മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ തോൽവിക്ക് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ ഇയാന്‍ മോർഗന് തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ മോര്‍ഗന് 12 ലക്ഷം രൂപ പിഴ ശിക്ഷ. ഇതോടെ സീസണില്‍ സമാന പിഴ ലഭിക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനാവുകയാണ് മോര്‍ഗന്‍. നേരത്തെ മുംബെെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ചെന്നെെ ക്യാപ്റ്റന്‍ എം.എസ് ധോണി എന്നിവര്‍ക്കും കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ പിഴ ലഭിച്ചിരുന്നു.
READ MORE:തോല്‍വിക്ക് പിന്നാലെ രോഹിത്തിന് 12 ലക്ഷം രൂപ പിഴയും
ഡല്‍ഹിക്കെതിരായ മത്സരങ്ങളിലാണ് രോഹിത്തിനും ധോണിക്കും പിഴ ലഭിച്ചത്. ഐപിഎല്ലിന്‍റെ നിയമ പ്രകാരം ഓവര്‍ നിരക്കില്‍ വീഴ്‌ച വരുത്തിയാല്‍ ആദ്യ തവണ 12 ലക്ഷം രൂപയാണ് ക്യാപ്റ്റന് പിഴയായി വിധിക്കുക. സീസണില്‍ വീണ്ടും ഇതാവര്‍ത്തിച്ചാല്‍ ക്യാപ്റ്റന്‍ 24 ലക്ഷവും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ട മറ്റ് കളിക്കാര്‍ മാച്ച് ഫീയുടെ 25 ശതമാനവും പിഴയൊടുക്കേണ്ടതുണ്ട്.
മൂന്നാം തവണയും പിഴ ആവര്‍ത്തിച്ചാല്‍ ക്യാപ്റ്റന് ഒരു മത്സരത്തില്‍ വിലക്കും 30 ലക്ഷം രൂപ പിഴയും ലഭിക്കും. 14ാം സീസണിലെ ചട്ട പ്രകാരം 90 മിനുട്ടാണ് 20 ഓവര്‍ ക്വാട്ട പൂര്‍ത്തീകരിക്കാനുള്ള സമയം. ഇതില്‍ സ്റ്റാറ്റര്‍ജിക് ടൈംഔട്ട് ഒഴിവാക്കി ഒരു മണിക്കൂറിനുള്ളില്‍ 14.1 ഓവര്‍ പൂര്‍ത്തിയാക്കണം. ഇതു പാലിക്കാതെ കൂടുതല്‍ സമയമെടുക്കുന്ന സന്ദര്‍ഭങ്ങളിലാണ് കുറഞ്ഞ ഓവര്‍ നിരക്കിന് പിഴ വിധിക്കുക.