മുംബൈ : ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് 216 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 215 റണ്‍സെടുത്തത്.
അര്‍ധ സെഞ്ചുറി നേടിയ ശിവം ദുബെയും റോബിന്‍ ഉത്തപ്പയുമാണ് ചെന്നൈയുടെ ഇന്നിങ്സിന്‍റെ നെടുന്തൂണായത്. 46 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും പറത്തി 95 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ദുബെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഉത്തപ്പ 50 പന്തില്‍ നാല് ഫോറും ഒമ്പത് സിക്‌സും സഹിതം 88 റണ്‍സെടുത്തു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈക്ക് 6.4 ഓവറില്‍ 36 റണ്‍സ് ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഋതുരാജ് ഗെയ്‌ഗ്‌വാദ് (16 പന്തില്‍ 17), മൊയിന്‍ അലി എന്നിവരാണ് (8 പന്തില്‍ 3) വേഗം തിരിച്ച് കയറിയത്. ഋതുരാജിനെ ഹെയ്‌സല്‍ വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ അലിയെ സയാഷ് റണ്ണൗട്ടാക്കി.
തുടര്‍ന്ന് ഒന്നിച്ച ദുബെ-ഉത്തപ്പ സഖ്യം 165 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഉത്തപ്പയെ കോലിയുടെ കൈകളിലെത്തിച്ച് ഹസരങ്കയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ രവീന്ദ്ര ജഡേജ നേരിട്ട ആദ്യ പന്തില്‍ തന്നെ തിരിച്ച് കയറി. ഹസരങ്കയ്‌ക്കാണ് വിക്കറ്റ്.
തുടര്‍ന്നെത്തിയ ധോണിയെ ഒരറ്റത്ത് നിര്‍ത്തി ദുബെ അടിച്ച് കളിച്ചെങ്കിലും അര്‍ഹിച്ച സെഞ്ചുറി എത്തിപ്പിടിക്കാനായില്ല. ബാംഗ്ലൂരിനായി ഹസരങ്ക രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റ് സ്വന്തമാക്കി.