കൊല്‍ക്കത്ത: ഐപിഎല്ലില്‍ മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോഡ് സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. ഐപിഎല്‍ ചരിത്രത്തില്‍ നാല് സീസണുകളില്‍ 600ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോഡാണ് രാഹുല്‍ സ്വന്തം പേരിലാക്കിയത്.
ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് രാഹുൽ ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ 58 പന്തില്‍ 79 റണ്‍സെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇതോടെ 15 മത്സരങ്ങളില്‍ നിന്നും 616 റണ്‍സാണ് സീസണില്‍ താരത്തിന്‍റെ സമ്പാദ്യം.
2021 (13 മത്സരങ്ങളില്‍ 626 ), 2020 (14 മത്സരങ്ങളില്‍ 670 ), 2018 (14 മത്സരങ്ങളില്‍ 659 )സീസണുകളിലാണ് നേരത്തെ താരം 600 റണ്‍സിന് മുകളില്‍ നേടിയത്. അതേസമയം മൂന്ന് സീസണുകളില്‍ 600 റണ്‍സിന് മുകളില്‍ നേടിയ വെസ്‌റ്റ്‌ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ല്‍, ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്.
2011 (12 മത്സരങ്ങളില്‍ 608), 2012 (15 മത്സരങ്ങളില്‍ 733), 2013 (16 മത്സരങ്ങളില്‍ 708) എന്നിങ്ങനെ തുടര്‍ച്ചയായ മൂന്ന് സീസണുകളിലാണ് ഗെയ്‌ല്‍ 600 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്‌തത്. 2016 (17 മത്സരങ്ങളില്‍ 848), 2017 (14 മത്സരങ്ങളില്‍ 641), 2019 (12 മത്സരങ്ങളില്‍ 692) സീസണുകളിലാണ് വാര്‍ണറുടെ നേട്ടം.
also read: IPL 2022: ആര്‍ക്കും വേണ്ടാത്ത പടിദാര്‍; പകരക്കാരനായെത്തി ബാംഗ്ലൂരിന്‍റെ 'പൊന്നായ' കഥ
അതേസമയം മത്സരത്തില്‍ 14 റണ്‍സിന് ലഖ്‌നൗ ബാംഗ്ലൂരിനോട് പരാജയപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 207 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ലഖ്‌നൗവിന്‍റെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സില്‍ അവസാനിച്ചു.