മുംബൈ : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റല്‍സിനെതിരെ ലഖ്‌നൗ സൂപ്പർ ജയന്‍റ്സിന് 150 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്‌ടത്തിലാണ് 149 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് ഇന്നിങ്സാണ് ഡല്‍ഹി ടോട്ടലിന്‍റെ നെടുന്തൂണ്‍.
34 പന്തില്‍ ഒമ്പത് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഡല്‍ഹിക്കായി ഡേവിഡ് വാര്‍ണറെ കാഴ്ചക്കാരനാക്കി പൃഥ്വി ഷാ മികച്ച പ്രകടനമാണ് നടത്തിയത്. ഇതിനിടെ സ്‌കോര്‍ 67ല്‍ നില്‍ക്കെ എട്ടാം ഓവറിന്‍റെ മൂന്നാം പന്തില്‍ ഷാ തിരിച്ചുകയറി.
താരത്തെ കൃഷ്‌ണപ്പ ദൗതം ഡീകോക്കിന്‍റെ കൈയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ണര്‍ (12 പന്തില്‍ 4 റണ്‍സ്), റോവ്‌മാന്‍ പവല്‍ (10 പന്തില്‍ 3 റണ്‍സ്) എന്നിവരെ ലഖ്‌നൗ ബൗളര്‍മാര്‍ വേഗം തന്നെ തിരിച്ചുകയറ്റി. വാര്‍ണറെ ബദോനിയുടെ കൈയിലെത്തിച്ച രവി ബിഷ്‌ണോയ് പവലിനെ കുറ്റി പിഴുതാണ് തിരിച്ചയച്ചത്.
തുടര്‍ന്ന് ഒന്നിച്ച ക്യാപ്റ്റന്‍ റിഷഭ് പന്തും സര്‍ഫറാസ് ഖാനുമാണ് ഡല്‍ഹിയെ മുന്നോട്ട് നയിച്ചത്. പുറത്താകാതെ നിന്ന ഇരുവരും 75 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. റിഷഭ് പന്ത് 36 പന്തില്‍ 39 റണ്‍സും, സര്‍ഫറാസ് 28 പന്തില്‍ 36 റണ്‍സുമെടുത്തു.
ലഖ്‌നൗവിനായി രവി ബിഷ്‌ണോയ് നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. കൃഷ്‌ണപ്പ ഗൗതം 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.