത്തെ അര്‍ഷ്‌ദീപ് സിങ് വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. ക്രുണാല്‍ പാണ്ഡ്യ (2 പന്തില്‍ 5), ദീപക് ഹൂഡ (ആറ് പന്തില്‍ 11) എന്നിവര്‍ പുറത്താവാതെ നിന്നു.