അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫൈനലിസ്റ്റുകളെ തേടിയുള്ള പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ബാറ്റിങ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ മുംബൈ നായകൻ രോഹിത് ശർമ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഹൃത്വിക് ഷോക്കീന് പകരം കുമാർ കാർത്തികേയയെ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ ഗുജറാത്ത് നിരയിൽ ദസുൻ ഷനക, ദർശൻ നൽകണ്ഡെ എന്നിവർക്ക് പകരം ജോഷ്വ ലിറ്റിലും സായ് സുദർശനും ഇടം നേടി.
ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം ഞായറാഴ്‌ച നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ നേരിടും. പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്‌സിനോട് തോൽവി വഴങ്ങിയാണ് രണ്ടാം ക്വാളിഫയറിനെത്തുന്നത്. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ ചെന്നൈയോട് 15 റണ്‍സിന്‍റെ തോൽവിയാണ് ഗുജറാത്ത് വഴങ്ങിയത്.
അതേസമയം എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിനെതിരെ തകർപ്പൻ ജയം നേടിയാണ് മുംബൈ രണ്ടാം ക്വാളിഫയറിനെത്തുന്നത്. കരുത്തരായ ലഖ്‌നൗവിനെതിരെ 81 റണ്‍സിന്‍റെ കൂറ്റൻ ജയമാണ് മുംബൈ സ്വന്തമാക്കിയത്. പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരിൽ നിന്ന് ക്വാളിഫയർ വരെ എത്തി എന്നത് തന്നെയാണ് മുംബൈയെ കരുത്തരാക്കുന്നത്. ഈ സീസണിൽ ഇരു ടീമുകളും നേർക്കുനേർ വരുന്ന മൂന്നാമത്തെ മത്സരമാണിത്.
ലീഗ് ഘട്ടത്തിൽ നടന്ന രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരങ്ങളിൽ വീതം വിജയം നേടിയിരുന്നു. അഹമ്മദാബാദിൽ നടന്ന ആദ്യ മത്സരത്തിൽ ഗുജറാത്ത് 55 റൺസിന് ജയിച്ചപ്പോൾ വാങ്കഡെയിൽ നടന്ന രണ്ടാം മത്സരത്തിൽ 27 റൺസിന്‍റെ ജയമാണ് മുംബൈ നേടിയത്. ഗുജറാത്തിന്‍റെ ബാറ്റിങ് നിരയും മുംബൈയുടെ ബോളിങ് നിരയും തമ്മിലുള്ള പോരാട്ടത്തിനാകും ഇന്ന് നരേന്ദ്രമോദി സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
കരുത്തരായി ഗുജറാത്ത്: ഗുജറാത്തിന്‍റെ ബാറ്റിങും ബോളിങ്ങും ഒരുപോലെ കരുത്തേറിയതാണ്. ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, വിജയ് ശങ്കർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നീ താരങ്ങൾ ഇതിനകം തന്നെ തങ്ങളുടെ ബാറ്റിങ് കരുത്ത് തെളിയിച്ച് കഴിഞ്ഞു. തുടർച്ചയായ രണ്ട് സെഞ്ച്വറികളുമായി സീസണിൽ തിളങ്ങി നിൽക്കുന്ന ശുഭ്‌മാൻ ഗില്ലിൽ തന്നെയാണ് ഇന്ന് ഗുജറാത്തിന്‍റെ പ്രതീക്ഷ.
മുഹമ്മദ് ഷമി, റാഷിദ് ഖാന്‍ ജോഡിയിലാണ് ഗുജറാത്തിന്‍റെ ബൗളിങ് പ്രതീക്ഷയും. സീസണിലെ വിക്കറ്റ് വേട്ടയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ഇരുവരും ഇതുവരെ 51 വിക്കറ്റുകളാണ് എറിഞ്ഞിട്ടിട്ടുള്ളത്. കൂടാതെ മോഹിത് ശര്‍മ, നൂര്‍ അഹമ്മദ് എന്നിവരും മികച്ച രീതിയിൽ പന്തെറിഞ്ഞാൽ മുംബൈ ബാറ്റർമാര്‍ക്ക് അതൊരു വെല്ലുവിളിയായി മാറും.
ബോളിങ് കരുത്തിൽ മുംബൈ: ബാറ്റിങ് കരുത്തിൽ പ്ലേഓഫിലേക്ക് കുതിച്ച മുംബൈ ഇന്ത്യന്‍സിന് എലിമിനേറ്ററിൽ തുണയായത് ശക്‌തമായ ബോളിങ്ങാണ്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ അവിശ്വസനീയ പ്രകടനം കാഴ്‌ചവച്ച് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ആകാശ് മധ്വാളിലാണ് ഇന്നും ടീമിന്‍റെ പ്രതീക്ഷ.
സ്‌പിൻ നിരയിൽ പീയുഷ് ചൗളയുടെ പ്രകടനവും നിർണായകമാണ്. ബാറ്റിങിൽ കാമറൂണ്‍ ഗ്രീൻ, സൂര്യകുമാർ യാദവ് എന്നിവരിലാണ് ടീമിന്‍റെ പ്രതീക്ഷ. ഇരുവരും മികച്ച ഫോമിലാണ് ബാറ്റ് വീശുന്നത്. ഇഷാന്‍ കിഷന്‍, നായകൻ രോഹിത് ശർമ എന്നിവരും ഫോമിലേക്കുയർന്നാൽ മുംബൈക്ക് കൂറ്റൻ സ്‌കോർ കണ്ടെത്താനാകും.
പ്ലേയിങ് ഇലവൻ
ഗുജറാത്ത് ടൈറ്റൻസ് : ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ഡേവിഡ് മില്ലർ, ദസുൻ ഷനക, രാഹുൽ തെവാട്ടിയ, മോഹിത് ശർമ, ദർശൻ നൽകണ്ഡെ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി, നൂർ അഹമ്മദ്.
മുംബൈ ഇന്ത്യൻസ് : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, ടിം ഡേവിഡ്, നെഹാൽ വധേര, ക്രിസ് ജോർദാൻ, കുമാർ കാർത്തികേയ, പിയൂഷ് ചൗള, ജേസൺ ബെഹ്‌റൻഡോർഫ്, ആകാശ് മധ്വാൾ.