മുംബൈ : ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് എട്ട് വിക്കറ്റിന്‍റെ മിന്നും ജയം. ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 160 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ ഡല്‍ഹി 18.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 161 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു.
സീസണില്‍ ഡല്‍ഹിയുടെ ആറാം ജയമാണിത്. വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാന്‍ ഡല്‍ഹിക്കായപ്പോള്‍, ഏഴ് വിജയങ്ങളുള്ള രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം. അര്‍ധ സെഞ്ചുറി നേടിയ മിച്ചൽ മാർഷും ഡേവിഡ് വാർണറുമാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്.
62 പന്തില്‍ 89 റൺസെടുത്ത് മാർഷ് പുറത്തായി. 41 പന്തില്‍ 52 റൺസെടുത്ത വാർണർ പുറത്താകാതെ നിന്നു. ക്യാപ്റ്റൻ റിഷഭ് പന്ത് 4 പന്തില്‍ 13* റണ്‍സെടുത്തു. ശ്രീകര്‍ ഭരത്താണ് പുറത്തായ മറ്റൊരു താരം.
രാജസ്ഥാനായി ട്രന്‍റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ രാജസ്ഥാനെ ആര്‍ അശ്വിനും(38 പന്തില്‍ 50), ദേവ്‌ദത്ത് പടിക്കലുമാണ് (30 പന്തില്‍ 48) പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
യശസ്വി ജയ്സ്വാൾ (19 പന്തിൽ 19), ജോസ് ബട്‍ലര്‍ (11 പന്തിൽ ഏഴ്), ക്യാപ്റ്റൻ സഞ്ജു സാംസണ്‍ (നാല് പന്തിൽ ആറ്), റിയാന്‍ പരാഗ് (അഞ്ച് പന്തില്‍ ഒമ്പത്) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
റാസി വാൻഡർ ദസൻ (10 പന്തിൽ 12), ട്രെന്‍റ് ബോൾട്ട് (മൂന്ന് പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു. ഡൽഹിക്കുവേണ്ടി ചേതൻ സക്കറിയ, ആൻറിച് നോര്‍ക്യ, മിച്ചൽ മാർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.