മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ ജയവുമായി പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി മുംബൈ ഇന്ത്യൻസ്. വാങ്കഡെ സ്റ്റേഡിയത്തിൽ ബാംഗ്ലൂർ ഉയർത്തിയ 200 റണ്‍സ് വിജയലക്ഷ്യം 21 പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷ്‌ടത്തിൽ മുംബൈ അനായാസം മറികടക്കുകയായിരുന്നു. വിജയത്തോടെ മുംബൈ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു.
ബാംഗ്ലൂരിന്‍റെ താരതമ്യേന വലിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ മുംബൈക്കായി ഓപ്പണർ ഇഷാൻ കിഷൻ വെടിക്കെട്ട് തുടക്കമാണ് സമ്മാനിച്ചത്. നായകൻ രോഹിത് ശർമയെ നോണ്‍ സ്‌ട്രൈക്കർ എൻഡിൽ കാഴ്‌ചക്കാരനായി നിർത്തി കൂറ്റൻ ഷോട്ടുകൾ പായിച്ച ഇഷാൻ കിഷൻ നാലാം ഓവറിന്‍റെ നാലാം പന്തിൽ ടീം സ്‌കോർ 51ൽ നിൽക്കെയാണ് പുറത്തായത്. 21 പന്തിൽ നാല് വീതം സിക്‌സും ഫോറും ഉൾപ്പെടെ 42 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
അതേ ഓവറിന്‍റെ അവസാന പന്തിൽ നായകൻ രോഹിത് ശർമയെ വീഴ്‌ത്തി വനിന്ദു ഹസരങ്ക മുംബൈക്ക് ഇരട്ട പ്രഹരം സമ്മാനിച്ചു. ബാറ്റ് കൊണ്ട് ഒരിക്കൽ കൂടി നിരാശപ്പെടുത്തിയ മത്സരത്തിൽ ഏഴ് റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് രോഹിത് രണ്ടക്കം കാണാതെ പുറത്താകുന്നത്. ഇതോടെ അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 52 റണ്‍സ് എന്ന നിലയിലായി മുംബൈ.
സെഞ്ച്വറി കൂട്ടുകെട്ട്: എന്നാൽ തുടർന്ന് ക്രീസിലൊന്നിച്ച സൂര്യകുമാർ യാദവ്-നെഹാൽ വധേര സഖ്യം മുംബൈക്കായി സ്വപ്‌ന തുല്യമായ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 140 റണ്‍സാണ് മുംബൈക്കായി സമ്മാനിച്ചത്. ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ഈ കൂട്ടുകെട്ടിൽ വിള്ളൽ വീഴ്‌ത്താൻ 15-ാം ഓവർ വരെ ബാംഗ്ലൂരിന് കാത്തിരിക്കേണ്ടതായി വന്നു. സൂര്യകുമാർ യാദവിനെ പുറത്താക്കി വൈശാഖ് വിജയ് കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
35 പന്തിൽ ആറ് സിക്‌സും ഏഴ് ഫോറും സഹിതം 83 റണ്‍സ് നേടിയ സൂര്യ പുറത്താകുമ്പോൾ മുംബൈ വിജയത്തിന് തൊട്ടരികിൽ എത്തിയിരുന്നു. തുടർന്നിറങ്ങിയ ടിം ഡേവിഡ് നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. എന്നാൽ മികച്ച ഫോമിൽ ബാറ്റ് വീശുകയായിരുന്ന നെഹാൽ വധേര തകർപ്പനൊരു സിക്‌സറിലൂടെ മുംബൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു. വധേര 34 പന്തിൽ 52 റണ്‍സുമായും കാമറൂണ്‍ ഗ്രീൻ രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു. ബാംഗ്ലൂരിനായി വനിന്ദു ഹസരങ്ക, വൈശാഖ് വിജയ് കുമാർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
കളം നിറഞ്ഞ് ഡു പ്ലസിസും മാക്‌സിയും: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിന് നായകൻ ഫഫ് ഡു പ്ലസിസ്-ഗ്ലെൻ മാക്‌സ്‌വെൽ എന്നിവരുടെ ബാറ്റിങ്ങാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. വിരാട് കോലി (1) അനുരാജ് റാവത്ത് (6) എന്നിവരെ ആദ്യ മൂന്നോവറിനുള്ളിൽ നഷ്‌ടമായെങ്കിലും നിലയുറപ്പിച്ച് ബാറ്റ് വീശിയ ഡു പ്ലസിസും മാക്‌സ്‌വെല്ലും ചേർന്ന് ബാംഗ്ലൂരിനെ കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 റണ്‍സിന്‍റെ തകർപ്പൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
12-ാം ഓവറിൽ മാക്‌സ്‌വെല്ലിനെ പുറത്താക്കി ജേസൻ ബെഹ്രൻഡോർഫാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. പുറത്താകുമ്പോൾ 33 പന്തിൽ 68 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ മഹിപാൽ ലാംറോറും (1) വളരെ പെട്ടന്ന് തന്നെ കൂടാരം കയറി. പിന്നാലെ ഡു പ്ലസിസും (41 പന്തിൽ 65) പുറത്തായതോടെ ബാംഗ്ലൂരിന്‍റെ ഇന്നിങ്സ് 170 റണ്‍സിനുള്ളിൽ അവസാനിക്കുമെന്ന പ്രതീതിയുണ്ടായി.
എന്നാൽ തുടർന്ന് ക്രീസിൽ ഒന്നിച്ച ദിനേഷ് കാർത്തിക്കും (18 പന്തിൽ 30), കേദാർ ജാദവും (10*) ചേർന്ന് അവസാന ഓവറുകളിൽ ബാംഗ്ലൂരിന്‍റെ സ്‌കോർ ഉയർത്തുകയായിരുന്നു. ഇതിനിടെ ടീം സ്‌കോർ 185 ൽ നിൽക്കെ കാർത്തിക്കിനെ ബാംഗ്ലൂരിന് നഷ്‌ടമായി. എന്നാൽ ഹസരങ്കയും, ജാദവും ചേർന്ന് ബാംഗ്ലൂരിന്‍റെ സ്‌കോർ 199ൽ എത്തിക്കുകയായിരുന്നു. മുംബൈക്കായി ബെഹ്രൻഡോർഫ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ കാമറൂണ്‍ ഗ്രീൻ, ക്രിസ് ജോർദാൻ, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റ് നേടി.