ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 9 റൺസിൻ്റെ തകർപ്പൻ ജയം. സണ്‍റൈസേഴ്‌സിൻ്റെ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസേ നേടാനായുള്ളു. സെഞ്ച്വറി കൂട്ടുകെട്ടുമായി ഫിലിപ് സാൾട്ടും മിച്ചൽ മാർഷും ചേർന്ന് ഡൽഹിക്ക് വിജയം സമ്മാനിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും തുടരെ തുടരെ വിക്കറ്റുകൾ പൊഴിഞ്ഞത് ടീമിന് തിരിച്ചടിയാവുകയായിരുന്നു.
വലിയ ലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയുടെ തുടക്കം ഞെട്ടിക്കുന്നതായിരുന്നു. ഇന്നിങ്‌സിന്‍റെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ (0) ഭുവനേശ്വര്‍ കുമാര്‍ ബൗള്‍ഡാക്കി. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ഫിലിപ്പ് സാൾട്ടും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെ എത്തിക്കുന്ന കാഴ്‌ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. പവര്‍പ്ലേയില്‍ കൂടുതല്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 57 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ഡല്‍ഹി ടോട്ടലില്‍ ചേര്‍ത്തത്.
10-ാം ഓവറില്‍ ഡല്‍ഹി നൂറ് റണ്‍സ് കടന്നു. പിന്നാലെ 29 പന്തുകളില്‍ നിന്ന് സാള്‍ട്ടും 28 പന്തുകളില്‍ നിന്നും മാര്‍ഷ് അര്‍ധ സെഞ്ചുറി തികച്ചു. 12-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ സാള്‍ട്ടിനെ വീഴ്‌ത്തിയ മായങ്ക് മാർക്കണ്ഡെയാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 35 പന്തില്‍ 9 ഫോറുകളോടെ 59 റണ്‍സെടുത്ത സാള്‍ട്ടിനെ മായങ്ക് മാർക്കണ്ഡെ റിട്ടേണ്‍ ക്യാച്ചിലൂടെ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ 112 റണ്‍സാണ് മാര്‍ഷ്-സാള്‍ട്ട് സഖ്യം അടിച്ചെടുത്തത്.
തൊട്ടടുത്ത ഓവറില്‍ മാര്‍ഷും വീണു. 39 പന്തില്‍ ഒരു ഫോറും ആറ് സിക്‌സും സഹിതം 63 റണ്‍സെടുത്ത മാര്‍ഷിനെ അകേല്‍ ഹൊസൈന്‍ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തിന്‍റെ കയ്യില്‍ എത്തിക്കുയായിരുന്നു. തുടര്‍ന്നെത്തിയ മനീഷ് പാണ്ഡെ (3 പന്തില്‍ 1), പ്രിയം ഗാര്‍ഗ് (9 പന്തില്‍ 12) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ഡല്‍ഹി 15.4 ഓവറില്‍ 140/5 എന്ന നിലയിലേക്ക് വീണു.
തൊട്ടടുത്ത ഓവറില്‍ ഇംപാക്‌ട് പ്ലെയറായ സര്‍ഫറാസ് ഖാനെ (10 പന്തില്‍ 9) ടി നടരാജന്‍ ബൗള്‍ഡാക്കിയതോടെ സംഘം കൂടതല്‍ പ്രതിരോധത്തിലായി. 17-ാം ഓവർ അവസാനിക്കുമ്പോൾ ഡൽഹിയുടെ വിജയലക്ഷ്യം 18 പന്തിൽ 48 റൺസായിരുന്നു. ഇതോടെ ക്രീസിലൊന്നിച്ച അക്സർ പട്ടേലും റിപാൽ പട്ടേലും ചേർന്ന് ടീമിനായി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വിജയലക്ഷ്യത്തിന് ഒൻപത് റൺസ് അകലെ ഡൽഹിയുടെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.
അക്സർ പട്ടേൽ 14 പന്തിൽ 29 റൺസുമായും റിപാൽ പട്ടേൽ 8 പന്തിൽ 11 റൺസുമായും പുറത്താകാതെ നിന്നു. സൺറൈസേഴ്സിനായി മായങ്ക് മാർക്കണ്ഡെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, അകേൽ ഹൊസൈൻ, ടി നടരാജൻ, അഭിഷേക് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ക്ലാസായി ക്ലാസനും അഭിഷേകും: നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 197 റണ്‍സ് നേടിയത്. അഭിഷേക് ശര്‍മ, ഹെന്‍റിച്ച് ക്ലാസന്‍ എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഹൈദരാബാദിന് മികച്ച നിലയില്‍ എത്തിച്ചത്.
36 പന്തില്‍ 67 റണ്‍സടിച്ച അഭിഷേക് ശര്‍മയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. 27 പന്തില്‍ പുറത്താവാതെ 53 റണ്‍സാണ് ക്ലാസന്‍ കണ്ടെത്തിയത്. പവര്‍പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് വിക്കറ്റിന് 62 റണ്‍സ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്. അഭിഷേക് ശര്‍മ ഒരറ്റത്ത് റണ്‍സ് കണ്ടെത്തുമ്പോള്‍ നിലയുറപ്പിക്കാന്‍ കഴിയാതെ മായങ്ക് അഗര്‍വാള്‍ (6 പന്തില്‍ 5), രാഹുല്‍ ത്രിപാഠി (6 പന്തില്‍ 10) എന്നിവർ മടങ്ങി.
മായങ്കിനെ മൂന്നാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഇഷാന്ത് ശര്‍മ ഫിലിപ് സാള്‍ട്ടിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ് എറിഞ്ഞ അഞ്ചാം ഓവറിലെ നാലാം പന്തില്‍ രാഹുല്‍ ത്രിപാഠിയെ മനീഷ് പാണ്ഡെയുടെ കയ്യിലും ഒതുങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്‍ എയ്‌ഡന്‍ മാര്‍ക്രത്തെ കൂട്ടുപിടിച്ച അഭിഷേക് സ്‌കോര്‍ ഉയര്‍ത്തി. ഇതോടെ 25 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി തികയ്‌ക്കാനും താരത്തിന് കഴിഞ്ഞു.
എന്നാല്‍ മിച്ചല്‍ മാര്‍ഷര്‍ഷ് എറിഞ്ഞ 10-ാം ഓവറില്‍ ഹൈദരാബാദിന് ഇരട്ട പ്രഹരമാണ് ലഭിച്ചത്. എയ്‌ഡന്‍ മാര്‍ക്രവും (13 പന്തില്‍ 8), ഹാരി ബ്രൂക്കും (2 പന്തില്‍ 0) അക്‌സര്‍ പട്ടേലിന്‍റെ കയ്യില്‍ ഒടുങ്ങുകയായിരുന്നു. അധികം വൈകാതെ അഭിഷേകിനെ അക്‌സര്‍ പട്ടേല്‍ മടക്കി. 12 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ഈ സമയം 11.3 ഓവറില്‍ അഞ്ചിന് 109 റണ്‍സ് എന്ന നിലയിലായിരുന്നു ഹൈദരാബാദ്.
ആറാം വിക്കറ്റില്‍ ഒന്നിച്ച ഹെന്‍റിച്ച് ക്ലാസനും അബ്‌ദുള്‍ സമദും ചേര്‍ന്ന് 16-ാം ഓവറില്‍ സംഘത്തെ 150 റണ്‍സ് കടത്തി. ക്ലാസനായിരുന്നു കൂടുതല്‍ അപകടകാരി. തൊട്ടടുത്ത ഓവറിന്‍റെ അവസാന പന്തില്‍ അബ്‌ദുല്‍ സമദിനെ (21 പന്തില്‍ 28) മിച്ചല്‍ മാര്‍ഷ് തിരിച്ചയച്ചു. മാര്‍ഷിന്‍റെ നാലാം വിക്കറ്റായിരുന്നു ഇത്. പിന്നീട് ഒന്നിച്ച ഹെന്‍റിച്ച് ക്ലാസനും അകേൽ ഹൊസൈനും (10 പന്തില്‍ 16*) പുറത്താവാതെ നില്‍ക്കുകയായിരുന്നു. ഡല്‍ഹിക്കായി മിച്ചല്‍ മാര്‍ഷ് നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ നേടി.
ALSO READ: ഗുര്‍ബാസിന്‍റെ തെരഞ്ഞ് പിടിച്ചടി; 100-ാം ഐപിഎല്‍ മത്സരത്തില്‍ നിറം മങ്ങി റാഷിദ് ഖാന്‍