മുംബൈ : ഐപിഎല്ലിലെ ജീവന്‍ മരണ പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി. പരിക്കേറ്റ സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്ന് ടീം അറിയിച്ചു. ആര്‍ച്ചറിന്‍റെ പകരക്കാരനായി ക്രിസ് ജോര്‍ഡനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഔദ്യോഗിക വാര്‍ത്താ കുറിപ്പിലൂടെ മുംബൈ ഇന്ത്യന്‍സ് വ്യക്തമാക്കി. ക്രിസ് ജോര്‍ഡന്‍റെ വരവോട് കൂടി ഡെത്ത് ഓവറിലെ റണ്‍ ഒഴുക്ക് നിയന്ത്രിക്കാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍
ആര്‍ച്ചറിന്‍റെ പകരക്കാരനായി ക്രിസ് ജോര്‍ഡനെ 2 കോടിക്കാണ് മുംബൈ ഇന്ത്യന്‍സ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ നടന്ന താരലേലത്തില്‍ ജോര്‍ഡനെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും രംഗത്തെത്തിയിരുന്നില്ല. ഐപിഎല്ലില്‍ പരിചയസമ്പത്തുള്ള ജോര്‍ഡന്‍ നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
34 കാരനായ ജോര്‍ഡന്‍ ഐപിഎല്ലില്‍ 28 മത്സരങ്ങള്‍ കളിച്ച് 27 വിക്കറ്റുകളാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്നു താരം. നാല് മത്സരങ്ങള്‍ കളിച്ച താരത്തിന് രണ്ട് വിക്കറ്റ് മാത്രമായിരുന്നു നേടാനായത്.
അതേസമയം, നാട്ടിലേക്ക് മടങ്ങിയ ജോഫ്ര ആര്‍ച്ചര്‍ അഞ്ച് മത്സരങ്ങളില്‍ മാത്രമായിരുന്നു ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയത്. പരിക്ക് വലച്ചിരുന്ന താരത്തിന് ഐപിഎല്ലില്‍ മികവിലേക്ക് ഉയരാന്‍ സാധിച്ചില്ല. 5 കളികളില്‍ നിന്നായി ആകെ രണ്ട് വിക്കറ്റുകള്‍ മാത്രമാണ് താരം നേടിയത്.
ഐപിഎല്ലില്‍ നിന്ന് പിന്മാറിയ ജോഫ്ര ആര്‍ച്ചര്‍ തിരികെ നാട്ടിലേക്ക് മടങ്ങുമെന്നും താരത്തിന്‍റെ ബാക്കി കാര്യങ്ങള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ശ്രദ്ധിക്കുമെന്നും മുംബൈ ഇന്ത്യന്‍സ് അറിയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന ആര്‍ച്ചറിനെ 2022ലെ താരലേലത്തില്‍ 8 കോടി മുടക്കിയാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ചത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ സീസണ്‍ താരത്തിന് പൂര്‍ണമായും നഷ്‌ടമായിരുന്നു.
തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം 2023 ന്‍റെ തുടക്കത്തിലായിരുന്നു ആര്‍ച്ചര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ താരം ഐപിഎല്‍ പതിനാറാം പതിപ്പില്‍ മുംബൈ ഇന്ത്യന്‍സിനായും അരങ്ങേറി.
സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ കളിച്ചതിന് പിന്നാലെ താരത്തിന് വീണ്ടും പരിക്ക് വില്ലനായെത്തി. തുടര്‍ന്നുള്ള നാല് മത്സരങ്ങള്‍ നഷ്‌ടപ്പെട്ട താരം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലൂടെ ടീമിലേക്ക് മടങ്ങിയെത്തി.പിന്നാലെ ഗുജറാത്തിനെതിരായ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.
Also Read : IPL 2023| ആദ്യ നാലില്‍ സ്ഥാനം പിടിക്കാന്‍ മുംബൈയും ബാംഗ്ലൂരും; വാങ്കഡെയില്‍ ഇന്ന് വമ്പന്‍ പോരാട്ടം
അതേസമയം, ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടാനുള്ള ഒരുക്കത്തിലാണ് മുംബൈ ഇന്ത്യന്‍സ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ടീമിന് ഇന്ന് ജയം അനിവാര്യമാണ്. ഇന്നത്തെ മത്സരത്തില്‍ ക്രിസ് ജോര്‍ഡന്‍ കളിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.