മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (ഐപിഎല്‍) പിന്നാലെ ഇന്ത്യന്‍ താരങ്ങളെ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണ്. ജൂണ്‍ ഏഴിന് ലണ്ടനിലെ ഓവലില്‍ ആരംഭിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. മത്സരത്തിന് മുന്‍പ് എന്തെങ്കിലും അപ്രതീക്ഷിതമായ സാഹചര്യങ്ങളുണ്ടായാല്‍ വിരാട് കോലിയെ ഇന്ത്യ ക്യാപ്റ്റൻസി ഒപ്ഷനായി നിലനിർത്തണമെന്ന് മുൻ താരവും പരിശീലകനുമായ രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആശയത്തോട് കനത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹർഭജൻ സിങ്. വിരാട് കോലിയെ വീണ്ടും ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നത് ഒരു വലിയ ചുവട് പിന്നോട്ട് പോകുന്നതിന് തുല്യമായ കാര്യമാണെന്നാണ് ഹർഭജൻ പറയുന്നത്. ക്യാപ്റ്റനെന്ന നിലയിൽ കോലിയുടെ റെക്കോഡ് അസാധാരണമാണെന്ന് സമ്മതിച്ച ഹർഭജൻ, ക്യാപ്റ്റനായി ഇന്ത്യ മറ്റൊരാളിലേക്ക് നോക്കേണ്ട സമയമാണിതെന്നാണ് പറയുന്നത്.
"വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കുന്നത്, ഒരു വലിയ ചുവട് പിന്നോട്ട് വയ്‌ക്കുന്നതിന് തുല്യമായ കാര്യമാണ്. നിങ്ങൾ പിന്നോട്ടാണ് നീങ്ങുന്നതെങ്കില്‍, എങ്ങനെയാണ് മുന്നോട്ട് പോവാന്‍ കഴിയുക. ഞാന്‍ ഈ പറയുന്നതിന്‍റെ അര്‍ഥം വിരാട് ഒരു മോശം ക്യാപ്റ്റനായിരുന്നു എന്നല്ല.
ചുമതലയേറ്റ കാലം തൊട്ട് വളരെ മികച്ച ഒരു ക്യാപ്റ്റന്‍ തന്നെയായിരുന്നു അവന്‍. സ്വന്തം മണ്ണിലും വിദേശത്തും നേടിത്തന്ന ടെസ്റ്റ് വിജയങ്ങളുടെ കണക്കുകള്‍ തന്നെ ഇത് അടിവരയിടുന്നതാണ്. നല്ല റെക്കോഡാണ് അവനുള്ളത്.
എന്നാല്‍ രോഹിത്തിന് പരിക്ക് പറ്റുകയോ, കളിക്കാതിരിക്കുകയോ ചെയ്‌താല്‍ ക്യാപ്റ്റനെന്ന നിലയില്‍ നമ്മള്‍ മറ്റൊരാളെ നോക്കേണ്ടതുണ്ടെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം" - ഹര്‍ഭജന്‍ പറഞ്ഞു.
'ഒരു മത്സരത്തിനാണെങ്കില്‍ ഓക്കെ' : ക്യാപ്റ്റനായി വിരാട് കോലിയെ ദീർഘകാലാടിസ്ഥാനത്തിൽ അംഗീകരിക്കാന്‍ കഴിയില്ലെങ്കിലും, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെ ഒരു മത്സരത്തിനായി മാത്രം ചുമതല നല്‍കാമെന്നും താരം അഭിപ്രായപ്പെട്ടു. "ഒറ്റ മത്സരത്തിന്‍റെ കാര്യമാണെങ്കിൽ, അതെ,.. വിരാടിന് ചുമതല നല്‍കാം. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോലെയുള്ള ഒരു വലിയ മത്സരമാണെങ്കിൽ, എന്തുകൊണ്ട് നല്‍കിക്കൂടാ..?.
പക്ഷേ, രോഹിത്തിനെ ലഭ്യമല്ലാത്ത നാല് മത്സരങ്ങളടങ്ങിയ പരമ്പരയാണ് മുന്നിലുള്ളതെങ്കില്‍ ഒരു പുതിയ നായകന് ചുമതല നല്‍കാനുള്ള സമയമാണ്. ഒരു നീണ്ട പരമ്പരയ്‌ക്കായി നിങ്ങള്‍ വിരാടിലേക്ക് മടങ്ങുകയാണെങ്കിൽ, അത് ശരിയായ ദിശയിലേയ്ക്കുള്ള ചുവടുവയ്പ്പല്ല.
ഒന്നാമതായി, വിരാട് അത് ചെയ്യുമെന്ന് തോന്നുന്നില്ല. ഇനി അഥവാ അവന്‍ ചുമതല ഏല്‍ക്കുകയാണെങ്കില്‍ നമ്മള്‍ അടുത്ത ക്യാപ്റ്റനെ തയ്യാറാക്കിയിട്ടില്ലെന്നതിന്‍റെ സൂചനയാവും അത് നല്‍കുക" - ഹർഭജൻ പറഞ്ഞു.
അതേസമയം കഴിഞ്ഞ വർഷത്തേക്കാൾ മികച്ച മാനസികാവസ്ഥയിലാണ് കോലിയുള്ളതെന്നും അപ്രതീക്ഷിതമായ സാഹചര്യമുണ്ടായാല്‍ നിര്‍ണായക മത്സരങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു കാര്യത്തെക്കുറിച്ച് കൂടി ആലോചിക്കേണ്ടതുണ്ടെന്നുമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നായിരുന്നു ശാസ്‌ത്രിയുടെ വാക്കുകള്‍. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ ബർമിങ്‌ഹാമില്‍ നടന്ന ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയെ ക്യാപ്റ്റനാക്കിയതിന് പകരം വിരാട് കോലിക്ക് ചുമതല നല്‍കാമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.