അഹമ്മദാബാദ്: ഫൈനലില്‍ കാലിടറിയെങ്കിലും തലയുയര്‍ത്തിയാണ് റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്‍റെ മടക്കം. താരലേലത്തില്‍ മികച്ച താരങ്ങളെ സ്വന്തമാക്കിയ രാജസ്ഥാനെ സഞ്ജു സാംസണ്‍ പക്വതയുള്ള നായകനായി മുന്നിൽ നിന്ന് നയിച്ചു. ഫൈനലിലെ നിർണായക സാഹചര്യത്തിൽ സ്‌കോർ ചെയ്യാനായില്ലെങ്കിലും 17 കളിയില്‍ 458 റണ്‍സുമായി റൺവേട്ടക്കാരിൽ ഒമ്പതാമനാണ് സഞ്ജു.
'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു സ്‌പെഷ്യല്‍ സീസണായിരുന്നു. കഴിഞ്ഞ രണ്ട്, മൂന്ന് സീസണുകളില്‍ ആരാധകര്‍ക്ക് നിരാശ മാത്രമാണ് ഞങ്ങള്‍ സമ്മാനിച്ചത്. ഇത്തവണ അവര്‍ക്ക് സന്തോഷിക്കാനുള്ള വക നല്‍കാനായി. എന്‍റെ ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. യുവാക്കളും സീനിയര്‍ താരങ്ങളും ഒരുപോലെ കളിക്കുന്ന സംഘമാണ് ഞങ്ങളുടേത്. എന്നാല്‍ ഫൈനല്‍ ദിവസം തിളങ്ങാനായില്ല.' മത്സരശേഷം സഞ്ജു വ്യക്തമാക്കി.
ജോസ് ബട്‌ലറെ അമിതമായി ആശ്രയിച്ചതാണ് തിരിച്ചടിയായത്. പല മത്സരങ്ങളിലും താരത്തിന്‍റെ പ്രകടനം കൊണ്ടു മാത്രമാണ് ടീം മികച്ച സ്‌കോറിലെത്തിയത്. ടീമിലെ മറ്റു ബാറ്റർമാരായ യശസ്വി ജയ്‌സ്വാളും ദേവ്ദത്ത് പടിക്കലും ബട്‌ലറിന് വേണ്ടത്ര പിന്തുണ നൽകിയില്ല. വെടിക്കെട്ട് ബാറ്ററായ ഹെറ്റ്‌മെയർ അവസാന മത്സരങ്ങളില്‍ നിരാശപ്പെടുത്തി.
അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോള്‍ വിശ്വസ്‌ത സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും യൂസ്‌വേന്ദ്ര ചാഹലും പതിവ് മികവിലേക്ക് ഉയരാതിരുന്നതും പ്രതിസന്ധിയായി. എങ്കിലും മുന്‍ സീസണുകളെ അപേക്ഷിച്ച് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒട്ടേറെ നിമിഷങ്ങള്‍ നല്‍കാന്‍ സഞ്ജുവിനും സംഘത്തിനുമായി.