പൂനെ : ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ യുവ പേസര്‍ ശിവം മാവി മറക്കാനഗ്രഹിക്കുന്ന ഒന്നാവുമെന്നുറപ്പാണ്. ആദ്യ മൂന്നോവറിലും നന്നായി പന്തെറിഞ്ഞ മാവി അവസാന ഓവറില്‍ വഴങ്ങിയത് 30 റണ്‍സാണ്. 23കാരനായ മാവിയെറിഞ്ഞ 19ാം ഓവറിലാണ് ലഖ്‌നൗ ബാറ്റര്‍മാര്‍ കത്തിക്കയറിയത്.
മത്സരത്തിന്‍റെ ഗതി മാറ്റിയ ഓവര്‍ കൂടിയായിരുന്നുവിത്. ആദ്യ മൂന്ന് പന്ത് മാര്‍കസ് സ്റ്റോയിനിസ് സിക്‌സ് നേടുകയായിരുന്നു. എന്നാല്‍ നാലാം പന്തില്‍ താരം പുറത്തായി. തുടര്‍ന്നെത്തിയ ജേസണ്‍ ഹോള്‍ഡര്‍ അവസാന രണ്ട് പന്തിലും സിക്‌സ് നേടി. ഇതടക്കം തന്‍റെ നാല് ഓവര്‍ ക്വാട്ടയില്‍ ഒരു വിക്കറ്റിന് 50 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ അഞ്ച് സിക്‌സ് വഴങ്ങുന്ന നാലാമത്തെ ബൗളറെന്ന മോശം റെക്കോര്‍ഡും മാവിയുടെ പേരിലായി. 2012ല്‍ രാഹുല്‍ ശര്‍മയാണ് ഐപിഎല്ലില്‍ ആദ്യമായി ഒരു ഓവറില്‍ അഞ്ച് സിക്‌സ് വഴങ്ങിയത്. പൂനെ വാരിയേഴ്‌സ് താരമായിരുന്ന രാഹുലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായിരുന്ന ക്രിസ് ഗെയ്‌ലാണ് അഞ്ച് തവണ അതിര്‍ത്തി കടത്തിയത്.
തുടര്‍ന്ന് 2020 സീസണില്‍ പഞ്ചാബ് കിങ്സ് പേസര്‍ ഷെല്‍ഡണ്‍ കോട്രലും, അവസാന സീസണില്‍ ബാംഗ്ലൂര്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലും ഈ നാണക്കേടിന് ഇരയായി. കഴിഞ്ഞ സീസണില്‍ ശിവം മാവിയുടെ ഒരോവറിലെ ആറ് പന്തും ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ പൃഥ്വി ഷാ ബൗണ്ടറി കടത്തിയിരുന്നു.
അതേസമയം മത്സരത്തില്‍ കൊല്‍ക്കത്ത 75 റണ്‍സിന് തോല്‍ക്കുകയും ചെയ്‌തു. ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ കൊല്‍ക്കത്ത 14.3 ഓവറില്‍ 101 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.