കൊല്‍ക്കത്ത : ഐപിഎല്ലിന്‍റെ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടുന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍. സഞ്‌ജു സാംസണിന്‍റെ രാജസ്ഥാനും ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്തും മുഖാമുഖമെത്തുമ്പോള്‍ തീപാറുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.
എന്നാല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന പോരാട്ടത്തിന്‍റെ ചൂട് മഴ കെടുത്തിയേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. പകല്‍സമയം 35 ഡിഗ്രി സെല്‍ഷ്യസിനോടടുത്ത താപനില രാത്രിയില്‍ 27 ഡിഗ്രിയായി താഴും. ഉച്ചയ്‌ക്ക് ശേഷവും രാത്രിയിലും ഇടിമിന്നലിന് സാധ്യതയുണ്ട്.
പകല്‍ 48 ശതമാനവും രാത്രി 56 ശതമാനവും മഴയ്‌ക്ക് സാധ്യതയുണ്ടെന്നുമാണ് പ്രവചനം. ഇതോടെ ആദ്യ ക്വാളിഫയര്‍ പോരാട്ടത്ത് മഴ തടസം നിന്നേക്കാം. അതേസമയം ഈഡൻ ഗാർഡൻസില്‍ രാത്രി 7.30നാണ് മത്സരം.
ഗ്രൂപ്പ് ഘട്ടത്തില്‍ 14 മത്സരങ്ങളിൽ 10 ജയങ്ങള്‍ നേടി ഒന്നാം സ്ഥാനക്കാരായാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ആദ്യ ക്വാളിഫയറിന് യോഗ്യത നേടിയത്. മറുവശത്ത് രണ്ടാം സ്ഥാനത്തെത്തിയാണ് രാജസ്ഥാന്‍ ആദ്യ ക്വാളിഫയറിനെത്തുന്നത്. 14 മത്സരങ്ങളില്‍ ഒമ്പത് ജയം നേടിയ സംഘത്തിന് 18 പോയിന്‍റാണുള്ളത്.
also read: IPL 2022 | പ്ലേ ഓഫിൽ മത്സരം മുടങ്ങിയാൽ വിധി നിർണയം ഇങ്ങനെ
മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനും 18 പോയിന്‍റാണെങ്കിലും മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് രാജസ്ഥാന്‍ മുന്നിലെത്തിയത്.