കൊല്‍ക്കത്ത: ഐപിഎല്‍ എലിമിനേറ്ററിലെ തോല്‍വിക്ക് പിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് നായകന്‍ കെഎല്‍ രാഹുലിന് വിമര്‍ശനം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 14 റണ്‍സിനാണ് ലഖ്‌നൗ തോല്‍വി വഴങ്ങിയത്. 58 പന്തില്‍ അഞ്ച് സിക്‌സും മൂന്ന് ഫോറുമടക്കം 79 റണ്‍സെടുത്ത രാഹുലായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. എന്നാല്‍ ബാംഗ്ലൂര്‍ ഉയര്‍ത്തിയ 208 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടരുമ്പോഴുള്ള രാഹുലിന്‍റെ ബാറ്റിങ് സമീപനത്തിന് എതിരായാണ് വിമര്‍ശനം ഉയരുന്നത്. മധ്യ ഓവറുകളിലെ രാഹുലിന്‍റെ മെല്ലപ്പോക്ക് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.
കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന് തുടക്കത്തില്‍ തന്നെ ഓപ്പണർ ക്വിന്‍റൺ ഡികോക്കിനെ നഷ്‌ടമായിരുന്നു. എന്നാല്‍ പവര്‍പ്ലേയില്‍ 62 റണ്‍സ് കണ്ടെത്താന്‍ ലഖ്‌നൗവിന് കഴിഞ്ഞു. 17 പന്തില്‍ നിന്ന് 26 റണ്‍സായിരുന്നു പവര്‍പ്ലേയില്‍ രാഹുല്‍ നേടിയത്. എന്നാല്‍ തുടര്‍ന്നുള്ള ഏഴ് ഓവറുകളില്‍ ഒരു ബൗണ്ടറി മാത്രമാണ് രാഹുല്‍ നേടിയത്.
ഇതോടെ 7 മുതല്‍ 13 വരെയുള്ള ഓവറുകളില്‍ 49 റണ്‍സ് മാത്രമാണ് ലഖ്‌നൗവിന് സ്‌കോര്‍ ചെയ്യാനായത്. 15ാം ഓവറില്‍ ദീപക് ഹൂഡയും (26 പന്തില്‍ 45), വൈകാതെ തന്നെ മാര്‍ക്കസ് സ്‌റ്റോയ്‌നിസും (9) മടങ്ങി. ഇതോടെ സ്‌കോറിങ്ങിന്‍റെ വേഗം കൂട്ടാനുള്ള ഉത്തരവാദിത്തം രാഹുലിന് വന്നെങ്കിലും 19ാം ഓവറില്‍ താരം തിരിച്ച് കയറി.
സ്‌കോറിങ്ങിന് വേഗം കൂട്ടാന്‍ നേരത്തെ തന്നെ ലഖ്‌നൗ ശ്രമിക്കണമായിരുന്നുവെന്ന് രവി ശാസ്‌ത്രി പറഞ്ഞു. ലഖ്‌നൗ ഒരുപാട് വൈകിപ്പോയി. 9-14 ഓവറിന് ഇടയില്‍ ഒരാള്‍ സ്‌കോറിങ്ങിന്‍റെ വേഗം കൂട്ടണമായിരുന്നു. ഹൂഡ ആക്രമിച്ച് കളിക്കുമ്പോള്‍, അവിടെ രാഹുല്‍ കൂടുതല്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കേണ്ടിയിരുന്നു.
ഹര്‍ഷല്‍ അവസാന ഓവറുകളിലെ വരികയുള്ളു എന്നതിനാല്‍ 9-13 ഓവറില്‍ ഒരു ബൗളറെ ടാര്‍ഗറ്റ് ചെയ്ത് കളിക്കുകയായിരുന്നു വേണ്ടിയിരുന്നത്. ആവശ്യമായ റണ്‍ നിരക്ക് കുറവായിരുന്നെങ്കില്‍ ബാംഗ്ലൂര്‍ ഒരല്‍പ്പം സമ്മര്‍ദത്തിലാകുമായിരുന്നുവെന്നും ശാസ്‌ത്രി വ്യക്തമാക്കി.
also read: IPL 2022: ഐപിഎല്ലിലെ ഈ നേട്ടം രാഹുലിന് സ്വന്തം; മറ്റാര്‍ക്കും തകര്‍ക്കാനാവാത്ത ഒരു അപൂര്‍വ റെക്കോഡ്