അഹമ്മദാബാദ്: ഐപിഎൽ പതിനഞ്ചാം സീസണിലെ കലാശപ്പോരാട്ടം ഇന്ന്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന് സഞ്ജു സാംസണിന്‍റെ കീഴിലിറങ്ങുന്ന രാജസ്ഥാൻ റോയൽസാണ് എതിരാളികൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ്മത്സരം.
14 വർഷത്തിന് ശേഷമാണ് ആർആർ ഐപിഎൽ ഫൈനൽ കാണുന്നത്. ആദ്യ സീസണിലാണ് രാജസ്ഥാൻ അവസാനമായി ഫൈനലിലെത്തിയത്. അന്ന് ഷെയ്ൻ വോൺ എന്ന മാന്ത്രികൻ കന്നി കിരീടത്തിലേക്ക് ടീമിനെ നയിച്ചു. 2008ൽ ആദ്യമായി ഐപിഎൽ കിരീടം നേടുമ്പോൾ ഇന്നത്തെ ക്യാപ്റ്റൻ സഞ്ജു സാംസണിന് 14 വയസായിരുന്നു.
ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ്, മികച്ച പ്രകടനമാണ് സീസണിൽ നടത്തിയത്. ചെന്നൈ സൂപ്പർ കിങ്ങ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവയ്ക്ക് പിന്നാലെ അരങ്ങേറ്റ സീസണിൽ തന്നെ ഫൈനലിൽ എത്തുന്ന ടീമാണ് ഗുജറാത്ത്. ഇന്ന് ജയിച്ചാൽ രാജസ്ഥാന്‍റെ റെക്കോഡിനൊപ്പം ഇവർക്കും എത്താം.
സീസണിൽ നാല് സെഞ്ചുറി നേടിയ ജോസ് ബട്‍ലറുടെ മിന്നൽ തുടക്കവും ജയ്‌സ്വാളിന്‍റെ വെടിക്കെട്ടിലുമാണ് രാജസ്ഥാന്‍റെ പ്രതീക്ഷ. മധ്യനിരയിൽ നായകൻ സഞ്ജുവും ദേവ്ദത്ത് പടിക്കലും ഹെറ്റമയറുമുണ്ട്. സ്‌പിന്നുകൊണ്ട് ബാറ്റർമാരെ വട്ടംകറക്കാൻ ആര്‍ അശ്വിനും യുസ്‌വേന്ദ്ര ചഹലും കളത്തിലെത്തും. ട്രെന്‍ഡ് ബോൾട്ടും പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയിയുമുള്ള പേസ് നിരയാണ് കൂടുതൽ അപകടകാരികൾ..
വൃദ്ധിമാന്‍ സാഹയും മാത്യൂ വെയ്‌ഡും മികച്ച തുടക്കം നൽകിയാൽ ടൈറ്റൻസിന് മികച്ച സ്‌കോർ പടുത്തുയർത്താം. നട്ടെല്ലായി ശുഭ്‌മാന്‍ ഗില്ലും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും. കളിയുടെ ഗതി മാറ്റിമറിക്കാൻ കഴിവുള്ള മില്ലർ ക്രീസിലുറച്ചാൽ സിക്‌സറുകളുടെ പെരുമഴയായിരിക്കും.
റാഷിദ് ഖാന്‍റെ സ്‌പിന്നിലും മുഹമ്മദ് ഷമിയുടെ പേസിലും ടൈറ്റൻസിന് പ്രതീക്ഷയേറെ. പവർപ്ലേയിലും ഡെത്ത് ഓവറികളിലും ടൈറ്റൻസിന്‍റെ ബൗളിംഗ് മികവിനെ ബാറ്റർമാർ എങ്ങനെ അതിജിവിക്കും എന്നതായിരിക്കും രാജസ്ഥാന് നിർണായകമാവുക. സീസണിൽ നേരത്തെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഗുജറാത്തിനൊപ്പമായിരുന്നു.