അബുദാബി : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂരിനെതിരെ അനായാസ ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡ്ഴ്‌സ്. 93 റണ്‍സിന്‍റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത പത്ത് ഓവറില്‍ ലക്ഷ്യം കണ്ടു.
ശുഭ്‌മാന്‍ ഗില്ലിന്‍റെ 48 (34) റണ്‍സ് നേട്ടം കൊല്‍ക്കത്തയുടെ വിജയം അനായാസമാക്കി. 41 (27) റണ്‍സെടുത്ത വെങ്കിടേഷ് അയ്യര്‍ക്ക് മുന്നില്‍ ബാംഗ്ലൂർ ബൗളര്‍മാര്‍ വിയര്‍ത്തു. ഗില്ലിന്‍റെ വിക്കറ്റ് മാത്രമാണ് കൊല്‍ക്കത്തക്ക് നഷ്ടമായത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സെടുത്ത് എല്ലാവരും പുറത്തായിരുന്നു. നായകന്‍ വിരാട് കോലി അഞ്ച് റണ്‍സിന് പുറത്തായതോടെ ബാംഗ്ലൂരിന്‍റെ പതനം തുടങ്ങിയിരുന്നു.
ദേവ്ദത്ത് പടിക്കലിന്‍റെ 22 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്കോര്‍. ഗ്രീന്‍ മാക്സ്‌വെല്ലിന് 17 ബോളില്‍ 10 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മലയാളി താരം സച്ചിന്‍ ബേബി 17 ബോളില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായി.
വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രേ റസല്‍, ലോക്കി ഫര്‍ഗൂസണ്‍, പ്രസിധ് കൃഷ്ണ എന്നിവരാണ് കൊല്‍ക്കത്തക്കായി വിക്കറ്റ് വീഴ്ത്തിയത്. മികച്ച ബൗളിംഗ് ഫോമിലുള്ള വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസലും മൂന്ന് വിക്കറ്റ് വീതം നേടി.
കൂടുതല്‍ വായനക്ക്: നിറം മങ്ങി ബാംഗ്ലൂര്‍ ; കൊല്‍ക്കത്തയ്ക്ക് 93 റണ്‍സ് വിജയലക്ഷ്യം
ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റും പ്രസിധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി. നാലോവറില്‍ വിക്കറ്റൊന്നും നേടിയില്ലെങ്കിലും വെറും 20 റണ്‍സ് മാത്രം വഴങ്ങി സുനില്‍ നരെയ്‌നും കൊല്‍ക്കത്ത നിരയില്‍ ബൗളിങ്ങില്‍ തിളങ്ങി.