മുംബൈ : ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് 181 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്‌ടത്തിലാണ് 180 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ലിയാം ലിവിംഗ്സ്റ്റണിന്‍റെ ഇന്നിങ്സാണ് പഞ്ചാബിന് കരുത്തായത്. 32 പന്തില്‍ അഞ്ച് വീതം സിക്‌സും ഫോറും പറത്തിയ ലിവിംഗ്സ്റ്റണ്‍ 60 റണ്‍സെടുത്തു.
മത്സരത്തിലെ രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളിനെ നഷ്‌ടമായ പഞ്ചാബിന് ആശിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ട് പന്തില്‍ നാല് റണ്‍സെടുത്ത മായങ്ക് മുകേഷ് ചൗധരിയുടെ പന്തില്‍ റോബിന്‍ ഉത്തപ്പയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു തിരിച്ച് കയറിയത്. രണ്ടാം ഓവറിന്‍റെ രണ്ടാം പന്തില്‍ ഭാനുക രജപക്‌സ (5 പന്തില്‍ 9 ) റണ്ണൗട്ടായായതും പഞ്ചാബിനെ പരുങ്ങലിലാക്കി.
തുടര്‍ന്നെത്തിയ ലിവിംഗ്സ്റ്റണ്‍ ധവാനൊപ്പം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് പഞ്ചാബിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ടീം ടോട്ടല്‍ 109ല്‍ നില്‍ക്കെ 10ാം ഓവറിന്‍റെ അവസാന പന്തില്‍ ധവാനെ പുറത്താക്കിയാണ് ചെന്നൈക്ക് ഈ കൂട്ടുകെട്ട് പൊളിക്കാനായത്. 24 പന്തില്‍ 33 റണ്‍സെടുത്ത ധവാനെ ബ്രാവോയുടെ പന്തില്‍ ജഡേജ പിടികൂടുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 95 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
തൊട്ടടുത്ത ഓവറില്‍ ജഡേജയുടെ പന്തില്‍ അമ്പാട്ടി റായിഡു പിടിച്ച് ലിവിംഗ്സ്റ്റണും മടങ്ങിയതോടെ പഞ്ചാബ് വീണ്ടും അപകടം മണത്തു. തുടര്‍ന്നെത്തിയ അരങ്ങേറ്റക്കാരന്‍ ജിതേഷ് ശര്‍മ നന്നായി തുടങ്ങിയെങ്കിലും ഡ്വെയ്ന്‍ പ്രിട്ടോറ്യൂസിന്‍റെ പന്തില്‍ ഉത്തപ്പ പിടികൂടി തിരിച്ചയച്ചു. 17 പന്തില്‍ മൂന്ന് സിക്‌സുകള്‍ സഹിതം 26 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
തുടര്‍ന്നെത്തിയ ഷാരൂഖ് ഖാന്‍ (11 പന്തില്‍ 6) , ഒഡെയ്ന്‍ സ്മിത്ത് (7 പന്തില്‍ 3) എന്നിവര്‍ നിരാശപ്പെടുത്തിയതോടെ ടീമിന്‍റെ സ്‌കോറിങ്ങ് വേഗത കുറഞ്ഞു. തുടര്‍ന്ന് റബാഡയെ കൂട്ടുപിടിച്ച് സ്‌കോര്‍ ഉയര്‍ത്താന്‍ രാഹുല്‍ ചഹാര്‍ ശ്രമം നടത്തിയെങ്കിലും പ്രിട്ടോറ്യൂസിന് മുന്നില്‍ താരം വീണു. 8 പന്തില്‍ ഒരോ സിക്‌സും ഫോറും പറത്തി 12 റണ്‍സെടുത്ത ചഹാര്‍ ബ്രാവോയ്‌ക്ക് പിടികൊടുക്കുകയായിരുന്നു. റബാഡയും (12 പന്തില്‍ 12), വൈഭവ് അറോറയും (2 പന്തില്‍ 1) പുറത്താവാതെ നിന്നു.
also read: ഖത്തര്‍ ലോകകപ്പ് : സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ, കണ്ണ് തള്ളി ആരാധകര്‍
ചെന്നൈക്കായി ക്രിസ് ജോര്‍ദാന്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഡ്വെയ്ന്‍ പ്രിട്ടോറ്യൂസ് നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മുകേഷ് ചൗധരി, ബ്രാവോ, ജഡേജ എന്നിവരും ഓരോ വിക്കറ്റ് നേടി.