ഐപിഎല്‍ പതിനാറാം പതിപ്പില്‍ പ്ലേഓഫില്‍ സ്ഥാനം പിടിക്കാനുള്ള പരക്കം പാച്ചിലിലാണ് ടീമുകള്‍. ഇനിയൊരു തോല്‍വി പോലും പലര്‍ക്കും ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ തുറക്കും. ഇന്ന് കളത്തിലിറങ്ങുന്ന നാല് ടീമുകള്‍ക്കും ഈ ദിനം നിര്‍ണായകമാണ്.
ഇന്ന് തോറ്റാല്‍ ഡല്‍ഹിക്ക് പിന്നാലെ കൊല്‍ക്കത്തയും ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താകും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമുകളുടെ സാധ്യതകള്‍ക്കും ഇനിയൊരു തോല്‍വി മങ്ങലേല്‍പ്പിക്കും. ഇന്ന് മൈതാനത്തിറങ്ങുന്ന ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.
രാജസ്ഥാന്‍ റോയല്‍സ് : 12 മത്സരങ്ങളില്‍ നിന്ന് 12 പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ പോയിന്‍റ് പട്ടികയിലെ അഞ്ചാം സ്ഥാനക്കാരാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിക്കാനായാല്‍ സഞ്‌ജുവിനും സംഘത്തിനും പ്ലേഓഫ് ഏറെക്കുറെ ഉറപ്പിക്കാം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഴിഞ്ഞാല്‍ പഞ്ചാബ് കിങ്‌സിനെയാണ് സഞ്‌ജുവിനും സംഘത്തിനും നേരിടേണ്ടത്.
നിലവില്‍ നെറ്റ് റണ്‍റേറ്റ് രാജസ്ഥാന് അനുകൂല ഘടകമാണ്. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സ് കഴിഞ്ഞാല്‍ മികച്ച നെറ്റ് റണ്‍റേറ്റ് ഉള്ളത് രാജസ്ഥാന്‍ റോയല്‍സിനാണ്. അതുകൊണ്ട് തന്നെ രണ്ട് ജയം നേടി, മറ്റ് മത്സരങ്ങളുടെ ഫലവും തങ്ങള്‍ക്ക് അനുകൂലമായാല്‍ 16 പോയിന്‍റോടെ നാലാം സ്ഥാനക്കാരായെങ്കിലും രാജസ്ഥാന് പ്ലേഓഫില്‍ കടക്കാം.
എന്നാല്‍ ഒന്നില്‍ മാത്രമാണ് റോയല്‍സ് ജയിക്കുന്നതെങ്കില്‍ പരമാവധി 14 പോയിന്‍റിലേക്ക് എത്താനേ അവര്‍ക്ക് സാധിക്കൂ. ഇങ്ങനെ വന്നാല്‍ മറ്റ് മത്സരങ്ങളുടെ ഫലത്തെ കൂടി ആശ്രയിച്ചായിരിക്കും രാജസ്ഥാന് മുന്നേറ്റം സാധ്യമാവുക.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ : രാജസ്ഥാന്‍ റോയല്‍സിന്‍റേതിന് സമാനമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ അവസ്ഥയും. ശേഷിക്കുന്ന മൂന്ന് കളിയിലും ജയം പിടിച്ചാല്‍ അവര്‍ക്കും 16 പോയിന്‍റ് സ്വന്തമാക്കാം. എന്നാല്‍ ഒരു തോല്‍വി വഴങ്ങിയാല്‍പ്പോലും ആര്‍സിബിയുടെ ആദ്യ കിരീടം എന്ന സ്വപ്‌നത്തിനായി വീണ്ടും കാത്തിരിക്കേണ്ടി വരും.
നെറ്റ് റണ്‍റേറ്റ് ടീമിന് തിരിച്ചടിയാണ്. ഇന്നത്തേത് ഉള്‍പ്പടെ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം കൂറ്റന്‍ ജയം നേടിയാല്‍ മാത്രമേ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയെങ്കിലും ഫാഫ് ഡുപ്ലെസിസിനും സംഘത്തിനും പ്ലേഓഫിലേക്ക് മുന്നേറാന്‍ സാധിക്കൂ. നിലവില്‍ 11 കളിയില്‍ 10 പോയിന്‍റുകളുമായി 7-ാം സ്ഥാനത്താണ് ടീം.
ചെന്നൈ സൂപ്പര്‍ കിങ്‌സ് : ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ ജയിച്ചാല്‍ ചെന്നൈക്ക് 17 പോയിന്‍റോടെ പ്ലേഓഫ് ഉറപ്പിക്കാം. എന്നാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്നില്‍ ഇടം പിടിക്കാന്‍ ടീമിന് ഈ ജയം മാത്രം പോര. ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് എന്നീ ടീമുകള്‍ക്കും 17 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പോയിന്‍റുകള്‍ നേടാന്‍ അവസരമുണ്ട്.
ഇന്ന് തോല്‍വിയാണ് ഫലമെങ്കില്‍ അവസാന മത്സരത്തില്‍ ഡല്‍ഹിയെ വീഴ്‌ത്തിയും ചെന്നൈക്ക് മുന്നേറാം. എന്നാല്‍ രണ്ട് മത്സരങ്ങളിലും തോല്‍വിയാണ് ഫലമെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും ധോണിയുടെയും സംഘത്തിന്‍റെയും മുന്നേറ്റം.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് : ഇന്നത്തേത് ഉള്‍പ്പടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയം നേടിയാല്‍ പരമാവധി 14 പോയിന്‍റിലേക്ക് എത്താനേ കൊല്‍ക്കത്തയ്‌ക്ക് സാധിക്കൂ. ഇങ്ങനെ വന്നാല്‍ മറ്റ് മത്സരങ്ങളുടെ ഫലത്തിനായി കൊല്‍ക്കത്ത കാത്തിരിക്കണം. നിലവില്‍ 12 കളികളില്‍ 10 പോയിന്‍റോടെ എട്ടാം സ്ഥാനത്താണ് നിതീഷ് റാണയും സംഘവും. നെറ്റ് റണ്‍റേറ്റും മെച്ചപ്പെടുത്തി മറ്റ് മത്സരങ്ങളുടെ ഫലങ്ങളും അനുകൂലമായാല്‍ നാലാം സ്ഥാനക്കാരായി കൊല്‍ക്കത്തയ്‌ക്കും പ്ലേഓഫിലേക്ക് മുന്നേറാം.