മുംബൈ: പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ആരാധന പല തവണയായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി വെളിപ്പെടുത്തിയിട്ടുണ്ട്. റൊണാൾഡോയുടെ പ്രവർത്തന നൈതികതയുടെയും ഫിറ്റ്‌നസുമാണ് തന്നെ ഏറെ സ്വാധീനിച്ചതെന്നാണ് കോലി വെളിപ്പെടുത്തിയിരുന്നത്. ഇപ്പോഴിതാ ഒരു ദിനം ക്രിസ്റ്റ്യാനോ ആയി ഉണര്‍ന്നാല്‍ തലച്ചോർ സ്‌കാന്‍ ചെയ്യുമെന്നാണ് കോലി പറയുന്നത്.
താരത്തിന്‍റെ മാനസിക ശക്തിയുടെ ഉറവിടം കണ്ടെത്താനാണ് ഇത്തരത്തില്‍ ചെയ്യുകയെന്നാണ് കോലി പറഞ്ഞത്. ഐപിഎല്‍ ടീം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായുള്ള ഫോട്ടോ ഷൂട്ടിനിടെ ഇഷ്‌ട അത്‌ലറ്റ് ആരാണെന്നും, ഒരു ദിനം അയാളെപ്പോലെ ഉണര്‍ന്നാല്‍ എന്താണ് ചെയ്യുകയെന്നുമുള്ള ചോദ്യത്തോടാണ് കോലിയുടെ പ്രതികരണം.
"ഞാൻ എന്‍റെ തലച്ചോറിന്‍റെ ഒരു സ്കാൻ നടത്തി (ഞാൻ റൊണാൾഡോ ആയിട്ടാണ് ഉണർന്നതെങ്കിൽ) ആ മാനസിക ശക്തി എവിടെ നിന്നാണ് വരുന്നതെന്ന് നോക്കും." കോലി പറഞ്ഞു.
also read: നടരാജന്‍ ഡെത്ത് ഓവര്‍ സ്പെഷ്യലിസ്റ്റ്; ടി20 ലോകകപ്പിൽ താരത്തെ നഷ്‌ടമായെന്നും രവി ശാസ്ത്രി
അതേസമയം ഐപിഎല്ലിൽ ഇന്ന് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. സ്ഥാനമൊഴിഞ്ഞ കോലിക്ക് പകരം ചുമതലയേറ്റ ഫാഫ് ഡുപ്ലെസിസിന് കീഴില്‍ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയുമാണ് ടീമിന്‍റെ സമ്പാദ്യം. അതേസമയം സഞ്ജുവിന്‍റെ കീഴിൽ ഇറങ്ങുന്ന രാജസ്ഥാൻ റോയൽസ് തുടർച്ചയായ മൂന്നാം ജയമാണ് ലക്ഷ്യമിടുന്നത്.