ഹൈദരാബാദ്: 'ദ വോയ്‌സ് ഓസ്‌ട്രേലിയ' എന്ന ലോകോത്തര റിയാലിറ്റി ഷോയില്‍ കേരളത്തനിമയുള്ള വസ്‌ത്രങ്ങളണിഞ്ഞെത്തി വിഖ്യാത ഗായിക ബില്ലി എലിഷിന്‍റെ 'ലവ്‌ലി' എന്ന ഗാനമാലപിച്ച് ജഡ്‌ജസിനെ നിര്‍ത്താതെ ബസ്സറടിപ്പിച്ച ജാനകി ഈശ്വരെന്ന സുന്ദരിക്കുട്ടിയെ കേരളക്കര മറന്നുകാണില്ല. ആംഗലേയ ഗാനങ്ങളും അതിന്‍റ കവറുകളും ഒറിജിനലിനൊത്ത പൂര്‍ണതയോടെ പാടി കയ്യടി നേടുന്ന ഈ മിടുക്കിയുടെ ശബ്‌ദം ഇനി ലോകം ഒന്നടങ്കം കേള്‍ക്കുക ടി20 ക്രിക്കറ്റ് ലോകകപ്പ് വേദിയിലാകും. അതായത് ക്രിക്കറ്റ് ലോകം ഏറെ കാത്തിരിക്കുന്ന ടി20 ലോകകപ്പിന്‍റെ ഫൈനലിന് ആവേശം പകരാന്‍ ജാനകി ഈശ്വര്‍ എന്ന ഈ 'കോഴിക്കോട്ടുകാരി'യും കാണും.
ലോകകപ്പ് ഫൈനല്‍ മത്സരത്തിന് മുന്നോടിയായി നവംബര്‍ 13 ന് നടക്കുന്ന പ്രീ ഗെയിം ഷോയിലാണ് ഐക്കോണിക് റോക്ക് ബാന്‍റായ ഐസ്ഹൗസിനൊപ്പം ജാനകിയുമെത്തുക. 2007 ല്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണിലേക്ക് താമസം മാറിയ കോഴിക്കോട്ടുകാരായ അനൂപ് ദിവാകരന്‍ -ദിവ്യ ദമ്പതികളുടെ മകളായി 2009 ലാണ് ജാനകി ഈശ്വര്‍ ജനിക്കുന്നത്. ഇന്ത്യന്‍ ഓസ്‌ട്രേലിയന്‍ ഗായിക, ഗാനരചയിതാവ്, യൂട്യൂബ് കണ്ടന്‍റ് ക്രിയേറ്റര്‍, സമൂഹമാധ്യമങ്ങളിലെ താരം എന്നീ നിലകളില്‍ ഈ കൊച്ചുമിടുക്കി ശ്രദ്ധേയയാണ്.
സംഗീതത്തിന്‍റെ 'ജാനകി'യായ കഥ:'ദ വോയ്‌സ് ഓസ്‌ട്രേലിയ'യുടെ 10 -ാം സീസണിലാണ് ഇന്ത്യന്‍ വേരുകളുള്ള ജാനകി ഈശ്വര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രശസ്‌ത ഗായിക ബില്ലി എലിഷിന്‍റെ 'ലവ്‌ലി' എന്ന ഗാനത്തിന്‍റെ കവര്‍ സോങ് രാഗ് കമാസ് എന്ന മത്സരഘട്ടത്തില്‍ തകര്‍ത്ത് പാടി ജാനകി അരങ്ങേറ്റം ഗംഭീരമാക്കി. കെയ്‌ത്ത് അര്‍ബന്‍, റിത്ത, ഒറ, ജെസിക്ക മൗബോയ് തുടങ്ങി ഓസ്‌ട്രേലിയക്കാരുടെ രോമാഞ്ചമായ ഗായകവൃന്തത്തിന്‍റെ അരുമ ശിഷ്യയായി ജാനകി മാറുന്നതും 2021 ലെ ഈ സീസണിലാണ്.
കേരളത്തിലെയും പ്രത്യേകിച്ച് സൗത്ത് ഇന്ത്യയിലെ പരമ്പരാഗത വസ്‌ത്രങ്ങളണിച്ച് ഒട്ടും ഭയപ്പാടില്ലാതെ വന്ന് കയ്യടി നേടി തിരിച്ചുപോകാറുള്ള ജാനകി ഈശ്വര്‍ വിദേശത്തുള്ള ഇന്ത്യന്‍ വംശജരുടെയും അഭിമാനമായി മാറിയത് വളരെ പെട്ടന്നായിരുന്നു. സുന്ദരവും ശുദ്ധവുമായ ആലാപന വൈഭവം കൊണ്ട് റിയാലിറ്റി ഷോ ജഡ്‌ജുമാരെ അമ്പരപ്പിച്ചു മുന്നേറിയ ജാനകിക്ക് ഇതോടെ വിദേശമണ്ണില്‍ പല അവസരങ്ങളും വന്നുചേര്‍ന്നു. ഇതൊക്കെ തന്നെയാണ് അടുത്തിടെ മാതാപിതാക്കള്‍ക്കൊപ്പം ഇന്ത്യയിലെത്തിയപ്പോള്‍ ഫ്ലവേഴ്‌സ് ടിവിയുടെ ടോപ് സിംഗര്‍, ക്ലബ് എഫ്എം, ട്വന്‍റിഫോര്‍ ന്യൂസ് തുടങ്ങി മുന്‍നിര മാധ്യമങ്ങളൊക്കെയും ജാനകി ഈശ്വരിന്‍റെ ഇന്‍റര്‍വ്യൂകള്‍ക്കും, വിലയേറിയ സാന്നിധ്യത്തിനുമായി റെഡ് കാര്‍പറ്റ് വിരിച്ചിട്ടത്.
കെട്ടിലും മട്ടിലും മലയാളി: വിദേശത്ത് ചേക്കേറിയ ചില പ്രത്യേക ഇന്ത്യന്‍ പൗരന്മാരെ പോലെ മലയാളം 'ഒറ്റും അരിയാത്ത' കൂട്ടത്തിലല്ല ജാനകി ഈശ്വര്‍. മലയാളത്തിനൊപ്പം ഹിന്ദി, ഇംഗ്ലീഷ് എന്നിവ നല്ല രീതിയില്‍ സംസാരിക്കാന്‍ ജാനക്കിക്ക് അറിയാം. ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതവും മറ്റ് പല ഭാഷകളിലുള്ള സംഗീതവും കേട്ട് വളര്‍ന്ന ജാനകിയുടെ ബാല്യത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് അച്ഛന്‍റെ ജന്മനാടായ കോഴിക്കോട്ടെ വിദ്യാലയത്തില്‍ പേര് ചേര്‍ത്തിരുന്നു എന്നത് മറ്റൊരു കൗതുകം.
ജാനകി ഈശ്വറിന്‍റെ യൂട്യൂബ് ചാനലിലെത്തുന്നവര്‍ക്ക് ഇവര്‍ സുന്ദരമായി പാടിയ മലയാള ഗാനങ്ങളും കാണാനാകും. കാലിക്കറ്റ് ആര്‍ട് ഗാലറിയില്‍ ചിത്രരചന ക്ലാസുകളെടുത്തും തന്‍റെ ചിത്രരചനകള്‍ പ്രസിദ്ധപ്പെടുത്തിയുമെല്ലാം താനൊരു 'തനി മലയാളി' കൂടിയാണെന്ന് ജാനകി വിളംബരപ്പെടുത്തുന്നുണ്ട്.
യൂട്യൂബ് വളര്‍ത്തിയ ജാനകി: 'ദ വോയ്‌സ് ഓസ്‌ട്രേലിയ'യുടെ 10 -ാം സീസണില്‍ പാടിയ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി എന്ന നിലയിലും ഈ റിയാലിറ്റി ഷോയുടെ കണ്ടെത്തലെന്ന നിലയിലുമാണ് ജാനകി ഈശ്വറിനെ ലോകത്തിന് പരിചയമുള്ളത്. എന്നാല്‍ ഇതിനെല്ലാം മുമ്പ് കേരളീയനായ അലന്‍ ജോയ് നിര്‍മാണം നിര്‍വഹിച്ച ക്ലൗണിലാണ് ജാനകി ആദ്യമായി പാടുന്നത്. തുടര്‍ന്ന് ദ വോയ്‌സ് ഓസ്‌ട്രേലിയയിലൂടെ സെലിബ്രിറ്റിയായി ഉയര്‍ന്ന ജാനകി അടുത്തിടെ ഒക്‌ടോബര്‍ 30ന് മെല്‍ബണിലെ ഇന്ത്യ ഫാഷന്‍ വീക്ക് ഓസ്‌ട്രേലിയയില്‍ പരിപാടി അവതരിപ്പിച്ചിരുന്നു.
ജാന്‍സ് ഇന്‍റര്‍നാഷണല്‍ എന്ന സംഗീത അക്കാദമിയില്‍ ഡേവിഡ് ജാന്‍സ് എന്ന അധ്യാപകന് കീഴിലാണ് ജാനകി സംഗീതം പഠനം തുടരുന്നത്. തന്‍റെ യൂട്യൂബ് ചാനലില്‍ കവര്‍ സോങ്ങുകള്‍ പാടി അപ്‌ലോഡ് ചെയ്‌താണ് ജാനകി തന്‍റെ സംഗീത കരിയര്‍ ആരംഭിക്കുന്നത്. നിലവില്‍ ഇത്തരത്തിലുള്ള 19 ഗാനങ്ങള്‍ അപ്‌ലോഡ് ചെയ്‌ത യൂട്യൂബ് ചാനല്‍ ഏഴ് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തിലധികം പേര്‍ പിന്തുടരുന്നുണ്ട്.
2019 ഓഗസ്‌റ്റ് ഒന്നിനാണ് 'സംവേര്‍ ഓവര്‍ ദ റെയിന്‍ബോ' എന്ന ഗാനം ആലപിച്ച് തന്‍റെ ആദ്യ യൂട്യൂബ് വീഡിയോ ജാനകി അപ്‌ലോഡ് ചെയ്യുന്നത്. പിന്നീട് 2020 ജനുവരി 23ന് അപ്‌ലോഡ് ചെയ്‌ത് 'എന്നടി മായാവി നീ' എന്ന ഗാനത്തിന്‍റെ റീ ഓര്‍ക്കസ്‌ട്രഡ് കവര്‍ സോങ് 39 ദശലക്ഷം പേര്‍ കണ്ടു. കൂടാതെ മൂന്ന് ലക്ഷത്തി എഴുപത്തിയെട്ടായിരത്തില്‍ പരം പേര്‍ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇന്‍സ്‌റ്റഗ്രാമില്‍ നിലവില്‍ ജാനകി ഈശ്വറിനെ പിന്തുടരുന്നുണ്ട്. ഇതുകൂടാതെ ഗിറ്റാര്‍, വയലിന്‍ വായനകളിലും ജാനകി ഈശ്വര്‍ ശ്രദ്ധേയയാണ്.
ലോകം തൊട്ടു, ഇനി മലയാളി മനം തൊടാന്‍: ഐസിസി സംഘടിപ്പിക്കുന്ന മെന്‍സ് ടി20 ലോകകപ്പിന്‍റെ ഫൈനല്‍ വേദിയിലെത്തുമ്പോള്‍ ഐസ്ഹൗസ് ബാന്‍റിനായി സിംബാബ്‌വേ റോക്ക് ബാന്‍റ് കലാകാരനായ താണ്ടോ സിക്വിലക്കൊപ്പം 'വീ കാന്‍ ഗെറ്റ് ടുഗെതര്‍' എന്ന ഗാനത്തിലാണ് ജാനകി ഈശ്വറും കൈകോര്‍ക്കുക. ഇതിന് പിറകെ വരാനിരിക്കുന്ന ഒരു മലയാള ചലച്ചിത്രത്തില്‍ ജാനകി ഗാനമാലപിക്കുമെന്ന് കേരളത്തിലെ പ്രസിദ്ധ മ്യൂസിക് ബാന്‍റായ 'മസാല കോഫി'യുടെ സ്ഥാപകനായ പെര്‍ക്യൂഷണിസ്‌റ്റ് വരുണ്‍ സുനില്‍ തന്‍റെ സമൂഹമാധ്യമത്തിലൂടെ അറിയിച്ചതിലൂടെയും മലയാളികള്‍ ഏറെ ആവേശത്തിലാണ്.