കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് നിതീഷ് റാണ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഐപിഎല്ലിന്റെ 16ാം സീസണിലെ 33ാം മത്സരമാണിത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ഗാര്‍ഡനിലാണ് കളി നടക്കുന്നത്.
വിക്കറ്റ് മികച്ചതായി തോന്നുന്നുവെന്ന് കൊല്‍ക്കത്ത നായകന് നിതീഷ് റാണ പറഞ്ഞു. മഞ്ഞ് വീഴ്ച ചേസിങ്ങിനെ ഏളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റാണ പറഞ്ഞു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്.
ലിറ്റണ്‍ ദാസും മന്ദീപും പ്ലേയിങ് ഇലവനില്‍ നിന്നും പുറത്തായപ്പോള്‍ എൻ ജഗദീശൻ, ഡേവിഡ് വൈസ് എന്നിവരാണ് ഇടം നേടിയത്. ടോസ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങളും ബോളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് നായകന് എംഎസ് ധോണി പറഞ്ഞു. തങ്ങളുടെ കളിക്കാരുടെ ആത്മവിശ്വാസം വളര്‍ന്നിട്ടുണ്ട്. പ്രത്യേകിച്ച് ബോളിങ് ഡിപ്പാർട്ട്മെന്റിന്റെ. എല്ലാവരും തങ്ങളുടേതായ സംഭാവന നല്‍കുക എന്നതാണ് പ്രധാനമെന്നും ധോണി പറഞ്ഞുനിര്‍ത്തി.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലേയിങ് ഇലവന്): എൻ ജഗദീശൻ (വിക്കറ്റ് കീപ്പര്‍), ജേസൺ റോയ്, നിതീഷ് റാണ (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സൽ, റിങ്കു സിങ്, സുനിൽ നരെയ്ൻ, ഡേവിഡ് വൈസ്, കുൽവന്ത് ഖെജ്രോലിയ, സുയാഷ് ശർമ, ഉമേഷ് യാദവ്, വരുൺ ചക്രവര്‍ത്തി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സബ്സ്: മൻദീപ് സിങ്, അനുകുൽ റോയ്, വൈഭവ് അറോറ, ലിറ്റൺ ദാസ്, വെങ്കിടേഷ് അയ്യർ
ചെന്നൈ സൂപ്പർ കിങ്സ് (പ്ലേയിങ് ഇലവന്): റുതുരാജ് ഗെയ്ക്വാദ്, ഡെവൺ കോൺവേ, അജിങ്ക്യ രഹാനെ, മൊയിൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍ ബാറ്റര്‍/ ക്യാപ്റ്റന്‍), മതീഷ പതിരണ, തുഷാർ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
ചെന്നൈ സൂപ്പർ കിങ്സ് സബ്സ്: ആകാശ് സിങ്, ഡ്വെയ്ൻ പ്രിട്ടോറിയസ്, ശുഭ്രാംശു സേനാപതി, ഷെയ്ക് റഷീദ്, ആർഎസ് ഹംഗാർഗേക്കർ
മുന്‍ കണക്ക്: ഐപിഎല്‍ ചരിത്രത്തിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് വ്യക്തമായ ആധിപത്യമുണ്ട്. നേരത്തെ 29 മത്സരങ്ങളിലാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 18 മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് വിജയം പിടിച്ചപ്പോള്‍ 10 കളികളാണ് കൊല്‍ക്കത്തയ്ക്ക് ഒപ്പം നിന്നത്. ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.
പിച്ച് റിപ്പോര്‍ട്ട്: ഐപിഎല്ലിന്റെ ഈ സീസണില്‍ വലിയ സ്കോറുകള്‍ പിറന്ന മൈതാനങ്ങളിലൊന്നാണ് ഈഡന് ഗാര്‍ഡന്‍സ്. ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ടീം 200 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തിരുന്നു. ബാറ്റര്‍മാരെ തുണയ്ക്കുന്ന ഈ പിച്ചില്‍ ചിലപ്പോഴൊക്കെ സ്പിന്നര്‍മാര്‍ക്കും ആനുകൂല്യം ലഭിക്കാറുണ്ട്.
ALSO RED: ബിസിസിഐയുടെ കണ്ണില്‍ സഞ്ജുവില്ല; പന്തിന്റെ പകരക്കാരനായി മറ്റ് രണ്ട് താരങ്ങള്‍ പരിഗണനയില്‍