മുംബൈ: ഐപിഎല്ലില്‍ നിര്‍ണായ നേട്ടവുമായി മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്‌പ്രീത് ബുംറ. ലീഗ് ചരിത്രത്തിൽ തുടർച്ചയായ ഏഴ് സീസണുകളില്‍ 15 ല്‍ അധികം വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറെന്ന നേട്ടമാണ് ബുംറ സ്വന്തമാക്കിയത്. സീസണിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയാണ് മുംബൈ താരം 15 വിക്കറ്റുകള്‍ തികച്ചത്.
ഡല്‍ഹിക്കെതിരെ നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറയുടെ മൂന്ന് വിക്കറ്റ് നേട്ടം. പൃഥ്വി ഷാ, മിച്ചല്‍ മാര്‍ഷ്, റോവ്‌മാന്‍ പവല്‍ എന്നിവരെയാണ് താരം തിരിച്ചയച്ചത്. ഐപിഎൽ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ബൗളറാണ് ബുംറ.
മുംബൈ ഇന്ത്യന്‍സിന്‍റെ മുന്‍ താരം ലസിത് മലിംഗയാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ താരം. അതേസമയം മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഡല്‍ഹി മുംബൈയോട് തോറ്റിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സാണ് നേടിയത്.
also read:IPL 2022: ഐപിഎല്ലില്‍ ഇനി പ്ലേ ഓഫ് ആവേശം
മറുപടിക്കിറങ്ങിയ മുംബൈ 19.1 ഓവറില്‍ 160 റണ്‍സെടുത്ത് ലക്ഷ്യം മറികടക്കുകയായിരുന്നു. 35 പന്തില്‍ നിന്ന് നാലു സിക്‌സും മൂന്ന് ഫോറുമടക്കം 48 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. അഞ്ചാമനായി ക്രീസിലെത്തി 11 പന്തില്‍ നിന്ന് നാലു സിക്‌സും രണ്ട് ഫോറുമടക്കം 34 റണ്‍സെടുത്ത ടിം ഡേവിഡാണ് ഒരു ഘട്ടത്തില്‍ കൈവിട്ടെന്നു കരുതിയ മത്സരം മുംബൈക്ക് അനുകൂലമാക്കിയത്.