മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഈ മാസം 26ന് തുടങ്ങാനിരിക്കെ നിയമങ്ങളില്‍ സുപ്രധാന മാറ്റങ്ങൾ നടപ്പിലാക്കാൻ ബിസിസിഐ. ഡിആര്‍എസിന്‍റെ (ഡിസിഷന്‍ റിവ്യൂ സിസ്റ്റം) എണ്ണം കൂട്ടിയെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. നേരത്തെ ഒരു തവണ മാത്രമാണ് ടീമുകള്‍ക്ക് റിവ്യൂ ചെയ്യാനുള്ള അവസരമുണ്ടായിരുന്നത്. എന്നാല്‍ പുതിയ സീസണില്‍ അത് രണ്ടായി ഉയര്‍ത്തിയിട്ടുണ്ട്.
എംസിസിക്കും മുൻപേ...
ക്യാച്ചിലൂടെ ബാറ്റര്‍ പുറത്തായാല്‍ താരം പിച്ചിന്‍റെ മധ്യവര കടന്നാലും ഇല്ലെങ്കിലും പിന്നീട് വരുന്നയാള്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് ബാറ്റേന്തേണ്ടത്. ഓവറിലെ അവസാന പന്തിലാണ് പുറത്താകുന്നതെങ്കിൽ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലാണ് പുതിയ താരം വരിക. ഈ വര്‍ഷം ഒക്ടോബറില്‍ മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.
കൊവിഡ് ബാധിച്ച് ടീമിനെ ഇറക്കാന്‍ സാധിക്കാതെ വന്നാല്‍ മത്സരം പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവെക്കാനും തീരുമാനിച്ചു. ഒരു പകരക്കാരനടക്കം ചുരുങ്ങിയത് 12 താരങ്ങളുണ്ടെങ്കില്‍ മാത്രമേ ഒരു ടീമിനു മല്‍സരത്തില്‍ ഇറങ്ങാന്‍ അനുമതിയുള്ളൂ. അതിന് സാധിക്കാതെ വന്നാല്‍ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റും.
ഫൈനല്‍ ടൈയാവുകയും സൂപ്പര്‍ ഓവര്‍ നടത്താന്‍ സാധിക്കാതെ വരികയോ, ഒന്നിലേറെ സൂപ്പര്‍ ഓവറുകള്‍ ടൈയില്‍ കലാശിക്കുകയോ ചെയ്‌താല്‍ ലീഗ് ഘട്ടത്തില്‍ ഇരുടീമുകളുടെയും പൊസിഷന്‍ പരിഗണിച്ച് ചാംപ്യന്‍മാരെ നിശ്ചയിക്കും. അതായത് ഇത്തരം അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ലീഗ് ഘട്ടത്തിലെ പോയിന്‍റ് പട്ടികയില്‍ മുന്നിലെത്തിയ ടീമിനെ വിജയികളായി പ്രഖ്യാപിക്കും.
താരങ്ങള്‍, മാച്ച് ഒഫീഷ്യലുകള്‍, ഫ്രാഞ്ചൈസി ഒഫീഷ്യലുകള്‍ എന്നിവര്‍ ബയോ ബബളിന്‍റെ ഭാഗമാവും മുമ്പ് ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്‍റീനില്‍ കഴിയണം. കൊവിഡ് നിയമം രണ്ടാം തവണയും ലംഘിക്കുന്ന താരത്തെ ഒരു കളിയില്‍ വിലക്കും. കൊവിഡ് ടെസ്റ്റുകള്‍ ആദ്യമായി നഷ്‌ടപ്പെടുത്തിയാല്‍ ആദ്യം താക്കീത് ചെയ്യും. ഇതാവര്‍ത്തിച്ചാല്‍ 75,000 രൂപ പിഴയടയ്ക്കണം. കൂടാതെ ഇയാള്‍ക്കു സ്റ്റേഡിയത്തിലോ, പരിശീലന സ്ഥലത്തേക്കോ പ്രവേശനവുമുണ്ടാവില്ല.
എംസിസിയുടെ പുതിയ നിയമങ്ങളും ഈ സീസണിൽ നടപ്പിൽ വരുത്തും
ബൗളിങ് എൻഡില്‍ ബൗളര്‍ പന്ത് റിലീസ് ചെയ്യും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കർ ബാറ്ററെ റണ്ണൗട്ടാക്കുന്ന രീതിയായ മങ്കാദിങ് നിയമവിധേയമാക്കും. ബൗളര്‍ റണ്ണപ്പ് തുടങ്ങുമ്പോള്‍ ബാറ്ററുടെ സ്ഥാനം എവിടെയെന്നത് പരിഗണിച്ചായിരിക്കും വൈഡ് ബോള്‍ വിളിക്കുക. ഫീല്‍ഡര്‍മാര്‍ അന്യായമായി സ്ഥാനം മാറിയാല്‍ ബാറ്റിംഗ് ടീമിന് 5 പെനാല്‍റ്റി പോയിന്‍റുകള്‍ ഇനിമുതല്‍ ലഭിക്കും. ഇത്രനാള്‍ ഡെഡ് ബോളായാണ് ഇത് പരിഗണിച്ചിരുന്നത്.
പന്തിന് തിളക്കം വര്‍ധിപ്പിക്കാനായി ഉമിനീര്‍ ഉപയോഗിക്കുന്നതിന് പൂര്‍ണമായി നിരോധിക്കും. പന്തില്‍ കൃത്രിമം കാണിക്കുന്ന നീക്കമായി ഉമിനീര്‍ പ്രയോഗം ഒക്‌ടോബര്‍ മുതല്‍ കണക്കാക്കും. നേരത്തേ കൊവിഡ് മഹാമാരിക്കു ശേഷം രോഗവ്യാപനം തടയുന്നതിനായി താരങ്ങള്‍ ഉമിനീര് പ്രയോഗിക്കരുതെന്ന നിബന്ധന വച്ചിരുന്നു.
ALSO READ: Women's World Cup 2022 | ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാല് വിക്കറ്റിന്‍റെ തോൽവി