ദുബായ്: ഐപിഎല്‍ 14ാം സീസണില്‍ ഒമ്പതാമതൊരു ടീം കൂടി മാറ്റുരച്ചേക്കും. സംഘാടകരായ ബിസിസിഐയാണ് നിര്‍ണായക തീരുമാനത്തിന് പിന്നില്‍. ഐപിഎല്‍ ആരാധകരെ ആവേശം കൊള്ളിക്കുന്ന റിപ്പോര്‍ട്ടാണ് ദുബായില്‍ നടന്ന 13ാം സീസണിന്‍റെ അവസാനത്തോടെ പുറത്ത് വന്നത്. സീസണ് മുന്നോടിയായി ഒരു മെഗാ താരലേലത്തിന് കൂടി അടുത്ത വര്‍ഷം ആദ്യം നാം സാക്ഷിയാകേണ്ടിവരും.
കൊവിഡ് 19ന് ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനം. അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോപ്പറേറ്റ് കമ്പിനിയാണ് ഫ്രാഞ്ചൈസി സ്വന്തമാക്കുകയെന്നും സൂചനയുണ്ട്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് കീഴില്‍ മൊട്ടേരയില്‍ ലോകോത്തര ക്രിക്കറ്റ് സ്റ്റേഡിയമുള്ളത് ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്‌തേക്കും. അതേസമയം ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ എന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.
കൊവിഡ് 19നെ തുടര്‍ന്ന് ഈ സീസണില്‍ ഐപിഎല്‍ യുഎഇലേക്ക് മാറ്റുകയായിരുന്നു. ബയോ സെക്വയര്‍ ബബിളിനുള്ളില്‍ അബുദാബിയിലും ദുബായിലും ഷാര്‍ജയിലുമായി മൂന്ന് സ്റ്റേഡിയങ്ങളിലായാണ് 13ാം സീസണിലെ മത്സരങ്ങള്‍ നടന്നത്. കൊവിഡിനെ അതിജീവിച്ചും ടൂര്‍ണമെന്‍റ് വിജയകരമായി 13ാം സീസണ്‍ നടത്താന്‍ സാധിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിസിസിഐ. ഒരു ഘട്ടത്തില്‍ ലോകകപ്പ് ഉപേക്ഷിച്ചത് പോലെ ഐപിഎല്ലും ഉപേക്ഷിക്കേണ്ടിവരുമോ എന്ന ആശങ്ക പോലും ഉയര്‍ന്നിരുന്നു.