മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റിന്‍റെ 16-ാം സീസണിലെ പ്ലേ ഓഫുകളുടെയും ഫൈനലിന്‍റെയും സമയക്രമവും വേദികളും പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ക്വാളിഫയർ- 1, എലിമിനേറ്റർ, ക്വാളിഫയർ- 2 എന്നിങ്ങനെയുള്ള മൂന്ന് പ്ലേഓഫ് മത്സരങ്ങൾ യഥാക്രമം മെയ് 23, മെയ് 24, മെയ് 26 തിയതികളിലാണ് നടക്കുക. ക്വാളിഫയർ- 1, എലിമിനേറ്റർ എന്നിവയ്‌ക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയമാണ് വേദിയാവുക.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ക്വാളിഫയർ- 2 നടക്കുക. തുടര്‍ന്ന് മെയ് 28ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം തന്നെയാണ് ഫൈനലിനും ആതിഥേയത്വം വഹിക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയമാണിത്. നേരത്തെ മൊട്ടേര എന്നറിയപ്പെട്ടിരുന്ന സ്റ്റേഡിയം നവീകരിച്ച ശേഷമാണ് നരേന്ദ്ര മോദി സ്റ്റേഡിയം എന്ന പേരുനല്‍കിയത്.
റെക്കോഡിട്ട സ്റ്റേഡിയം: നവീകരണത്തിന് ശേഷം 2021ലാണ് സ്റ്റേഡിയം വീണ്ടും രാജ്യത്തിന് സമർപ്പിച്ചത്. ഒരേ സമയം 1,10,000 പേർക്ക് മത്സരം കാണാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മത്സരത്തിലൂടെ ഏറ്റവും കൂടുതൽ കാണികളെ പങ്കെടുപ്പിച്ച് ടി20 മത്സരം നടത്തിയതിനുള്ള ലോക റെക്കോഡ് നേരത്തെ ബിസിസിഐ സ്വന്തമാക്കിയിരുന്നു. ഐപിഎൽ 2022 സീസണിലെ ഫൈനല്‍ മത്സരത്തിനാണ് ബിസിസിഐക്ക് ലോക റെക്കോഡ് ലഭിച്ചത്.
ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടിയ മത്സരം കാണാന്‍ 1,01,566 പേരാണ് എത്തിയത്. ഇത്തവണയും വീണ്ടുമൊരു ഐപിഎല്‍ ഫൈനലിന് നരേന്ദ്ര മോദി സ്റ്റേഡിയം ആതിഥേയത്വം വഹിക്കുമ്പോള്‍ ഈ റെക്കോഡ് തകര്‍ക്കപ്പെടുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
കഴിഞ്ഞ സീസണില്‍ കന്നിക്കാരായിരുന്ന ഗുജറാത്ത് ടൈറ്റൻസായിരുന്നു കിരീടം നേടിയത്. മലയാളി താരം സഞ്‌ജു സാംസണിന് കീഴിലിറങ്ങിയ രാജസ്ഥാന്‍റെ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഗുജറാത്ത് 18.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 133 റണ്‍സെടുത്ത് വിജയം ഉറപ്പിക്കുകയായിരുന്നു. ബോളുകൊണ്ടും ബാറ്റുകൊണ്ടും മിന്നും പ്രകടനം നടത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഗുജറാത്തിന്‍റെ വിജയത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചത്.
കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചെടുക്കാനുള്ള ശ്രമത്തിലുള്ള രാജസ്ഥാന്‍ റോയല്‍സ് നിലവിലെ പോയിന്‍റ് പട്ടികയില്‍ തലപ്പത്താണ്. ആറ് മത്സരങ്ങളില്‍ നിന്നും ഏട്ട് പോയിന്‍റോടെയാണ് രാജസ്ഥാന്‍ ഒന്നാമത് നില്‍ക്കുന്നത്. നാല് വിജയങ്ങളും രണ്ട് തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയില്‍ ഉള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരെ തോല്‍പ്പിച്ച രാജസ്ഥാന്‍ പഞ്ചാബ് കിങ്‌സിനോടും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനോടുമായിരുന്നു കീഴടങ്ങിയത്.
കെഎല്‍ രാഹുലിന് കീഴില്‍ ഇറങ്ങുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയത്തോടെ ഏട്ട് പോയിന്‍റുണ്ട്. ഇതോടെ മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ ലഖ്‌നൗവിനെ മറികടന്നത്. അഞ്ച് മത്സരങ്ങള്‍ കളിച്ച ഗുജറാത്ത് ടൈറ്റന്‍സാവട്ടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ നാലാമതാണ്.
ALSO READ: 'അവനെ ഒക്കെ ആരെങ്കിലും ടീമിലെടുക്കുമോ?'; മനീഷ് പാണ്ഡെയെ എടുത്തിട്ട് കുടഞ്ഞ് കൃഷ്‌ണമാചാരി ശ്രീകാന്ത്