ലഖ്‌നൗ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെ നേരിടും. രാത്രി 7.30ന് ഉത്തർ പ്രദേശിലെ ഏക്‌ന സ്‌പോർട്ട്സ് സിറ്റിയിലാണ് മത്സരം. തുടർച്ചയായ മൂന്നാം ജയത്തോടെ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാകുക എന്നതാകും ഇന്നത്തെ മത്സരത്തിൽ ലഖ്‌നൗവിന്‍റെ ലക്ഷ്യം. അതേസമയം തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം വിജയത്തോടെ ടൂർണമെന്‍റിലേക്ക് തിരിച്ചെത്തുകയാകും പഞ്ചാബിന്‍റെ ലക്ഷ്യം.
ആദ്യ മത്സത്തിൽ ഡൽഹിക്കെതിരെ 50 റണ്‍സിന്‍റെ തകർപ്പൻ ജയം നേടിയ ലഖ്‌നൗ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ 12 റണ്‍സിന്‍റെ തോൽവി വഴങ്ങിയിരുന്നു. മൂന്നാം മത്സരത്തിൽ സണ്‍റൈസേഴ്‌സിനെ അഞ്ച് വിക്കറ്റിന് ലഖ്‌നൗ വീഴ്‌ത്തി. കഴിഞ്ഞ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ 212 റണ്‍സ് ചേസ് ചെയ്‌ത് വിജയം നേടിയ ആത്മവിശ്വാസത്തിലാണ് ലഖ്‌നൗ പഞ്ചാബിനെതിരെ കളത്തിലിറങ്ങിയത്.
നിക്കോളാസ് പുരാന്‍റെ (19 പന്തിൽ 62) വെടിക്കെട്ട് ഇന്നിങ്‌സാണ് ടീമിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. ഓപ്പണർ കൈൽ മേയേഴ്‌സ് വെടിക്കെട്ട് തുടക്കമാണ് ലഖ്‌നൗവിന് നൽകുന്നത്. പിന്നാലെയെത്തുന്ന മാർക്കസ് സ്റ്റോയിനിസ്, ക്രുണാൽ പാണ്ഡ്യ എന്നിവരുടെ ഓൾറൗണ്ട് മികവും ടീമിന് കരുത്തേകുന്നു. അവസാന ഓവറിൽ തകർത്തടിക്കാൻ നിക്കോളസ് പുരാനും എത്തുന്നതോടെ ലഖ്‌നൗവിന്‍റെ ബാറ്റിങ് നിര അതിശക്തമാകും.
നായകൻ കെഎൽ രാഹുലിന്‍റെ ബാറ്റിങ്ങിലെ മെല്ലെപ്പോക്കും ദീപക് ഹൂഡ ഫോമിലേക്ക് ഉയരാത്തതുമാണ് ടീമിന്‍റെ പ്രധാന തലവേദന. രവി ബിഷ്‌ണോയ്, ക്രുണാൽ പാണ്ഡ്യ, അമിത് മിശ്ര എന്നിവരടങ്ങുന്ന സ്‌പിൻ നിര ഏത് ശക്തരേയും കറക്കി വീഴ്‌ത്താൻ കെൽപ്പുള്ളവരാണ്. പേസ് നിരയിൽ മാർക്ക് വുഡും, ആവേശ് ഖാനും തീ തുപ്പും പന്തുകളുമായി കളം നിറഞ്ഞാല്‍ പഞ്ചാബ് ബാറ്റിങ് നിര പ്രതിരോധത്തിലാകും.
പോരാട്ടമില്ലാത്ത ബാറ്റിങ് നിര: അതേസമയം അവസാന രണ്ട് മത്സരത്തിലെ തോൽവിക്ക് വിജയത്തിലൂടെ തിരിച്ചുവരാനാണ് പഞ്ചാബിന്‍റെ ലക്ഷ്യം. ബാറ്റിങ് നിരയിൽ ശിഖർ ധവാന്‍റെ ചുമലിലേറിയാണ് പഞ്ചാബ് മുന്നേറുന്നത്. മറ്റ് താരങ്ങൾക്കൊന്നും തന്നെ അവസരത്തിനൊത്തുയരാനാകുന്നില്ല.
ധവാൻ വീണാൽ പഞ്ചാബ് വീണു എന്നതാണ് ടീമിന്‍റെ നിലവിലത്തെ സ്ഥിതി. പരിക്കിന്‍റെ പിടിയിലായ ലിയാം ലിവിങ്‌സ്റ്റണ്‍ ഇന്നത്തെ മത്സരത്തിൽ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. കാഗിസോ റബാഡ, സാം കറൻ, അർഷ്‌ദീപ് സിങ് എന്നിവർക്കാണ് പഞ്ചാബ് ബോളിങിന്‍റെ ചുമതല.
നേർക്കുനേർ: ഐപിഎല്ലിൽ ഒരു മത്സരത്തിലാണ് പഞ്ചാബും ലഖ്‌നൗവും പരസ്‌പരം ഏറ്റുമുട്ടിയിട്ടുള്ളത്. 2022ൽ നടന്ന മത്സരത്തിൽ വിജയം ലഖ്‌നൗവിനൊപ്പമായിരുന്നു.
എവിടെ കാണാം: ഏക്‌ന സ്‌പോർട്ട്സ് സിറ്റിയിൽ രാത്രി 7 മണിക്ക് ആരംഭിക്കുന്ന ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് പഞ്ചാബ് കിങ്സ് മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിന്‍റെ ചാനലുകളിലൂടെ തത്സമയം കാണാം. ജിയോ സിനിമ വെബ്‌സൈറ്റ്, ആപ്ലിക്കേഷന്‍ എന്നിവ ഉപയോഗിച്ചും മത്സരം കാണാന്‍ സാധിക്കും.
ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് സ്ക്വാഡ്: കെ എൽ രാഹുൽ (ക്യാപ്റ്റന്‍), കൈൽ മേയേഴ്‌സ്, ക്വിന്‍റണ്‍ ഡി കോക്ക്, മനൻ വോറ, മാർക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പുരാൻ, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, കൃഷ്‌ണപ്പ ഗൗതം, ആയുഷ് ബഡോണി, മാർക്ക് വുഡ്, രവി ബിഷ്‌ണോയ്, ജയദേവ് ഉനദ്ഘട്ട്, പ്രേരക് മങ്കാഡ്, കരൺ ശർമ, യാഷ് താക്കൂർ, റൊമാരിയോ ഷെപ്പേർഡ്, അമിത് മിശ്ര, ഡാനിയൽ സാംസ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, യുധ്‌വീർ ചരക്, നവീൻ ഉൾ ഹഖ്, സ്വപ്‌നിൽ സിങ്, മായങ്ക് യാദവ്.
പഞ്ചാബ് കിങ്‌സ് സ്ക്വാഡ് : പ്രഭ്‌സിമ്രാൻ സിങ്, ശിഖർ ധവാൻ (ക്യാപ്റ്റന്‍), ജിതേഷ് ശർമ, ലിയാം ലിവിങ്‌സ്റ്റണ്‍, മാത്യു ഷോർട്ട്, ഭാനുക രജപക്‌സെ, സാം കറൻ, സിക്കന്ദർ റാസ, ഷാരൂഖ് ഖാൻ, രാജ് ബാവ, നഥാൻ എല്ലിസ്, അർഷ്‌ദീപ് സിങ്, ഋഷി ധവാൻ, അഥർവ ടൈഡെ, കാഗിസോ റബാദ, ബെൽതേജ് സിങ്, രാഹുൽ ചാഹർ, ശിവം സിങ്, ഹർപ്രീത് ബ്രാർ, വിദ്വർത് കവേരപ്പ, ഹർപ്രീത് ഭാട്ടിയ, മോഹിത് റാഥെ.