മുംബൈ : ഐപിഎല്‍ ചരിത്രത്തിൽ റിട്ടയേര്‍ഡ് ഔട്ട് ആകുന്ന ആദ്യ താരമായി മാറിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ആര്‍ അശ്വിൻ. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരായ മത്സരത്തിലാണ് താരം ബാറ്റിങ്ങില്‍ നിന്നും സ്വയം പിന്മാറിയത്. ഇപ്പോഴിതാ അശ്വിന്‍റെ തീരുമാനത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്രിക്കറ്റര്‍ ഡയറക്ടറും മുഖ്യ പരിശീലകനുമായ കുമാര്‍ സംഗക്കാര.
റിട്ടയേര്‍ഡ് ഔട്ടാവാനുള്ള തീരുമാനത്തിലൂടെ മത്സര സാഹചര്യം താരം നന്നായി കൈകാര്യം ചെയ്‌തുവെന്ന് സംഗക്കാര പറഞ്ഞു. 'അശ്വിന്‍ മൈതാനത്തുനിന്ന്, എന്താണ് ചെയ്യേണ്ടതെന്ന് ചോദിക്കുന്നുണ്ടായിരുന്നു. അതിനുമുമ്പ് എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
സമ്മര്‍ദ ഘട്ടത്തില്‍ ടീമിനെ പിന്തുണച്ച് ബാറ്റ് ചെയ്തതും സ്വയം റിട്ടയര്‍ ചെയ്ത് മടങ്ങിയതുമെല്ലാം മികച്ചതായിരുന്നു. ഇതിനെ പിന്തുണയ്‌ക്കുന്ന ഗംഭീരമായ ബൗളിങ് പ്രകടനവും അശ്വിന്‍ നടത്തി'- സംഗക്കാര പറഞ്ഞു.
also read: IPL 2022 | ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 150 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായി ചാഹല്‍
രാജസ്ഥാന്‍ ഇന്നിങ്‌സിലെ 19-ാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഡെത്ത് ഓവറുകളില്‍ ആഗ്രഹിച്ചതുപോലെ വേഗത്തിൽ സ്‌കോർ ചെയ്യാൻ സാധിക്കാതെ വന്നതോടെയാണ് അശ്വിൻ റിട്ടയേര്‍ഡ് ഔട്ട് ആവാന്‍ തീരുമാനമെടുത്തത്. 23 പന്തില്‍ 28 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. തുടര്‍ന്ന് നാല് ഓവറില്‍ 20 റണ്‍സ് മാത്രം വിട്ടുനല്‍കിയ താരം ബൗളിങ്ങിലും തിളങ്ങി.