മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പോയിന്‍റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും തമ്മിൽ ഏറ്റുമുട്ടും. ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും തമ്മിൽ രാത്രി 7.30ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഗുജറാത്തിനെ സംബന്ധിച്ച് വിജയത്തോടെ പട്ടികയിലെ ഒന്നാം സ്ഥാനം ഒന്നുകൂടെ ഊട്ടി ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. എന്നാൽ വിജയിച്ച് പട്ടികയിലെ അവസാന സ്ഥാനക്കാർ എന്ന നാണക്കേട് ഒഴിവാക്കാനാകും മുംബൈയുടെ ശ്രമം.തുടർച്ചയായ എട്ട് മത്സരങ്ങളിലെ തോൽവിക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാനെതിരെ നേടിയ വിജയത്തിന്‍റെ ആത്‌മവിശ്വാസത്തിലാണ് മുംബൈ ഇന്ന് കളത്തിലിറങ്ങുന്നത്.
നായകൻ രോഹിത് ശർമ്മ ഉൾപ്പെടെയുള്ള താരങ്ങളുടെ മോശം ഫോമാണ് ടീമിന് തിരിച്ചടി. സൂര്യകുമാർ യാദവ് മാത്രമാണ് ഈ സീസണിൽ മുംബൈ നിരയിൽ നിന്ന് സ്ഥിരതയോടെ ബാറ്റ് വീശിയ ഒരേ ഒരു താരം. ഒരു പരിധിവരെ തിലക് വർമയും ബാറ്റിങ്ങിൽ യാദവിന് കൂട്ടായി എത്തുന്നുണ്ട്.
ഒരു കാലത്ത് ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിങ് നിരയായിരുന്ന മുംബൈയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. അവരുടെ സ്റ്റാർ ബൗളർ ജസ്‌പ്രീത് ബുംറ പോലും നിരാശാജനകമായ പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ജയദേവ് ഉനദ്ഘട്ടും കിറോണ്‍ പൊള്ളാഡുമെല്ലാം അടിവാങ്ങി കൂട്ടുന്നുണ്ട്. സ്‌പിൻ നിരയുടെ കാര്യവും വ്യത്യസ്‌തമല്ല.
മറുവശത്ത് ഏറെ കരുത്തരായ ടീമാണ് ഗുജറാത്തിന്‍റേത്. ഓൾറൗണ്ട് മികവിൽ തിളങ്ങുന്ന നായകൻ ഹാർദിക് പാണ്ഡ്യ തന്നെയാണ് ടീമിന്‍റെ തുറുപ്പു ചീട്ട്. ഡേവിഡ് മില്ലർ ഫോമായാൽ ഗുജറാത്തിന് കാര്യങ്ങൾ കുറച്ചുകൂടെ എളുപ്പമാകും. അവസാന ഓവറുകളിൽ തകർത്തടിക്കുന്ന രാഹുൽ തെവാട്ടിയ- റാഷിദ് ഖാൻ സഖ്യവും ടീമിന് കരുത്തു പകരുന്നുണ്ട്.
ഗുജറാത്തിന്‍റെ ബൗളർമാരും മികച്ച ഫോമിൽ തന്നെയാണ്. മുഹമ്മദ് ഷമി, ലോക്കി ഫെർഗൂസണ്‍, അൽസരി ജോസഫ് എന്നിവർ അടങ്ങുന്ന പേസ് നിര ശക്‌തമാണ്. റാഷിദ് ഖാൻ നയിക്കുന്ന സ്‌പിൻ നിരയും ഏത് മികച്ച ബാറ്റിങ് നിരയേയും വീഴ്ത്താൻ കെൽപ്പുള്ളവരാണ്. ഏറെക്കാലം മുംബൈ നിരയിൽ ഒന്നിച്ചുണ്ടായിരുന്ന ഹാർദിക് പാണ്ഡ്യയും രോഹിത് ശർമയും നേർക്ക് നേർ വരുമ്പോൾ വിജയം ആർക്കൊപ്പം എന്ന ആകാംക്ഷയിലാണ് ആരാധകർ.