പൂനെ : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിങ്സും പോരടിക്കും. മഹാരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.
രവീന്ദ്ര ജഡേജയുടെ ചെന്നൈയും ഹർദിക് പാണ്ഡ്യയുടെ ഗുജറാത്തും നേര്‍ക്കുനേര്‍വരുന്ന ആദ്യ മത്സരമാണിത്. സീസണിലെ തങ്ങളുടെ ആറാം മത്സരത്തിനാണ് ഇരു സംഘവും ഇറങ്ങുന്നത്. അഞ്ചില്‍ നാലും ജയിച്ച ഹര്‍ദിക്കും സംഘവും എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
മറുവശത്ത് ആദ്യ നാല് കളിയിലും തോല്‍വി വഴങ്ങിയ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ വിജയവഴിയിൽ തിരിച്ചെത്തിയ ആത്മവിശ്വാസത്തിലാണ്. നിലവിലെ പോയിന്‍റ് പട്ടികയില്‍ ഗുജറാത്ത് തലപ്പത്തുള്ളപ്പോള്‍ ഒമ്പതാം സ്ഥാനക്കാരാണ് ചെന്നൈ.
ഡേവിഡ് മില്ലർ, ശുഭ്മാൻ ഗിൽ, മാത്യു വെയ്‌ഡ്, രാഹുല്‍ തിവാട്ടിയ എന്നിവരുണ്ടെങ്കിലും ക്യാപ്റ്റന്‍ ഹർദിക് പാണ്ഡ്യയുടെ പ്രകടനത്തെയാണ് ടീം അമിതമായി ആശ്രയിക്കുന്നത്. ബൗളിങ് യൂണിറ്റില്‍ ലോക്കി ഫെർഗൂസൻ, റാഷിദ് ഖാൻ, മുഹമ്മദ് ഷമി എന്നിവരാണ് ടീമിന്‍റെ തുറുപ്പുചീട്ട്.
also read: സന്തോഷ് ട്രോഫി: അഞ്ചടിച്ച് കേരളം, ക്യാപ്റ്റന്‍ ജിജോ ജോസഫിന് ഹാട്രിക്
മറുവശത്ത് റോബിൻ ഉത്തപ്പയുടേയും ശിവം ദുബെയുടേയും പ്രകടനത്തിന്‍റെ മികവിലാണ് ചെന്നൈ വിജയ വഴിയില്‍ തിരിച്ചെത്തിയത്. ഓപ്പണര്‍ ഋതുരാജ് ഗെയ്‌ക്‌വാദ് ഫോമിലേക്കുയരാത്തത് ടീമിന് ആശങ്കയാണ്. മൊയിൻ അലി, അമ്പാട്ടി റായുഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡ്വെയ്‌ന്‍ ബ്രാവോ എന്നിവര്‍ തിളങ്ങിയാല്‍ ചെന്നൈയെ പിടിച്ച് കെട്ടുക എളുപ്പമാവില്ല. അതേസമയം ഫോമിലേക്കുയരാത്ത ബൗളിങ് നിര ടീമിന്‍റെ ദൗർബല്യമാണ്.