ധരംശാല: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ യുവ പേസര്‍ അര്‍ഷ്‌ദീപ് സിങിനെ പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്‍ ഉപയോഗിച്ച രീതിയില്‍ അമര്‍ഷം വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. പവര്‍പ്ലേയിലെ ഒരു ഓവര്‍ ഉള്‍പ്പടെ മത്സരത്തില്‍ അര്‍ഷ്‌ദീപ് ആകെ രണ്ടോവറുകളാണ് പന്തെറിയാനെത്തിയത്. രണ്ടോവര്‍ എറിഞ്ഞ അര്‍ഷ്‌ദീപ് 21 റണ്‍സ് വഴങ്ങിയിരുന്നു.
ഡെത്ത് ഓവറില്‍ ബൗള്‍ ചെയ്യാന്‍ താരത്തിന് അവസരവും ലഭിച്ചിരുന്നില്ല. മത്സരത്തില്‍ അവസാന ഓവര്‍ എറിഞ്ഞ ഹര്‍പ്രീത് ബ്രാര്‍ 23 റണ്‍സാണ് വഴങ്ങിയത്. ഈ സാഹചര്യത്തിലായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം.
'ടൂര്‍ണമെന്‍റിന്‍റെ തുടക്കത്തില്‍ പര്‍പ്പിള്‍ ക്യാപ്പിനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് അര്‍ഷ്‌ദീപ് സിങ്. എന്നാല്‍ ഇന്ന് അവന്‍ ന്യൂബോളില്‍ പന്തെറിയാനെത്തിയില്ല. ഡെത്ത് ഓവറിലും അവന് അവസരം ലഭിച്ചില്ല. ക്യാപ്‌റ്റന്‍ അല്ല ഇതിനോട് മറുപടി പറയേണ്ടത്. അര്‍ഷ്‌ദീപിനെ മറ്റിനിര്‍ത്തിയതില്‍ വിശദീകരണം നല്‍കേണ്ടത് ടീം മാനേജ്‌മെന്‍റാണ്' - ചോപ്ര ട്വിറ്ററില്‍ കുറിച്ചു.
Also Read : IPL 2023| 'അവസാന ഓവറിലെ നോബോളിന് ശേഷം പ്രതീക്ഷകളുണ്ടായിരുന്നു'; ഡല്‍ഹിക്കെതിരായ തോല്‍വിയില്‍ ശിഖര്‍ ധവാന്‍
ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയിട്ടുള്ള താരമാണ് അര്‍ഷ്‌ദീപ് സിങ്. 13 മത്സരങ്ങളിലും പഞ്ചാബിന് വേണ്ടി കളത്തിലിറങ്ങിയ താരം 16 വിക്കറ്റും സ്വന്തമാക്കി. ആദ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും താരം ടീമിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്നു.
എന്നാല്‍, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ നിര്‍ണായക മത്സരത്തിലെ അവസാന ഓവര്‍ പന്തെറിയാന്‍ ഹര്‍പ്രീത് ബ്രാറിനെ കൊണ്ടുവന്നത് തനിക്ക് പറ്റിയ പിഴവാണെന്ന് പഞ്ചാബ് നായകന്‍ ശിഖര്‍ ധവാന്‍ മത്സരശേഷം അഭിപ്രായപ്പെട്ടിരുന്നു. 'അവസാന ഓവറില്‍ സ്‌പിന്‍ ബൗളറെ ഉപയോഗിക്കാനുള്ള തീരുമാനം തെറ്റായിപ്പോയി. ആ തീരുമാനമാണ് മത്സരത്തെ അവരുടെ കൈകളിലേക്ക് എത്തിച്ചത്'.
'പേസര്‍മാര്‍ക്ക് നന്നായി പന്തെറിയാന്‍ സാധിച്ചിരുന്നില്ല. ഇതുപോലെയൊരു പിച്ചില്‍ ശരിയായ സ്ഥലങ്ങളില്‍ പന്തെറിയാന്‍ കഴിയാതെപോയതും ടീമിന് തിരിച്ചടിയായി' - ധവാന്‍ പറഞ്ഞു. മത്സരത്തില്‍ ഈ ഓവറിലാണ് ഡല്‍ഹി സ്‌കോര്‍ 200 കടന്നത്.
214 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിനായ് ലിയാം ലിവിങ്‌സ്റ്റണ്‍ (94), അധര്‍വ ടൈഡെ (55) എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. നായകന്‍ ശിഖര്‍ ധവാന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായതും ടീമിന് തിരിച്ചടിയായി. അതേസമയം, ഈ തോല്‍വി ടീമിന്‍റെ പ്ലേഓഫ് മോഹങ്ങള്‍ക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
നിലവില്‍ 13 മത്സരങ്ങളില്‍ 12 പോയിന്‍റാണ് പഞ്ചാബിന്. പോയിന്‍റ് പട്ടികയിലെ എട്ടാം സ്ഥാനക്കാരാണ് ശിഖര്‍ ധവാനും സംഘവും. സീസണിലെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വമ്പന്‍ മാര്‍ജിനില്‍ തകര്‍ത്താലും മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ കൂടി ആശ്രയിച്ചാകും പഞ്ചാബിന് പ്ലേഓഫിലേക്ക് മുന്നേറാന്‍ സാധിക്കുക.
Also Read : IPL 2023| ജയിച്ചാല്‍ പ്ലേ ഓഫിലേക്ക്, തോറ്റാല്‍ 'വമ്പന്‍ പണി'; ഹൈദരാബാദില്‍ ഇന്ന് ബാംഗ്ലൂരിന് 'അഗ്നിപരീക്ഷ'