മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആവേശകരമായ 15-ാം സീസണിന് ഭീഷണിയായി കൊവിഡ് ഭീതി പെരുക്കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഓസീസ് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷടയ്‌ക്കം നാല് പേർക്ക് കൂടെ വൈറസ് ബാധ. മാര്‍ഷിനെ കൂടാതെ രണ്ട് സപ്പോര്‍ട്ടിംഗ് സ്റ്റാഫുമടക്കം മൂന്ന് പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
നേരത്തെ തന്നെ ഡല്‍ഹി താരത്തിന് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നിരുന്നെങ്കിലും ഏത് താരമാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. പിന്നീടാണ് അത് മിച്ചല്‍ മാര്‍ഷാണെന്ന കാര്യത്തില്‍ സ്ഥിരീകരണമായത്. മിച്ചൽ മാർഷിനെ ഇന്നലെത്തന്നെ ആശുപത്രിയിലേക്ക് മാറ്റി.
നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് മിച്ചര്‍ മാര്‍ഷിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. തിങ്കളാഴ്‌ച രാവിലെ നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ താരത്തിന് കൊവിഡ് കണ്ടെത്തി. നേരിയ പനിയും ലക്ഷണങ്ങളും പ്രകടിപ്പിച്ച മാര്‍ഷിന് പിന്നാലെ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ വൈകിട്ടോടെ മാര്‍ഷടക്കമുള്ള മൂന്ന് പേരുടെ ഫലം പോസിറ്റീവായി.
നേരത്തെ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ടീം ഫിസിയോ പാട്രിക് ഫർഹാർടിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാളത്തെ ഡൽഹി ക്യാപിറ്റല്‍സ്-പഞ്ചാബ് കിംഗ്‌സ് മത്സരം അനിശ്ചിതത്വത്തിലാണ്. ആദ്യത്തെ ആര്‍ടി പിസി ആര്‍ പരിശോധനയില്‍ മറ്റുള്ള ഡല്‍ഹി താരങ്ങളെല്ലാം നെഗറ്റീവായിരിക്കുകയാണ്. എന്നാല്‍ ഇവര്‍ നിരീക്ഷണത്തില്‍ തുടരും. രണ്ട് പരിശോധനകള്‍ കൂടി നടത്തിയ ശേഷമാവും ഇവരെ മത്സരത്തിനായി അനുവദിക്കുക.
ടീമുകളില്‍ ഏഴ് ഇന്ത്യന്‍ താരങ്ങളടക്കം 12 പേര്‍ ലഭ്യമാണെങ്കില്‍ മത്സരം മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്നാണ് ഐപിഎല്‍ നിയമം. 12 താരങ്ങള്‍ കളിക്കാന്‍ ആരോഗ്യവാന്‍മാരല്ലെങ്കില്‍ മത്സരത്തിന്‍റെ കാര്യത്തില്‍ ഐപിഎല്‍ ടെക്‌നിക്കല്‍ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊള്ളും.