മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് 192 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 191 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഭാനുക രജപക്‌സെയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
32 പന്തില്‍ അഞ്ച് ഫോറുകളും രണ്ട് സിക്സും സഹിതം 50 റണ്‍സാണ് ഭാനുക രജപക്‌സെ നേടിയത്. 29 പന്തില്‍ പന്തില്‍ ആറ് ഫോറുകള്‍ സഹിതം 40 റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും തിളങ്ങി. വമ്പന്‍ തുടക്കമായിരുന്നു പഞ്ചാബിന്‍റേത്.
ഉമേഷ് യാദവ് എറിഞ്ഞ ആദ്യ ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു പഞ്ചാബ് ഓപ്പണറായ പ്രഭ്‌സിമ്രാന്‍ സിങ് നേടിയത്. എന്നാല്‍ രണ്ടാം ഓവറില്‍ പ്രഭ്‌സിമ്രാന്‍ ടോപ് ഗിയറിലേക്ക് മാറി. ടിം സൗത്തിക്കെതിരെ രണ്ട് ഫോറും ഒരു സിക്സും പറത്തിയ പ്രഭ്‌സിമ്രാന്‍ കത്തിക്കറി. എന്നാല്‍ ഓവറിന്‍റെ അവസാന പന്തില്‍ താരത്തെ വിക്കറ്റ് കീപ്പര്‍ റഹ്മാനുള്ള ഗുർബാസിന്‍റെ കയ്യിലെത്തിക്കാന്‍ സൗത്തിക്ക് കഴിഞ്ഞത് കൊല്‍ക്കത്തയ്‌ക്ക് ആശ്വാസമായി.
12 പന്തില്‍ രണ്ട് ഫോറും രണ്ട് സിക്സും സഹിതം 23 റണ്‍സെടുത്താണ് താരം മടങ്ങിയത്. തുടര്‍ന്ന് ഒന്നിച്ച ഭാനുക രജപക്‌സെ- ശിഖര്‍ ധവാന്‍ സംഘം പഞ്ചാബിനെ മുന്നോട്ട് നയിച്ചു. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 56 എന്ന നിലയിലായിരുന്നു സംഘം. കൊല്‍ക്കത്തയ്‌ക്കെതിരെ പവര്‍ പ്ലേയില്‍ പഞ്ചാബ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നക്കം തൊടാന്‍ പഞ്ചാബിന് കഴിഞ്ഞു.
തുടര്‍ന്ന് 11ാം ഓവറിന്‍റെ അവസാന പന്തില്‍ ഭാനുക രജപക്‌സെയെ വീഴ്‌ത്തിയ ഉമേഷ് യാദവാണ് കൊല്‍ക്കത്തയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ഈ സമയം 109 റണ്‍സായിരുന്നു ടീം ടോട്ടലില്‍ ഉണ്ടായിരുന്നത്. രണ്ടാം വിക്കറ്റില്‍ നിര്‍ണായകമായ 86 റണ്‍സാണ് ഭാനുക രജപക്‌സെ- ശിഖര്‍ ധവാന്‍ സഖ്യം ചേര്‍ത്തത്.
തുടര്‍ന്നെത്തിയ ജിതേഷ് ശര്‍മയും ആക്രമിച്ച് കളിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 11 പന്തില്‍ ഒരു ഫോറും രണ്ട് സിക്സും സഹിതം 21 റണ്‍സെടുത്ത ജിതേഷ് ശര്‍മയെ സൗത്തി ഉമേഷ് യാദവിന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. വൈകാതെ ധവാനും വീണു. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ബൗള്‍ഡായാണ് താരം തിരിച്ച് കയറിയത്.
13 പന്തില്‍ 16 റണ്‍സ് നേടിയ സിക്കന്ദര്‍ റാസയാണ് പുറത്തായ മറ്റൊരു താരം. 17 പന്തില്‍ 26 റണ്‍സുമായി സാം കറനും 7 പന്തില്‍ 11 റണ്‍സുമായി ഷാരൂഖ് ഖാനും പുറത്താവാതെ നിന്നു. കൊല്‍ക്കത്തയ്‌ക്കായി ടിം സൗത്തി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ഉമേഷ് യാദവ്, സുനില്‍ നരെയ്‌ന്‍ വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.
മത്സരം കാണാനുള്ള വഴി: ഐപിഎല്‍ 2023 സീസണിലെ മത്സരങ്ങള്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. കൂടാതെ ജിയോ സിനിമ ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ഓണ്‍ലൈന്‍ സ്ട്രീമിങ്ങുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (പ്ലെയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), മൻദീപ് സിങ്, നിതീഷ് റാണ (സി), റിങ്കു സിങ്, ആന്ദ്രെ റസ്സൽ, ശാർദുൽ താക്കൂർ, സുനിൽ നരെയ്ൻ, ടിം സൗത്തി, അനുകുൽ റോയ്, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.
പഞ്ചാബ് കിങ്‌സ് (പ്ലെയിങ് ഇലവൻ): ശിഖർ ധവാൻ (സി), പ്രഭ്‌സിമ്രാൻ സിങ് (വിക്കറ്റ് കീപ്പര്‍), ഭാനുക രജപക്‌സെ, ജിതേഷ് ശർമ, ഷാരൂഖ് ഖാൻ, സാം കറൻ, സിക്കന്ദർ റാസ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്‌ദീപ് സിങ്.