അഹമ്മദാബാദ് : നായകന്‍ സഞ്‌ജു സാംസണ്‍ മുന്നില്‍ നിന്ന് പട നയിച്ചപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചരിത്ര ജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ മൂന്ന് മത്സരത്തില്‍ ഇരു ടീമുകളും തമ്മിലേറ്റുമുട്ടിയപ്പോള്‍ ഒന്നില്‍പ്പോലും ജയിക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. ഈ സീസണിലേക്ക് എത്തിയപ്പോള്‍ നേരിട്ട ആദ്യ മത്സരത്തില്‍ തന്നെ ടൈറ്റന്‍സിനെ തകര്‍ക്കാന്‍ റോയല്‍സിനായി.
സഞ്‌ജു അടിത്തറ പാകിയപ്പോള്‍ അവസാനം തകര്‍പ്പനടികളുമായി കളം നിറഞ്ഞ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ആയിരുന്നു രാജസ്ഥാനെ ജയത്തിലേക്ക് എത്തിച്ചത്. മത്സരം അവസാന ഓവറിലേക്ക് നീണ്ടെങ്കിലും മൂന്ന് വിക്കറ്റും മൂന്ന് പന്തും ശേഷിക്കെ രാജസ്ഥാന്‍ വിജയം നേടിയെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ മത്സരത്തിലെ സഞ്‌ജു സാംസണിന്‍റെ ബാറ്റിങ് പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.
തുടക്കത്തിലേ തകര്‍ച്ച നേരിട്ട രാജസ്ഥാനെ വിജയത്തിലെത്തിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചത് സഞ്‌ജുവിന്‍റെ ഇന്നിങ്‌സായിരുന്നു. മത്സരത്തില്‍ സഞ്‌ജു സ്വീകരിച്ച ബാറ്റിങ് ശൈലിയെ കുറിച്ച് സംസാരിക്കവെയാണ് ഹര്‍ഭജന്‍റെ പ്രതികരണം.
'സഞ്‌ജുവിന്‍റെ ബാറ്റിങ്ങിനെ മികച്ചത് എന്നല്ലാതെ മറ്റൊന്നും പറയാനാകില്ല. മത്സരത്തില്‍ ഹെറ്റ്‌മെയറേക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത് സഞ്ജുവിനാണ്. അവന്‍ വെടിക്കെട്ടിന് തുടക്കമിട്ടു, ഹെറ്റ്‌മെയര്‍ അത് പൂര്‍ത്തിയാക്കി.
പ്രത്യേക കഴിവുകള്‍ ഉള്ള ഒരു ബാറ്ററാണ് സഞ്‌ജു. തകര്‍ന്ന് നിന്ന രാജസ്ഥാന് വേണ്ടി ധൈര്യത്തോടെയാണ് അവന്‍ ബാറ്റ് ചെയ്‌തത്' - ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനായി മത്സരം ഫിനിഷ് ചെയ്‌ത ഹെറ്റ്‌മെയറെ പ്രശംസിക്കാനും മുന്‍ ഇന്ത്യന്‍ താരം മറന്നില്ല. 'അവസാനം ആണെങ്കിലും മികച്ച രീതിയില്‍ തന്നെ മത്സരം പൂര്‍ത്തിയാക്കാന്‍ ഹെറ്റ്‌മെയറിനായി. എന്നാല്‍ അതിനുള്ള അടിത്തറ ഹെറ്റ്‌മെയറിനൊരുക്കി നല്‍കിയത് സഞ്‌ജുവാണ്.
വളരെയധികം കഴിവുള്ള ബാറ്ററാണ് സഞ്‌ജു. അവന്‍ ഇന്ത്യന്‍ ടീമില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടു. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഗുജറാത്ത് ടൈറ്റന്‍സ് 177 റണ്‍സാണ് നിശ്ചിത 20 ഓവറില്‍ കൂട്ടിച്ചേര്‍ത്തത്. അത് പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് തുടക്കം ഗംഭീരമാക്കാനായില്ല. നാല് റണ്‍സ് സ്‌കോര്‍ബോര്‍ഡിലെത്തും മുന്‍പ് തന്നെ ജോസ് ബട്‌ലറെയും യശസ്വി ജെയ്‌സ്വാളിനെയും അവര്‍ക്ക് നഷ്‌ടമായി.
ഈ ഘട്ടത്തിലായിരുന്നു സഞ്‌ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കെത്തിയത്. പതിഞ്ഞ താളത്തില്‍ ബാറ്റിങ് ആരംഭിച്ച സഞ്‌ജു പിന്നീടാണ് കത്തിക്കയറിയത്. അര്‍ധ സെഞ്ച്വറി നേടിയ താരം 32 പന്തില്‍ 60 റണ്‍സ് അടിച്ചുകൂട്ടിയ ശേഷമായിരുന്നു പുറത്തായത്.
സഞ്‌ജു പുറത്തായതിന് പിന്നാലെ ആക്രമണത്തിന് നേതൃത്വം നല്‍കിയത് ഷിംറോണ്‍ ഹെറ്റ്‌മെയര്‍ ആയിരുന്നു. 26 പന്തില്‍ 56 റണ്‍സടിച്ച് പുറത്താകാതെ നിന്നാണ് ഹെറ്റ്‌മെയര്‍ രാജസ്ഥാനെ ജയത്തിലെത്തിച്ചത്.