ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 31 റൺസിൻ്റെ തകർപ്പൻ ജയം നേടി പഞ്ചാബ് കിങ്സ്. പഞ്ചാബിൻ്റെ 168 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസേ നേടാനായുള്ളു. നാല് വിക്കറ്റ് വീഴ്ത്തിയ ഹർപ്രീത് ബ്രാർ ആണ് വിജയമുറപ്പിച്ച് മുന്നേറിയ ഡൽഹിയുടെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞത്.
ഡേവിഡ് വാര്‍ണര്‍ ആക്രമിച്ചും ഫിലിപ് സാള്‍ട്ട് പിന്തുണ നല്‍കിയും കളിച്ചതോടെ മികച്ച തുടക്കമയിരുന്നു ഡല്‍ഹിക്ക് ലഭിച്ചത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 65 റണ്‍സായിരുന്നു ഡല്‍ഹി ടോട്ടലില്‍ ഉണ്ടായിരുന്നത്. തൊട്ടടുത്ത ഓവറില്‍ സാള്‍ട്ടിനെ (17 പന്തില്‍ 21) ബൗള്‍ഡാക്കി ഹർപ്രീത് ബ്രാര്‍ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി.
പിന്നാലെ ഡേവിഡ് വാര്‍ണര്‍ 23 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ച്വറി തികച്ചുവെങ്കിലും പഞ്ചാബിന്‍റെ ശക്തമായ തിരിച്ച് വരവാണ് കാണാന്‍ കഴിഞ്ഞത്. മിച്ചല്‍ മാര്‍ഷ് (4 പന്തില്‍ 3), റിലീ റോസ്സോ (5 പന്തില്‍ 5) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല. പിന്നാലെ വാര്‍ണറും (27 പന്തില്‍ 57) മടങ്ങിയതോടെ ഡല്‍ഹി പ്രതിരോധത്തിലായി. മാര്‍ഷിനെ രാഹുല്‍ ചഹാര്‍ വീഴ്‌ത്തിയപ്പോള്‍ റോസ്സോയേയും വാര്‍ണറെയേും ഹർപ്രീതാണ് തിരിച്ച് കയറ്റിയത്.
തുടര്‍ന്നെത്തിയ അക്‌സര്‍ പട്ടേലും (2 പന്തില്‍ 1), മനീഷ് പാണ്ഡെയും (3 പന്തില്‍ 0) നിരാശപ്പെടുത്തിയതോടെ ഡല്‍ഹി 10.1 ഓവറില്‍ 88/6 എന്ന നിലയിലേക്ക് തകര്‍ന്നു. അക്‌സറിനെ രാഹുല്‍ ചഹാര്‍ മടക്കിയപ്പോള്‍ മനീഷ് പാണ്ഡെയെ ബൗള്‍ഡാക്കിക്കൊണ്ട് ഹര്‍പ്രീത് തന്‍റെ നാലാം വിക്കറ്റ് സ്വന്തമാക്കി. പിന്നീടൊന്നിച്ച അമന്‍ ഹക്കീം ഖാനും (18 പന്തില്‍ 16) പ്രവീൺ ദുബെയും (20 പന്തില്‍ 16) ചെറുത്ത് നില്‍പ്പിന് ശ്രമിച്ചുവെങ്കിലും ഇരുവരും നഥാന്‍ എല്ലിന് മുന്നില്‍ വീണു.
16-ാം ഓവറിന്‍റെ നാലാം പന്തില്‍ അമാനെ ഹര്‍പ്രീത് പിടികൂടുമ്പോള്‍ 118 റണ്‍സായിരുന്നു ഡല്‍ഹിയുടെ ടോട്ടലില്‍ ഉണ്ടായിരുന്നത്. 18-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ പ്രവീണ്‍ ദുബൈ ബൗള്‍ഡായതോടെ ഡൽഹി പരാജയം ഉറപ്പിക്കുകയായിരുന്നു. കുൽദീപ് യാദവ് (10), മുകേഷ് കുമാർ (6) എന്നിവർ പുറത്താകാതെ നിന്നു. ഹർപ്രീത് ബ്രാർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ നാഥൻ എല്ലിസ് രാഹുൽ ചഹാർ എന്നിവർ രണ്ട് വിക്കറ്റും വിഴ്ത്തി.
പ്രഭ്‌സിമ്രാന്‍റെ ഒറ്റയാള്‍ പോരാട്ടം: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 167 റണ്‍സ് നേടിയത്. പ്രഭ്‌സിമ്രാൻ സിങ്ങിന്‍റെ സെഞ്ചുറി പോരാട്ടമാണ് പഞ്ചാബിന് കരുത്തായത്. 65 പന്തുകളില്‍ നിന്നും 103 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. പഞ്ചാബ് കിങ്‌സിന് ലഭിച്ചത് മോശം തുടക്കമായിരുന്നു.
ശിഖർ ധവാൻ (5 പന്തില്‍ 7), ലിയാം ലിവിങ്‌സ്റ്റൺ (5 പന്ത് 4), ജിതേഷ് ശർമ (5 പന്തില്‍ 5) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ പവര്‍പ്ലേ പിന്നിടുമ്പോള്‍ 46/3 എന്ന നിലയിലായിരുന്നു പഞ്ചാബ്. ധവാനെയും ലിവിങ്‌സ്റ്റണിനേയും ഇഷാന്ത് ശര്‍മ തിരിച്ച് കയറ്റിയപ്പോള്‍ അക്‌സര്‍ പട്ടേലാണ് ജിതേഷിനെ വീഴ്‌ത്തിയത്. തുടര്‍ന്ന് ഒന്നിച്ച സാം കറനും പ്രഭ്‌സിമ്രാൻ സിങ്ങുമാണ് പഞ്ചാബിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്.
15-ാം ഓവറില്‍ സാം കറനെ (24 പന്തില്‍ 20) അമന്‍ ഹക്കീം ഖാന്‍റെ കയ്യിലെത്തിച്ച് പ്രവീണ്‍ ദുബെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റില്‍ 72 റണ്‍സാണ് പ്രഭ്‌സിമ്രാന്‍- സാം കറന്‍ സഖ്യം നേടിയത്. പിന്നീടെത്തിയ ഹർപ്രീത് ബ്രാർ (5 പന്തില്‍ 2) വേഗം തിരിച്ചുകയറിയെങ്കിലും പ്രഭ്‌സിമ്രാന്‍ ആക്രമണം കടുപ്പിച്ചു. തുടര്‍ന്ന് ഖലീല്‍ അഹമ്മദ് എറിഞ്ഞ 18-ാം ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിയടിച്ചുകൊണ്ട് താരം സെഞ്ച്വറിയിലെത്തുകയും ചെയ്‌തു.
42 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി തികച്ച പ്രഭ്‌സിമ്രാന് മൂന്നക്കത്തിലേക്ക് എത്താന്‍ വെറും 19 പന്തുകള്‍ മാത്രമാണ് വേണ്ടി വന്നത്. താരത്തിന്‍റെ കന്നി ഐപിഎല്‍ സെഞ്ചുറിയാണിത്. മുകേഷ് കുമാര്‍ എറിഞ്ഞ 19-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ ബൗള്‍ഡായാണ് പ്രഭ്‌സിമ്രാന്‍ പുറത്തായത്. 10 ഫോറുകളും ആറ് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ പ്രകടനം.
ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ ഒരു പന്ത് ശേഷിക്കെ ഷാരൂഖ് ഖാന്‍ (4 പന്തില്‍ 2) റണ്ണൗട്ടായി. സിക്കന്ദര്‍ റാസയും (7 പന്തില്‍ 11*), ഋഷി ധവാനും (0*) പുറത്താവാതെ നിന്നു.