ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇന്ന് ജീവന്‍ മരണ പോരാട്ടം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് എതിരാളികള്‍. ഇന്ന് ജയിച്ചാല്‍ മാത്രമെ ഹൈദരാബാദിന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ നിലനില്‍ക്കൂ.
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരെ ആധികാരിക ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഡേവിഡ് വാര്‍ണറും കൂട്ടരും ബാംഗ്ലൂരിനെ നേരിടാന്‍ എത്തുന്നത്. ഓപ്പണറെന്ന നിലയില്‍ വൃദ്ധിമാന്‍ സാഹക്ക് തിളങ്ങാന്‍ സാധിച്ചത് ഹൈദരാബാദിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്. എതിരാളികളെ കറക്കിയിടാന്‍ റാഷിദ് ഖാനും പേസ് ആക്രമണത്തിലൂടെ വിക്കറ്റ് കൊയ്യാന്‍ നടരാജനും സാധിക്കുന്നത് ഹൈദരാബാദിന്‍റെ വിജയ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. സന്ദീപ് ശര്‍മയും ഓള്‍റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറും കൂടി ചേരുന്നതോടെ ഹൈദരാബാദിന്‍റെ ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റ് സുസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മറുഭാഗത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇറങ്ങുന്നത്. ഓപ്പണര്‍മാര്‍ ഒഴികെയുള്ള ബാറ്റ്സ്‌മാന്‍മാര്‍ ഫോമിലേക്ക് ഉയരാത്തതാണ് ബാംഗ്ലൂര്‍ നേരിടുന്ന വെല്ലുവിളി. മുംബൈ ഇന്ത്യന്‍സിന് എതിരായ കഴിഞ്ഞ മത്സരത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള ബാറ്റ്സ്‌മാന്‍മാര്‍ തിളങ്ങാത്തതാണ് ബാംഗ്ലൂരിന് വിനയായത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സെന്ന വിജയ ലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ മറികടക്കാന്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് സാധിച്ചിരുന്നു. ഡേയില്‍ സ്റ്റെയിന്‍ ഉള്‍പ്പെടെയുള്ള ബൗളേഴ്‌സിന് വിക്കറ്റ് വീഴ്‌ത്താന്‍ സാധിക്കാതെ പോയതും റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാത്തതും ബാംഗ്ലൂരിന് തിരിച്ചടിയായി.
സീസണില്‍ ഇതിന് മുമ്പ് ബാംഗ്ലൂരും ഹൈദരാബാദും ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനായിരുന്നു ജയം. കോലിയും കൂട്ടരും ഉയര്‍ത്തിയ 163 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സെടുത്ത് പുറത്തായി. 2016ന് ശേഷം ആദ്യമായി പ്ലേ ഓഫില്‍ എത്താനാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. അതേസമയം 2016ന് ശേഷം ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്താകുന്നത് ഒഴിവാക്കാനാണ് ഹൈദരാബാദ് ഇത്തവണ മത്സരിക്കുന്നത്.