ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. വൈകിട്ട് 7.30ന് ചെപ്പോക്കിലാണ് മത്സരം. ഇന്ന് വിജയിക്കുന്ന ടീമിന് വെള്ളിയാഴ്‌ച നടക്കുന്ന മത്സരത്തിൽ ഗുജറാത്തിനെ നേരിടാം. തോൽക്കുന്നവർക്ക് ഈ സീസണ്‍ ഐപിഎല്ലിനോട് ബൈ പറഞ്ഞ് മടങ്ങാം. അതിനാൽ തന്നെ ജീവൻ മരണ പോരാട്ടത്തിൽ വിജയം നേടുക എന്നത് മാത്രമാകും ഇരു ടീമുകളുടെയും ലക്ഷ്യം.
ആറാം കിരീടം ലക്ഷ്യമിട്ട് മുംബൈ എത്തുമ്പോൾ കന്നി കിരീടം എന്ന സ്വപ്‌നം യാഥാർഥ്യമാക്കാനാണ് ലഖ്‌നൗവിന്‍റെ ശ്രമം. പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനക്കാരായാണ് ലഖ്‌നൗ പ്ലേ ഓഫ് യോഗ്യത നേടിയത്. 14 മത്സരങ്ങളിൽ നിന്ന് എട്ട് ജയം ഉൾപ്പെടെ 17 പോയിന്‍റാണ് ടീമിനുണ്ടായിരുന്നത്. അവസാന മൂന്ന് മത്സരങ്ങളിലും തകർപ്പൻ ജയം നേടിയാണ് ലഖ്‌നൗ പ്ലേഓഫിലെത്തിയത്. ഈ ആത്മവിശ്വാസത്തിൽ തന്നെയാകും ടീം ഇന്ന് മുംബൈയെ നേരിടാനെത്തുക.
ലീഗ് ഘട്ടത്തിൽ ഒരു മത്സരത്തിലാണ് ലഖ്‌നൗവും മുംബൈയും ഏറ്റുമുട്ടിയത്. ഈ മത്സരത്തിൽ അഞ്ച് റണ്‍സിന് ലഖ്‌നൗ മുംബൈയെ കീഴടക്കിയിരുന്നു. ഈ ജയം ഇന്നും ആവർത്തിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് ക്രുണാൽ പാണ്ഡ്യയും സംഘവും. അപ്രതീക്ഷിതമായി കളിതിരിക്കാൻ കഴിവുള്ള ടീമാണ് ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ്. കെ എൽ രാഹുലിന്‍റെ അഭാവത്തിൽ ക്രുണാൽ പാണ്ഡ്യക്ക് കീഴിൽ ഒത്തൊരുമയോടെ കളിക്കാൻ ടീമിനാകുന്നുണ്ട്.
കെയ്‌ൽ മെയേഴ്‌സ്, നിക്കോളാസ് പുരാൻ, മാർക്കസ് സ്റ്റോയിനസ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിലാണ് ടീമിന്‍റെ പ്രതീക്ഷ. ഓപ്പണർ ക്വിന്‍റൻ ഡി കോക്ക്, ആയുഷ് ബദോനി എന്നിവരും ഫോമിലേക്കുയർന്നാൽ ടീമിന് കൂറ്റൻ സ്‌കോർ കണ്ടെത്താനാകും. രവി ബിഷ്ണോയ്, ആവേശ് ഖാൻ, അമിത് മിശ്ര, നവീൻ ഉൽ ഹഖ്, കൃഷ്‌ണപ്പ ഗൗതം എന്നിവരാണ് ബൗളിങ് നിരയിലെ പ്രധാനികൾ.
കഷ്‌ടിച്ച് കയറി മുംബൈ: മറുവശത്ത് നാടകീയമായാണ് മുംബൈ പ്ലേ ഓഫിലേക്കെത്തിയത്. സണ്‍റൈസേഴ്‌സിനെതിരെ അവസാന മത്സരത്തിൽ തകർപ്പൻ ജയം നേടിയെങ്കിലും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഗുജറാത്തിനോട് തോൽവി വഴങ്ങിയതോടെയാണ് മുംബൈക്ക് പ്ലേ ഓഫിലേക്കുള്ള വഴി തുറന്നത്. 14 മത്സരങ്ങളിൽ നിന്ന് എട്ട് ജയം ഉൾപ്പെടെ 16 പോയിന്‍റുമായി നാലാം സ്ഥാനക്കാരായാണ് മുംബൈ പ്ലേ ഓഫ് യോഗ്യത നേടിയത്.
ഓപ്പണിങ് കൂട്ടുകെട്ടിൽ നായകൻ രോഹിത് ശർമ ഫോമിലേക്കുയർന്നത് മുംബൈക്ക് കരുത്തേകും. ഇഷാൻ കിഷൻ- രോഹിത് ശർമ ഓപ്പണിങ് സഖ്യം പവർപ്ലേയിൽ തകർത്തടിച്ചാൽ മുംബൈക്ക് കൂറ്റൻ സ്‌കോർ നേടാൻ സാധിക്കും. പിന്നാലെയെത്തുന്ന സൂര്യകുമാർ യാദവും, കാമറൂണ്‍ ഗ്രീനും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. സണ്‍റൈസേഴ്‌സിനെതിരെ ഗ്രീനിന്‍റെ സെഞ്ച്വറി മികവിലാണ് മുംബൈ വിജയിച്ച് കയറിയത്.
ആളിക്കത്തുമോ സൂര്യയും ഗ്രീനും: ആ പ്രകടനം താരം ഇന്നും പുറത്തെടുക്കുമെന്നാണ് മുംബൈ ആരാധകരുടെ പ്രതീക്ഷ. സൂര്യകുമാറും ഗ്രീനും ചേർന്ന് കൂറ്റനടികളുമായി കളം നിറഞ്ഞാൽ ലഖ്‌നൗ ബോളർമാർ വിയർക്കും. അതിനാൽ തന്നെ ഇവരെ പുറത്താക്കുക എന്നതാകും ലഖ്‌നൗവിന്‍റെ പ്രധാന ലക്ഷ്യം.
അതേസമയം ചെപ്പോക്കിൽ മുംബൈക്ക് കൂറ്റനടികളുമായി കളം നിറയാനാകുമോ എന്നതിലാണ് ആരാധകർ ഉറ്റുനോക്കുന്നത്. മുംബൈ കൂറ്റൻ സ്‌കോറുകൾ എല്ലാം നേടിയത് വാംഖഡെയിലെ സ്വന്തം മണ്ണിലായിരുന്നു എന്നത് തന്നെയാണ് ഇതിന് പ്രധാന കാരണം. ചെന്നൈയിൽ കളിച്ചപ്പോൾ 140 റണ്‍സ് പോലും മുംബൈക്ക് നേടാനായിരുന്നില്ല.
അതേസമയം ബോളിങ് നിരയാണ് മുംബൈയുടെ പ്രധാന തലവേദന. ജേസൺ ബെഹ്‌റൻഡോർഫ്, ക്രിസ് ജോർദാൻ എന്നീ വിദേശ ബോളർമാർ ആവശ്യത്തിലധികം തല്ല് വാങ്ങിക്കൂട്ടുന്നുണ്ട്. യുവതാരം ആകാശ് മധ്വാളിലും, സീനിയർ താരം പീയുഷ് ചൗളയിലുമാണ് നിലവിൽ മുംബൈയുടെ പ്രതീക്ഷ.
നിർണായകമായ അവസാന ഓവറുകളിൽ അമിതമായി റണ്‍സ് വഴങ്ങുന്നതാണ് മുംബൈയുടെ മറ്റൊരു പ്രശ്‌നം. ബുംറയുടെ അഭാവത്തിൽ ഡെത്ത് ഓവറുകൾ എറിയാൻ പോന്ന ഒരു താരത്തെ ഇനിയും മുംബൈക്ക് വാർത്തെടുക്കാൻ സാധിച്ചിട്ടില്ല. ഇതിന് പരിഹാരം കാണേണ്ടതും ടീമിന്‍റെ മുന്നോട്ട് പോക്കിന് നിർണായകമാണ്.