അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വീണ്ടും ജയം. ചെന്നൈ സുപ്പര്‍ കിംഗ്സിനെ പത്ത് റണ്‍സിന് പരാജയപ്പെടുത്തി. കഴിഞ്ഞ കളിയില്‍ നേടിയ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഗ്രൗണ്ടിലിറങ്ങിയ ധോണിക്കും കൂട്ടര്‍ക്കും ഇത്തവണ പക്ഷെ കൊല്‍ക്കത്തക്ക് മുന്നില്‍ കാലിടറി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ 167 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍െസടുക്കാനെ കഴിഞ്ഞുള്ളു.
സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസലും ചേര്‍ന്ന് കനപ്പിച്ച കൊല്‍ക്കത്തയുടെ ബൗളിങ്ങ് നിരക്ക് മുന്നില്‍ ചെന്നൈ മുട്ട് മടക്കുകയായിരുന്നു. ഷെയിന്‍ വാട്സണും ഫാഫ് ഡൂപ്ലിയും ചേര്‍ന്ന് നല്‍കിയ മികച്ച ഓപ്പണിങ്ങ് ചെന്നൈക്ക് ആത്മവിശ്വാസം നല്‍കിയിരുന്നു. ഇരുവരും പുറത്തായെങ്കിലും പിന്നാടെത്തിയ സാം കാറനും എം.എസ് ധോണിയും അടങ്ങുന്ന ബാറ്റിംഗ് നിര ചെന്നൈക്ക് വിജയിക്കാനുള്ള എല്ലാ വഴിയും ഒരുക്കി. ഇരുവരും ഔട്ടാകുമ്പോള്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 44 റണ്‍സ് മാത്രം.
ഏഴ് വിക്കറ്റുകളും അവശേഷിക്കുന്നുണ്ടായിരുന്നു. വിജയമുറപ്പിച്ച ചെന്നൈ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു പിന്നീട് കൊല്‍ക്കത്തയുടെ ബൗളര്‍മാരുടെ പ്രകടനം. സുനില്‍ നരെയ്നും വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രെ റസലും എറിഞ്ഞ അവാനത്തെ നാല് ഓവറില്‍ 34 റണ്‍സ് മാത്രമാണ് ചെന്നൈക്ക് എടുക്കാനായത്. അതേസമയം 18 പന്തില്‍ 21 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈയുടെ തോല്‍വിയുടെ ഭാരം കുറച്ചത്. ഇതോടെ അഞ്ച് കളികളില്‍ നിന്നായി ആറ് പോയിന്‍റുമായി കൊല്‍ക്കത്ത മൂന്നാം സ്ഥാനത്താണ്. ചെന്നൈ അഞ്ചാം സ്ഥാനത്താണുള്ളത്.