ചെന്നൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. സ്വന്തം തട്ടകമായ ചെപ്പോക്കില്‍ ആറ് വിക്കറ്റിന്‍റെ വിജയമാണ് ധോണിപ്പട നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത മുംബൈ നേടിയ 139 റണ്‍സിന് മറുപടിക്കിറങ്ങിയ ചെന്നൈ 17.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 140 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്.
പേരുകേട്ട മുംബൈയുടെ ബാറ്റിങ് നിരയ്‌ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതിരുന്ന പിച്ചില്‍ അനായാസമാണ് ചെന്നൈ വിജയത്തിലേക്ക് എത്തിയത്. ഡെവോണ്‍ കോണ്‍വെ (42 പന്തില്‍ 44) ആണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് സ്‌കോര്‍ ബോര്‍ഡില്‍ 46 റണ്‍സുള്ളപ്പോഴാണ് ആദ്യ വിക്കറ്റ് നഷ്‌ടമാവുന്നത്.
അഞ്ചാം ഓവറിന്‍റെ ആദ്യ പന്തില്‍ റിതുരാജ് ഗെയ്‌ക്‌വാദിനെ (16 പന്തില്‍ 30) പിയൂഷ് ചൗള വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഡെവോണ്‍ കോണ്‍വേയൊടൊപ്പം ഒന്നിച്ച അജിങ്ക്യ രഹാനെയെ (17 പന്തില്‍ 21) മികച്ച തുടക്കം മുതലാക്കും മുമ്പ് പിയൂഷ് മടക്കി. ഇംപാക്‌ട് പ്ലെയറായെത്തിയ അമ്പാട്ടി റായിഡുവിനെ (11 പന്തില്‍ 12) നിലയുറപ്പിക്കും മുമ്പ് ട്രിസ്റ്റൻ സ്റ്റബ്‌സ് വീഴ്‌ത്തിയെങ്കിലും ചെറിയ ലക്ഷ്യം പിന്തുടരുന്നതിനാല്‍ ചെന്നൈക്ക് പ്രതിരോധത്തിലാവേണ്ടി വന്നില്ല.
13-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ റായിഡു മടങ്ങുമ്പോള്‍ 105/3 എന്ന നിലയിലായിരുന്നു ചെന്നൈ. അഞ്ചാം നമ്പറിലെത്തിയ ശിവം ദുബെയ്‌ക്ക് ഒപ്പം ചെന്നൈയെ വിജയത്തിന് തൊട്ടടുത്തെത്തിച്ചാണ് കോണ്‍വെ വീണത്. 18 പന്തില്‍ 26 റണ്‍സുമായി ദുബെയും മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി ധോണിയും പുറത്താവാതെ നിന്നു. മുംബൈക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റ് വീഴ്‌ത്തി.
മുംബൈയുടെ മാനം കാത്ത് നേഹര്‍: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 139 റണ്‍സ് നേടിയത്. ചേസിങ് രാജാക്കന്മാരായ മുംബൈ ബാറ്റിങ് നിരയ്‌ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സ് ബോളര്‍മാര്‍ കടിഞ്ഞാണിടുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ മതീഷ പതിരണ, രണ്ട് വിക്കറ്റുകള്‍ വീതം നേടിയ ദീപക് ചഹാര്‍, തുഷാര്‍ ദേശ്‌പാണ്ഡെ എന്നിവരും തിളങ്ങി.
അര്‍ധ സെഞ്ചുറി നേടിയ നെഹാല്‍ വധേരയുടെ പ്രകടനമാണ് മുംബൈയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. തുടക്കം തന്നെ മുംബൈക്ക് പിഴച്ചിരുന്നു. ഇഷാന്‍ കിഷനൊപ്പം സ്ഥാനക്കയറ്റം കിട്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയ കാമറൂണ്‍ ഗ്രീനെ (4 പന്തില്‍ 6) രണ്ടാം ഓവറില്‍ തന്നെ ടീമിന് നഷ്‌ടമായി.
ഗ്രീനിനെ തുഷാര്‍ ദേശ്‌പാണ്ഡെ ബൗള്‍ഡാക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ഇഷാനെയും രോഹിത്തിനെയും വീഴ്‌ത്തിയ ദീപക് ചഹാര്‍ മുംബൈയെ പ്രതിരോധത്തിലാക്കി. ഇഷാനെ (9 പന്തില്‍ 7) മഹീഷ് തീക്ഷണയും രോഹിത്തിനെ (3 പന്തില്‍ 0) ജഡേജയും കയ്യില്‍ ഒതുക്കുകയായിരുന്നു. തുടര്‍ന്ന് ഒന്നിച്ച സൂര്യകുമാര്‍ യാദവും നെഹാൽ വധേരയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 56 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി.
11-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സൂര്യകുമാറിനെ (22 പന്തില്‍ 26) ബൗള്‍ഡാക്കിയ ജഡേജയാണ് ചെന്നൈയെ മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീടെത്തിയ ട്രിസ്റ്റൻ സ്റ്റബ്‌സിനൊപ്പം ചേര്‍ന്ന നേഹല്‍ 16-ാം ഓവറില്‍ മുംബൈയെ നൂറ് കടത്തി. എന്നാല്‍ അധികം വൈകാതെ നേഹലിനെ മതീഷ പതിരണ തിരിച്ചയച്ചു.
എട്ട് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുമെന്ന് പ്രതീക്ഷിച്ച ടിം ഡേവിഡും (4 പന്തില്‍ 2), പിന്നാലെ അര്‍ഷാദ് ഖാന്‍ (2 പന്തില്‍ 1), ട്രിസ്റ്റൻ സ്റ്റബ്‌സ് (20 പന്തില്‍ 21) എന്നിവരും മടങ്ങിയതോടെ മുംബൈ ചെറിയ സ്‌കോറില്‍ ഒതുങ്ങി. പിയൂഷ് ചൗള (2 പന്തില്‍ 2*), ജോഫ്ര ആര്‍ച്ചര്‍ (2 പന്തില്‍ 3*) എന്നിവര്‍ പുറത്താവാതെ നിന്നു.
ALSO READ: IPL 2023| 'ഹിറ്റ്‌മാനോ അതോ ഡക്ക്‌മാനോ'?; ഐപിഎല്ലില്‍ മോശം റെക്കോഡിട്ട് രോഹിത് ശര്‍മ