ഹൈദരാബാദ് : മുംബൈ ഇന്ത്യന്‍സിനും (Mumbai Indians) ചെന്നൈ സൂപ്പര്‍ കിങ്‌സിനും (Chennai Super Kings) ശേഷം ഏറ്റവും കൂടുതല്‍ ഐപിഎല്‍ (IPL) കിരീടം സ്വന്തമാക്കിയ ടീമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders). 2012, 2014 വര്‍ഷങ്ങളില്‍ കപ്പടിച്ച അവര്‍ക്ക് പിന്നീട് ഐപിഎല്‍ കിരീടം കിട്ടാക്കനിയാണ്. 2021ലെ ഫൈനലില്‍ സിഎസ്കെയോട് തോല്‍വി വഴങ്ങിയ കെകെആര്‍ കഴിഞ്ഞ രണ്ട് സീസണിലും പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരായാണ് മടങ്ങിയത്.
വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ മുന്‍ വര്‍ഷങ്ങളിലെ തകര്‍ച്ചയില്‍ നിന്നുള്ള ഒരു വമ്പന്‍ തിരിച്ചുവരവാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ലക്ഷ്യമിടുന്നത്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളും അവര്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം തങ്ങളെ കിരീടത്തിലേക്ക് എത്തിച്ച നായകന്‍ ഗൗതം ഗംഭീറിനെ ലഖ്‌നൗ പാളയത്തില്‍ നിന്നും റാഞ്ചി കൊല്‍ക്കത്തയുടെ മെന്‍ററായി ചുമതലപ്പെടുത്തി.
പിന്നാലെ, താരലേലത്തിന് മുന്നോടിയായി ടീമില്‍ വമ്പന്‍ അഴിച്ചുപണിയും. ശര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, ഷാക്കിബ് അല്‍ ഹസന്‍, ലോക്കി ഫെര്‍ഗുസണ്‍, ടിം സൗത്തി ഉള്‍പ്പടെയുള്ള വമ്പന്‍ താരങ്ങളെയാണ് കെകെആര്‍ താരലേലത്തിന് മുന്‍പായി റിലീസ് ചെയ്‌തത്. ഇതോടെ, 32.70 കോടിയുമായി പുതിയ ശക്തമായ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാകും കൊല്‍ക്കത്ത മിനി താരലേലത്തിനായ് എത്തുന്നത് (KKR Remaining Purse).
കൊല്‍ക്കത്തയ്‌ക്ക് വേണ്ടത് ഇവരെ: ശ്രേയസ് അയ്യര്‍, റിങ്കു സിങ്, റഹ്മാനുള്ള ഗുര്‍ബാസ്, നിതീഷ് റാണ എന്നിവര്‍ ഉള്‍പ്പടെ 13 പേരാണ് നിലവില്‍ കൊല്‍ക്കത്തയുടെ സ്ക്വാഡില്‍ ഉള്ളത്. നാല് വിദേശികള്‍ അടക്കം 12 പേരെ അവര്‍ക്ക് മിനി താരലേത്തില്‍ നിന്നും കണ്ടെത്തേണ്ടതുണ്ട്. മികച്ച പ്ലെയിങ് ഇലവന്‍ സെറ്റാക്കാന്‍ ഒരു വിദേശ ഫാസ്റ്റ് ബൗളറേയും ഒരു ഓള്‍ റൗണ്ടറെയും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററെയും സ്വന്തമാക്കാനാകും കെകെആര്‍ ശ്രദ്ധിക്കുന്നത്.
വിദേശ ഫാസ്റ്റ് ബൗളറെ തിരയുന്ന കെകെആര്‍ മറ്റ് ഫ്രാഞ്ചൈസികളെ പോലെ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹെയ്‌സല്‍വുഡ് എന്നീ ഓസീസ് പേസര്‍മാര്‍ക്ക് വേണ്ടി രംഗത്തുണ്ടാകുമെന്ന് ഉറപ്പാണ്. ഇവരെ കൂടാതെ ദക്ഷിണാഫ്രിക്കന്‍ താരം ജെറാള്‍ഡ് കോറ്റ്സീയേയും കെകെആര്‍ ലക്ഷ്യമിട്ടേക്കാം. കൂടാതെ, ശ്രീലങ്കയുടെ ദില്‍ഷന്‍ മധുശങ്ക, അഫ്‌ഗാനിസ്ഥാന്‍റെ അസ്‌മത്തുള്ള ഒമര്‍സായി എന്നിവരെയും കൊല്‍ക്കത്ത പരിഗണിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.
ഇന്ത്യന്‍ താരങ്ങളില്‍ ഈ സ്ഥാനത്തേക്ക് ഹര്‍ഷല്‍ പട്ടേലിനെയാകും കൊല്‍ക്കത്ത നോട്ടമിടുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഹര്‍വിക് ദേശായിയെ സ്വന്തമാക്കാനും കെകെആര്‍ ശ്രമം നടത്തിയേക്കാം. അടുത്തിടെ അവസാനിച്ച സയ്‌ദ് മുഷ്‌താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളില്‍ ഒരാളാണ് ഹര്‍വിക് ദേശായി. ടൂര്‍ണമെന്‍റിലെ ഏഴ് മത്സരത്തില്‍ നിന്നും 175 പ്രഹരശേഷിയില്‍ 336 റണ്‍സായിരുന്നു താരം അടിച്ചെടുത്തത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിലവിലെ സ്ക്വാഡ്: ശ്രേയസ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിങ്, ജേസണ്ർ റോയ്, റഹ്മാനുള്ള ഗുര്‍ബാസ്, വെങ്കിടേഷ് അയ്യര്‍, ആന്ദ്രേ റസല്‍, അനുകുല്‍ റോയ്, സുയഷ് ശര്‍മ, ഹര്‍ഷിത് റാണ, സുനില്‍ നരെയ്‌ന്‍, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.
Also Read : പേപ്പറിലെ കരുത്ത് 'കപ്പ്' ആക്കാൻ കാശിറക്കണം, ലേലത്തില്‍ ആർസിബി എന്തിനും റെഡി...